- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് അവസാനിച്ചു. രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിൽ 77 ശതമാനത്തിലേറെയാണ് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പോളിങ് രേഖപ്പെടുത്തിയത്. ത്രിപുരയിലെ ഒരു മണ്ഡലത്തിൽ 76 ശതമാനത്തിലേറെ പോളിങ് നടന്നു. ആകെയുള്ള 39 സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ 62 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
12 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 50% മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ബിഹാറിൽ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പേർ രേഖപ്പെടുത്തിയതാണ് ഇന്നത്തെ ഏറ്റവും കുറവ് പങ്കാളിത്തം. അന്തിമ കണക്ക് പിന്നീട് പുറത്തുവരും.
21 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതിയത്. 16.63 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്താനുണ്ടായിരുന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകൾ ഇതിനായി സജ്ജമാക്കിയിരുന്നു. തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. അഞ്ചുമണിവരെയുള്ള കണക്ക് അനുസരിച്ച് തമിഴ്‌നാട്ടിൽ പോളിങ് ശതമാനം 63.2 ആണ്.
നാനൂറ് സീറ്റുകളിൽ അധികം നേടുമെന്ന എൻ.ഡി.എ. വാദം സാധ്യമാകണമെങ്കിൽ, തമിഴ്‌നാട്ടിൽനിന്ന് ബിജെപി. പ്രതിനിധികൾ വിജയിച്ചേ മതിയാകൂ. അതേസമയം അതിന് അനുവദിക്കാതിരിക്കാനുള്ള കഠിനപ്രയത്നത്തിലാണ് ഇന്ത്യ സഖ്യം.
രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ അഞ്ചുമണി വരെ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തി. അതേസമയം ഉത്തർ പ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.
പശ്ചിമബംഗാളിലും മണിപ്പുറിലും പോളിങ്ങിനിടെ അക്രമസംഭവങ്ങളുണ്ടായി. വടക്കൻ ബംഗാളിലെ കൂച്ച്ബിഹാറിൽ തൃണമൂൽ-ബിജെപി. പ്രവർത്തകർ ഏറ്റുമുട്ടുകയും പരസ്പരം പഴി ആരോപിക്കുകയും ചെയ്തു. അതേസമയം എന്തെങ്കിലും വിധത്തിലുള്ള സംഘർഷമുണ്ടായതായി പൊലീസ് അറിയിച്ചിട്ടില്ല.
മണിപ്പുരിലെ ബിഷ്ണുപുരിൽ സംഘർഷം. ബൂത്തു പിടിച്ചെടുക്കാനുള്ള ശ്രമം തടയാൻ പൊലീസ് ആകാശത്തേക്കു വെടിവച്ചു. ക്രമക്കേട് ആരോപിച്ചതിനെ തുടർന്ന മണിപ്പുരിലെ അഞ്ച് ബൂത്തിൽ പോളിങ് ഇടയ്ക്കു നിർത്തിവച്ചു. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 1625 സ്ഥാനാർത്ഥികൾ ആദ്യഘട്ടത്തിൽ ജനവിധി തേടി. അരുണാചൽ പ്രദേശ് (60 മണ്ഡലം), സിക്കിം (32 മണ്ഡലം) എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്നു നടന്നു.
മിസോറമിലെ ബിഷ്ണുപുറിൽ പോളിങ് സ്റ്റേഷനു സമീപത്ത് വെടിയുതിർക്കപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ പോളിങ് സ്റ്റേഷൻ സാമൂഹികവിരുദ്ധർ ആക്രമിച്ച് തകർത്തു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഭൂപേന്ദ്ര യാദവ്, കിരൺ റിജിജു, ജിതേന്ദ്ര സിങ്, അർജുൻ റാം മേഘ്വാൾ, സർബാനന്ദ സോനോവാൾ തുടങ്ങിയവർ ഒന്നാംഘട്ടത്തിൽ ജനവിധി തേടിയ പ്രമുഖരാണ്.