തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ആവേശം പകർന്ന് കാട്ടാക്കടയുടെ മണ്ണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ സ്വാഗതം പറഞ്ഞ് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. മോദിയുടെ ഗ്യാരണ്ടി എന്ന് ആവർത്തിച്ച്, ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം.

ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. അഞ്ചു വർഷത്തിൽ ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദക്ഷിനെന്ത്യയിലും ബുള്ളറ്റ് ട്രെയിൻ വരുമെന്നും സർവെ നടപടി പുതിയ സർക്കാർ തുടങ്ങുമെന്നും മോദി കൂട്ടിച്ചേർത്തു.

സദസ്സിൽ കുഞ്ഞുങ്ങളെ കണ്ടതിൽ സന്തോഷം. അവർക്ക് നമസ്‌ക്കാരം. കേരളത്തിൽ വലിയ വികസന പദ്ധതികൾ കൊണ്ട് വരും. വിനോദ സഞ്ചാര രംഗത്തു പുത്തൻ വികസന പദ്ധതികൾ വരും. കൂടുതൽ ഹോം സ്റ്റേകൾ തുടങ്ങുകയും തീര വികസനത്തിന് മുൻഗണന നൽകുകയും ചെയ്യും. അതുപോലെ തന്നെ മത്സ്യസമ്പത്ത് കൂട്ടാൻ പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി.

ഭാരത് മാതാ കീ ജയ് വിളികളോടെ പ്രസംഗം ആരംഭിച്ച അദ്ദേഹം പത്മനാഭ സ്വാമിക്കും ജയ് വിളിച്ചു. "തിരുവനന്തപുരത്തെ എന്റെ സഹോദരീ സഹോദരന്മാർക്ക് എന്റെ നമസ്‌കാരം" എന്ന് മലയാളത്തിൽ തന്നെ പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. കാട്ടാക്കടയിൽ ഒത്തുകൂടിയ അമ്മമാരെയും കുട്ടികളെയും ബിജെപി പ്രവർത്തകരെയും കയ്യിലെടുത്തുകൊണ്ട് ആരംഭിച്ച പ്രസംഗം ജനങ്ങളെ ആവേശത്തിലാക്കി. ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കുമെന്ന മോദിയുടെ ഗ്യാരന്റിയും അദ്ദേഹം ആവർത്തിച്ചുപറഞ്ഞു.

പത്മനാഭ സ്വാമിയുടെയും മാതാ ഭദ്രകാളിയുടെയും മണ്ണിൽ വരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും താൻ ഭാഗ്യവാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ നാട്ടിലാണ് നാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും പാദസ്പർശമുണ്ടായതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കാട്ടാക്കടയിലെത്താൻ താമസിച്ചതിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.