ബംഗളൂരു: വീരപ്പന്റെയും എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെയും ചിത്രം."വനങ്ങളെ പാതുക്കാത്ത വനക്കാവലൻ സന്ദന വീരപ്പൻ അവർകളുട മകളായ വിദ്യാറാണി വീരപ്പൻ അവർകൾക്ക് നാം തമിഴർ കക്ഷി മൈക്ക് ചിഹ്നത്തിൽ വോട്ട് പോടുങ്കൽ..."-ഇങ്ങനെ അനൗൺസ്‌മെന്റ്. കൃഷ്ണഗരിയിൽ കുശലാന്വേഷണങ്ങൾക്കുശേഷം വോട്ടിങ് മെഷീനിൽ പത്താമത്തെ ചിഹ്നമാണ് മൈക്ക്. വീരപ്പന്റെ മകൾ വോട്ട് ചോദിക്കുകയാണ്.

'നമ്മുടെ അരുമ വേപ്പാളർ, വനം കാവലർ വീരപ്പൻ അയ്യായുടെ മകൾ വിദ്യാറാണി വീരപ്പൻ ........'. വീരപ്പന്റെ മകൾ വിദ്യാറാണി (33) തിരഞ്ഞെടുപ്പിൽ കന്നിയങ്കം കുറിക്കുകയാണ്. ഡോക്ടറായി സേവിക്കണമെന്നാണ് വീരപ്പൻ മകളോട് പറഞ്ഞത്. അത് പാലിക്കാനായില്ലെങ്കിലും നിയമ ബിരുദധാരിയായ അവർ കൃഷ്ണഗിരിയിൽ നഴ്‌സറി സ്‌കൂൾ നടത്തുകയാണ്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി 2006ൽ പെണ്ണഗരം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

ഞാൻ ഒരിക്കലേ അച്ഛനെ കണ്ടിട്ടുള്ളൂ. നന്നായി പഠിക്കണമെന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ അഭിഭാഷകയായി. സ്‌കൂൾ നടത്തുന്നു. ഒരു കേസിൽ പ്രതിയായപ്പോൾ തന്നെ അച്ഛൻ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ ഇവിടത്തെ രാഷ്ട്രീയക്കാരും പൊലീസും അനുവദിച്ചില്ല. പൊതുജനങ്ങളെ സേവിക്കാനായിരുന്നു അച്ഛൻ ആഗ്രഹിച്ചിരുന്നത്-മകൾ വിദ്യാറാണി പറയുന്നു.

കാടിറങ്ങി നാട്ടിൽ ജീവിക്കാൻ ആഗ്രഹിച്ചിരുന്ന വീരപ്പനെ കെണിയിൽപ്പെടുത്തി കൊലപ്പെടുത്തിയെന്ന് പറയുന്ന വിദ്യാറാണി. അച്ഛൻ പേരിൽ വോട്ട് ചോദിക്കുകയാണ് അവർ. തമിഴ് വികാരം ആളിക്കത്തിക്കാൻ വെലുപ്പിള്ള പ്രഭാകരനും. തമിഴ് പുലി നേതാവും അങ്ങനെ പ്രചരണ ബോർഡിലെത്തുന്നു. ബിജെപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വിദ്യ കുറച്ചുനാൾ യുവമോർച്ചയുടെ തമിഴ്‌നാട് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തീവ്രതമിഴ് നിലപാടുള്ള നാം തമിഴർ കക്ഷിയിൽ ചേരുകയായിരുന്നു.

തമിഴ്‌നാടിനുവേണ്ടി ശക്തമായി നിലകൊള്ളാനാണ് ബിജെപി വിട്ട് നാം തമിഴർ കക്ഷിയിലെത്തിയതെന്ന് വിദ്യാറാണി പ്രതികരിച്ചു. ബിജെപി ദേശീയ പാർട്ടിയാണ്. സംസ്ഥാനങ്ങളുടെ താത്പര്യം തുല്യമായി സംരക്ഷിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ കടമയാണ്. എന്നാൽ തമിഴ്‌നാടിന് ആ പരിഗണന നൽകുന്നില്ല. എന്റെ തമിഴ്‌നാടിന്റെ താത്പര്യത്തെ ആദ്യം സംരക്ഷിക്കണമെന്ന് എനിക്കുതോന്നി. അങ്ങനെ പുതിയ പാർട്ടിലെത്തി. ജയിച്ചാൽ കാവേരിയിൽ നിന്ന് കർഷകർക്കായി ആവശ്യത്തിന് ജലം എത്തിക്കും. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എന്റെ സ്‌കൂളിൽ കുട്ടികളുടെ വ്യക്തിവികാസത്തിനാണ് പ്രധാന്യം കൊടുക്കുന്നത്. നല്ല പൗരന്മാരെ സമൂഹത്തിന് നൽകാനാണ് ശ്രമമെന്നും വീരപ്പന്റെ മകൾ പറഞ്ഞു വയ്ക്കുന്നു.

വിദ്യാറാണി ഒരു തവണ മാത്രമാണ് വീരപ്പനെ കണ്ടിട്ടുള്ളത്. മൂന്നാം ക്ലാസിൽ പഠിക്കവെ തമിഴ്‌നാട്-കർണാടക അതിർത്തിയിലുള്ള ഗോപിനാഥത്തെ മുത്തച്ഛന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അന്ന് അര മണിക്കൂർ നേരം അച്ഛനുമായി സംസാരിച്ചെന്നും അന്നത്തെ സംഭാഷണമാണ് തന്നെ രൂപപ്പെടുത്തിയത് എന്നും ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ വിദ്യാറാണി പറഞ്ഞിരുന്നു. ഇവരുടെ അമ്മ മുത്തുലക്ഷ്മി ടി വേൽമുരുകന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റ് വീരപ്പൻ 2004ൽ കൊല്ലപ്പെടുമ്പോൾ വിദ്യാറാണിക്ക് പ്രായം 14.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ എ ചെല്ലകുമാർ ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് കൃഷ്ണഗിരി. ഇത്തവണ കെ ഗോപിനാഥ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. എഐഡിഎംകെ സ്ഥാനാർത്ഥിയായി വി ജയപ്രകാശും ബിജെപിക്കു വേണ്ടി സി നരസിംഹനും ജനവിധി തേടുന്നു. കഴിഞ്ഞ തവണയും മത്സരിച്ച നാം തമിഴർ കക്ഷി മണ്ഡലത്തിൽ 28000 വോട്ടു നേടിയിരുന്നു.