തൃശൂർ: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത്. ആലത്തൂർ മണ്ഡലത്തിലെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി കുന്നംകുളത്ത് എത്തിയത്. ടി.എൻ.സരസു ആണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. സുരേഷ് ഗോപി, നിവേദിത സുബ്രഹ്‌മണ്യൻ, അബ്ദുൽ സലാം, കെ.എ.ഉണ്ണികൃഷ്ണൻ എന്നീ സ്ഥാനാർത്ഥികളും വേദിയിലെത്തി.

വടക്കുംനാഥന്റെ മണ്ണിൽ വീണ്ടും വരാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച പ്രധാനമന്ത്രി, പുതിയ വർഷം കേരളത്തിന് വികസനത്തിന്റെ വർഷമായിരിക്കുമെന്ന് കുന്നംകുളത്തെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പുതിയ രാഷ്ട്രീയമാണ് ഇനി കേരളത്തിൽ ഉണ്ടാകുക. അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃപ്രയാർ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്.

പൊതുപരിപാടിക്ക് മുമ്പായി റോഡ് ഷോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി നേരിട്ട് വേദിയിലേക്ക് എത്തുകയായിരുന്നു. പ്രസംഗത്തിൽ മണപ്പുള്ളി വേല ,വിഷു എന്നിവയും മോദി പരാമർശിച്ചു. പ്രസംഗത്തിനിടെ മോദിയുടെ ഗ്യാരണ്ടികളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.

വിഷുദിനത്തിൽ പുറത്തിറക്കിയ ബിജെപിയുടെ പ്രകടന പത്രികയിൽ രാജ്യത്തിന്റെ വികസനമാണ് മുന്നോട്ട് വെക്കുന്നത്. ആയുഷ് മാൻ ഭാരത് പദ്ധതി പ്രകാരം 73 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് ചികിത്സ സഹായം ലഭിച്ചത്. 70 വയസിന് മുകളിലുള്ള എല്ലാവർക്കും ഇനി പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കും.

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ആയിരക്കണക്കിന് വീടുകളാണ് കേരളത്തിൽ യാഥാർത്ഥ്യമാകാൻ പോകുന്നത്. യുവാക്കളെ സംരംഭകരാക്കുക എന്ന ലക്ഷ്യമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. ഇതിനായാണ് മുദ്രാ വായ്പ പരിധി 20 ലക്ഷമായി ഉയർത്തിയത്.

ഒരുപാട് പാരമ്പര്യമുള്ള സ്ഥലമാണ് കേരളം. അതിമനോഹരമായ പ്രകൃതിഭം?ഗിക്കൊണ്ട് അനുഗ്രഹിച്ച സ്ഥലം. അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിന്റെ
പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തും. പാരമ്പര്യം മുറുകേ പിടിച്ച് വികസനം എന്ന നയമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്.

അടുത്ത അഞ്ച് വർഷം രാജ്യത്ത് പുതിയ എക്സ്‌പ്രസ് വേകൾ, വന്ദേഭാരത് എക്‌സ് പ്രസുകൾ എന്നിവ യാഥാർത്ഥ്യമാക്കും. അത്യാധുനിക അടിസ്ഥാന സൗകര്യമായിരിക്കും രാജ്യത്തിന്റെ മുഖമുദ്ര. ദക്ഷിണ ഭാരതത്തിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനുകൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.

രാവിലെ 11.15ഓടെയാണ് പൊതുസമ്മേളനം നടക്കുന്ന ചെറുവത്തൂർ മൈതാനത്ത് എത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നും രാവിലെ 10.50ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയശേഷം റോഡുമാർഗം പൊതുസമ്മേളന വേദിയിലേക്ക് എത്തുകയായിരുന്നു. വളരെ സാവധാനം ജനങ്ങളെ അഭിവാദ്യം ചെയ്താണ് വാഹന വ്യൂഹം നീങ്ങിയത്.

കെ.കെ.അനീഷ്‌കുമാർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ബി. ഗോപാലകൃഷ്ണൻ, എം.എസ്.സമ്പൂർണ്ണ അനീഷ് ഇയ്യാൽ, ഓമനക്കുട്ടൻ എന്നിവർ ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. സുരേഷ് ഗോപി വന്ദേ ഭാരത് ട്രെയിനിന്റെ മാതൃക പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. പത്മജ വേണുഗോപാൽ, ദേവൻ ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്.

സുരേഷ് ഗോപി ഉൾപ്പെടെ നാല് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. പത്മജ വേണുഗോപാൽ, നടൻ ദേവൻ തുടങ്ങിയവരും സംബന്ധിച്ചു.രാഹുൽ വന്നതിനേക്കാൾ കൂടുതൽ വയനാട്ടിൽ കാട്ടാന ഇറങ്ങിയെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. പിണറായി പറയുമ്പോൾ കോൺഗ്രസ് സമരം നിർത്തിയില്ലെങ്കിൽ ഫയലു പൊന്തും. ആദ്യത്തെ താമര വിരിയുന്നത് തൃശൂരിലായിരിക്കുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപിയെന്നും. ചാണകം പൂജ്യമായ വസ്തു. വിമർശിക്കുന്നവരുടെ മാതാപിതാക്കൾ ചാണകത്തിൽ കിടന്നിട്ടില്ലെയന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണു മോദി കേരളത്തിലെത്തുന്നത്. മാർച്ച് 19നു പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു. ഈ വർഷം ഏഴാം തവണയാണ് എത്തുന്നത്.

തമിഴ്‌നാട്ടിലും പ്രധാനമന്ത്രിക്ക് ഇന്നു പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കിയശേഷം തമിഴ്‌നാട്ടിലേക്കു പോകുന്ന നരേന്ദ്ര മോദി, വൈകിട്ട് 4:15ന് തിരുനെൽവേലിയിൽ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും. ഈ വർഷം എട്ടാം തവണയാണ് മോദി തമിഴ്‌നാട് സന്ദർശിക്കുന്നത്. നാളെയും തമിഴ്‌നാട്ടിലെ പരിപാടിയിൽ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് തമിഴ്‌നാട്ടിൽ പോളിങ്.

സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതൽ ജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലമായ തിരുന്നേൽവേലിയിൽ, പാർട്ടിയുടെ നിയമസഭ കക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ ആണ് സ്ഥാനാർത്ഥി. കഴിഞ്ഞയാഴ്ച നൈനാറുടെ ജീവനക്കാർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഫ്‌ളൈയിങ് സ്‌ക്വാഡ് 4 കോടി രൂപ പിടിച്ചത് വിവാദമായിരുന്നു.