- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിൽ ശൈലജ ടീച്ചർ നിരാശയിൽ
കണ്ണൂർ: പാനൂർ ബോംബ് നിർമ്മാണ സ്‌ഫോടന കേസിൽ അന്വേഷണം തുടരാൻ പൊലീസിന് ഉന്നത തല നിർദ്ദേശം. ബോംബ് നിർമ്മിക്കാനവശ്യമായ വസ്തുക്കൾ വാങ്ങിയത് സംബന്ധിച്ച വിവരങ്ങളിലേക്ക് അന്വേഷണം നീളുന്നത് ഇതുകൊണ്ടാണ്. അതിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ അന്വേഷണം നീളുന്നതിൽ സിപിഎം കടുത്ത അതൃപ്തിയിലാണ്.
ഡി വൈ എഫ് ഐ ഭാരവാഹിയായ ഷിജാലും ഷിബിൻ ലാലുമാണ് ബോംബ് നിർമ്മാണ വസ്തുക്കൾ വാങ്ങിയതെന്ന തരത്തിൽ മാധ്യമങ്ങളിലെത്തുന്ന വാർത്തകൾ സിപിഎം പ്രതിരോധം തർക്കുന്നതാണ്. കല്ലിക്കണ്ടിയിൽ നിന്നാണ് ബോംബിനുള്ള സ്റ്റീൽ പാത്രങ്ങൾ വാങ്ങിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. സ്‌ഫോടക വസ്തുക്കൾ എവിടെ നിന്നെത്തിച്ചുവെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫലത്തിൽ ഗൂഢാലോചനയിലേക്ക് അന്വേഷണം എത്തുകയാണ്. എന്നാൽ ഉന്നത നേതൃത്വത്തിൽ ആരും കേസിൽ പ്രതിയാകില്ല. ഈ തിരഞ്ഞെടുപ്പു കാലത്ത് ഇതിന്റെ അലയോലികൾ വടകരയിൽ ഉയരുമെന്ന് ഉറപ്പാണ്.
ഇന്നലെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ ലക്ഷ്യമിട്ടാണ് പ്രതികൾ ബോംബ് നിർമ്മിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്ട്രീയ സംഘർഷത്തിന് സാധ്യതയുണ്ട്. മുഴുവൻ പ്രതികളുടെയും അറിവോട് കൂടിയായിരുന്നു ബോംബ് നിർമ്മാണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിർമ്മാണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
എന്നാൽ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കൾ എങ്ങനെ ഈ സംഘത്തിൽ ഉൾപ്പെട്ടെന്നതിന് പാർട്ടി ഉത്തരം നൽകേണ്ട അവസ്ഥയിലാണ്. സംഭവം വിവാദമായി ആളിക്കത്തുന്നതിനിടയിൽ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാൻ ഡിവൈഎഫ്‌ഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഈ വിവാദം വടകരയിലെ സിപിഎം സ്ഥാനാർത്ഥി ശൈലജ ടീച്ചറേയും പ്രതിസന്ധിയിലാക്കിയിരുന്നു.
സിപിഎമ്മിനെ സംരക്ഷിക്കാനായി കാപ്‌സ്യൂളുമായി മുഖ്യമന്ത്രിയും കണ്ണൂർ ലോക്‌സഭ സ്ഥാനാർത്ഥി കെ.കെ ശൈലജയും രംഗത്തെത്തിയിരുന്നു. എന്നാൽ ഇവയെല്ലാം പ്രതിരോധത്തിലാക്കും വിധത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഓരോ ദിവസം പുറത്തുവരുന്ന വിവരങ്ങൾ സിപിഎമ്മിനെ ആശങ്കയിലാക്കുന്നുണ്ട്. എന്നാൽ പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത് കേൾക്കാതെ മുന്നോട്ട് പോവുകായണ് പൊലീസ്.
പാനൂരിൽ എട്ടുബോംബുകൾ നിർമ്മിച്ചതായിട്ടാണ് വിവരം. അതേസമയം ഭാരവാഹികൾ കുറ്റം തെളിഞ്ഞതായി കണ്ടെത്തിയാൽ ഇവർക്കെതിരേ കർശന നടപടി എടുക്കുമെന്നാണ് ഡിവൈഎഫ്ഐ യുടെ നിലപാട്. നേരത്തേ പൊലീസ് കേസ് ഒതുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി നേരത്തേ യുഡിഎഫ് രംഗത്ത് വന്നിരുന്നു. പാർട്ടിപ്രവർത്തകർക്കോ ഡിവൈഎഫ്ഐ പ്രവർത്തകർക്കോ ബോംബ് സ്ഫോടനവുമായി ബന്ധമില്ലെന്ന് നേരത്തേ സിപിഎം നടത്തിയ ന്യായീകരണത്തെ ഖണ്ഡിക്കുന്നതായിരുന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇത് പ്രതിപക്ഷ പാർട്ടികൾ ശക്തമായ ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു.
പ്രതികളെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുത്താൻ സഹായിച്ചവർ, ബോംബ് നിർമ്മാണ സാമഗ്രികൾ എത്തിച്ചു നൽകിയവർ, സ്റ്റീൽ ബോംബ് നിർമ്മാണത്തിന് പരിശീലനം നൽകിയവർ എന്നിവരെയൊക്കെ പുറത്തുകൊണ്ടുവരാൻ ഇനിയും അന്വേഷണം വേണമെന്നാണ് റിമാന്റ് റിപ്പോർട്ട്. അതുകൊണ്ടു തന്നെ കേസ് എൻഐഎ യ്ക്ക് കൈമാറണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
നിലവിൽ കേസിൽ പ്രതി ചേർത്ത മുഴുവൻ പേർക്കും ബോംബ് നിർമ്മാണവുമായി ബന്ധമുണ്ടെന്നും സ്‌ഫോടനം നടന്നിടത്ത് മണലിട്ട് തെളിവ് നശിപ്പിക്കാൻ ഡിവൈഎഫ്ഐ ഭാരവാഹികളടക്കം ശ്രമിച്ചുവെന്നും ബാക്കി വന്ന ബോംബ് ഒളിപ്പിച്ചുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.