സുൽത്താൻ ബത്തേരി: വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിൽ. ബത്തേരിയിലാണ് രാഹുലിന്റെ ആദ്യത്തെ റോഡ് ഷോ നടന്നത്. തുടർന്ന് പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും. മാനന്തവാടി രൂപതാ ആസ്ഥാനത്തും സന്ദർശനം നടത്തും. വൈകിട്ട് കോഴിക്കോട് നടക്കുന്ന സമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

തമിഴ്‌നാട്ടിലെ നീലഗിരി ആർട്‌സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് രാവിലെ പത്ത് മണിയോടെ രാഹുൽ ഗാന്ധി എത്തിയത്. രാഹുൽ ഗാന്ധി ഇറങ്ങിയതിനു പിന്നാലെ കാത്തുനിന്ന തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയിരുന്നു.

റോഡ് ഷോയുടെ ഭാഗമാകാൻ എത്തുന്ന പ്രവർത്തകർക്കെല്ലാം രാഹുൽ ഗാന്ധി കൈ കൊടുക്കുന്നുണ്ട്. ബത്തേരിയിലേക്കെത്തിയ കാറിൽ തന്നെയാണ് രാഹുൽ റോഡ് ഷോ നടത്തുന്നത്. റോഡ് ഷോയ്ക്കായി തുറന്ന വാഹനം തയാറാക്കിയിരുന്നെങ്കിലും കാറിൽ യാത്ര ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ബത്തേരി എംഎൽഎയായ ഐ.സി.ബാലകൃഷ്ണനാണ് രാഹുൽ ഗാന്ധിക്കൊപ്പം കാറിൽ സഞ്ചരിക്കുന്നത്.

ഹെലികോപ്റ്റർ വഴിയായിരുന്നു രാഹുൽ മൈസൂരുവിൽ നിന്ന് നീലഗിരിയിൽ എത്തിയത്. തോട്ടം തൊഴിലാളികളേയും പ്രദേശവാസികളേയും സന്ദർശിച്ച ശേഷം സുൽത്താൻ ബത്തേരിയിൽ രാഹുലിന്റെ വൻ റോഡ് ഷോയും ഉണ്ടായി. കൊടികളില്ലാതെയാണ് റോഡ് ഷോ നടന്നത്. കോൺഗ്രസിന്റെയോ ലീഗിന്റെയോ കൊടികൾ റോഡ് ഷോയിലുണ്ടായിരുന്നില്ല.

ഇത്തവണയും പാർട്ടി പതാക ഒഴിവാക്കി ബലൂണുകളും പ്ലക്കാർഡുകളുമാണ് പ്രവർത്തകർ ഉയർത്തിപ്പിടിച്ചിരിക്കുന്നത്. പതാകയെച്ചൊല്ലി ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് റോഡ് ഷോയിൽ നിന്ന് പതാകകൾ ഒഴിവാക്കിയത്. നൂറുകണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുക്കുന്നത്.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തിയത്. രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആട്‌സ് ആൻഡ് സയൻസ് കോളേജിലാണ് ഹെലികോപ്റ്ററിൽ രാഹുൽ ഗാന്ധിയെത്തിയത്. ഇവിടെ വച്ചാണ് പരിശോധന നടന്നത്. ഇതിനുശേഷമാണ് സുൽത്താൻ ബത്തേരിയിലേക്ക് പുറപ്പെട്ടത്.

ഇന്ന് രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരിക്ക് പുറമെ, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളിൽ റോഡ് ഷോ നടത്തും. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ രാഹുൽ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുൽ പങ്കെടുക്കും.