- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു
പത്തനംതിട്ട: കള്ളവോട്ട് ചെയ്തു സഹകരണ ബാങ്ക് ഇലക്ഷനിൽ അട്ടിമറി നടത്തിയ സംഘത്തെ പോളിങ് ദിവസം വ്യാപകമായ കള്ളവോട്ടിന് രംഗത്തിറക്കാൻ സിപിഎം ശ്രമിക്കുന്നതായി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. ഗുരുതരമായ ആരോപണങ്ങളാണ് മധു ഉന്നയിച്ചിരിക്കുന്നത്. അതേ സമയം, പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുകയാണെന്ന മറുപടിയുമായി എൽ.ഡി.എഫ് രംഗത്തു വന്നു.
കള്ളവോട്ട് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാൻ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ സ്വകാര്യ ഹോട്ടലിൽ സഹകരണ തെരഞ്ഞെടുപ്പുകളിൽ ബൂത്തു പിടിക്കാൻ നേതൃത്വം നൽകിയ സംഘത്തിന്റെ മീറ്റിങ് വിളിച്ചു ചേർത്തുവെന്ന് പഴകുളം മധു പറഞ്ഞു. കോന്നി എംഎൽഎയും ഈ യോഗത്തിൽ പങ്കെടുത്തതായി അറിയുന്നു. കള്ളവോട്ട് ചെയ്തു ജില്ലയിലെ മുപ്പതിലേറെ സഹകരണ സംഘങ്ങൾ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത അടൂരിൽ നിന്നുള്ള സംഘമാണ് ഈ മീറ്റിങ്ങിൽ പങ്കെടുത്തത്. എന്ത് തന്നെ സംഭവിച്ചാലും കള്ളവോട്ടും അക്രമവും അനുവദിക്കില്ല.
ജനാധിപത്യ വിരുദ്ധ മാർഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിൽ നിന്നും സിപിഎം ജില്ലാ നേതൃത്വം പിന്മാറുകയാണ് വേണ്ടത്. സഹകരണ സംഘങ്ങൾ അട്ടിമറിച്ച സംഭവങ്ങളിൽ ജില്ലയിലെ പൊലീസ് സിപിഎമ്മിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തവരാണ്. അതേ സംഘത്തിൽപെട്ട പല പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലയിൽ തുടരാൻ അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ജില്ലയിൽ തന്നെ തുടരാൻ അനുവദിച്ചിട്ടുള്ള ആറന്മുള, കൊടുമൺ സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റണമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ആവശ്യപ്പെട്ടെങ്കിലും നടപടി വൈകിപ്പിക്കുകയാണ്.
വോട്ടിങ് അട്ടിമറിക്കാൻ സിപിഎം വിളിച്ചു ചേർത്ത രഹസ്യയോഗത്തെ കുറിച്ച് ഡി.സി.സിയും യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റിയും നൽകിയ പരാതിയിൽ ഇലക്ഷൻ കമ്മിഷൻ അന്വേഷണം നടത്തി ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും അത്തരക്കാരെയാണ് കരുതൽ തടങ്കലിൽ വയ്ക്കേണ്ടതെന്നും പഴകുളം മധു പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ എൽഡിഎഫ് ജയിക്കുമെന്ന് ഉറപ്പായപ്പോൾ പരാജയത്തിന് മുൻകൂർ ജാമ്യമെടുക്കാനാണ് സിപിഎമ്മിനും എൽഡിഎഫിനും എതിരെ യുഡിഎഫ് കെട്ടുകഥകൾ പ്രചരിപ്പിക്കുന്നതെന്ന് എൽഡിഎഫ് പത്തനംതിട്ട ലോക്സഭ മണ്ഡലം കമ്മിറ്റി ചെയർമാൻ ചിറ്റയം ഗോപകുമാറും സെക്രട്ടറി രാജു ഏബ്രഹാമും പറഞ്ഞു.
കള്ളവോട്ടുകളും മറ്റം ചെയ്ത് പരിചയമുള്ളത് കോൺഗ്രസിനും യൂത്ത് കോൺഗ്രസിനുമാണ്. സംഘടനാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്ത് ലോക ശ്രദ്ധ നേടിയവരാണ് യൂത്ത് കോൺഗ്രസ്. കള്ളവോട്ടും വ്യാജ തിരിച്ചറിയൽ കാർഡും നിർമ്മിക്കുന്നതിലെ ലോകചാമ്പ്യന്മാരാണ് എൽഡിഎഫിനെതിരെ കെട്ടുകഥകൾ പ്രചരിപ്പിക്കുന്നത്. യൂത്ത് കോൺഗ്രസ് നടത്തിയ വ്യാജ വോേട്ട് രേഖപ്പെടുത്തലും തിരിച്ചറിയൽ കാർഡ് നിർമ്മാണവും കോൺഗ്രസിന്റെ ഒത്താശയോട് കൂടിയാണ് നടന്നത്. ഇത്തരത്തിൽ കള്ളവോട്ടും മറ്റും ചെയ്തു പരിചയമുള്ളവർ തെരഞ്ഞെടുപ്പിൽ ജനവിധി എതിരാകുമെന്ന് ഉറപ്പായപ്പോൾ വിളറിപൂണ്ടാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ജനങ്ങളിൽ നിന്നും തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ് യുഡിഎഫ്. കോൺഗ്രസിന് പോലും വേണ്ടാത്ത സ്ഥാനാർത്ഥിയെ നിർത്തിയതിന്റെ ദുരവസ്ഥ ഇപ്പോഴാണ് യുഡിഎഫ് നേതൃത്വത്തിന് ബോധ്യമായത്. പരാജയം ഉറപ്പായപ്പോൾ ഇല്ലാകഥകളും കെട്ടുകഥകളെയും വെല്ലുന്ന നുണക്കഥകളുമായി സിപിഐ എമ്മിനെയും എൽഡിഎഫിനേയും കരിവാരിത്തേക്കാനാണ് ശ്രമം.
കള്ളവോട്ടുകളും മാറ്റം ചെയ്ത് പരിചയമുള്ളത് കോൺഗ്രസിനും യൂത്ത് കോൺഗ്രസിനുമാണ്. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ അത് നാടാകെ കണ്ടതുമാണ്. അതിനു വേണ്ട എല്ലാ ഒത്താശ ചെയ്തത് കോൺഗ്രസ് നേതൃത്വവും. ഇത്തരത്തിൽ കള്ളവോട്ടും മറ്റും ചെയ്തു പരിചയമുള്ളവർ ജനവിധി എതിരാകുമെന്ന് ഉറപ്പായപ്പോൾ വിളറിപൂണ്ടാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്ക് വൻ ഭൂരിപക്ഷത്തിൽ തന്നെ തെരഞ്ഞെടുക്കപ്പെടും. നാടിന്റെ വികസനത്തിൽ ഊന്നിക്കൊണ്ടും ജനതാൽപ്പര്യം സംരക്ഷിക്കാനും കൃത്യമായ വികസന അജണ്ട ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചാണ് എൽഡിഎഫ് ജനങ്ങളെ സമീപിച്ചിട്ടുള്ളത്. എല്ലാ മേഖലയിൽ നിന്നും വൻ സ്വീകാര്യതയാണ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. കള്ള പ്രചാരവേലകൾ കൊണ്ടൊന്നും ഇതിനെ തടയിടാൻ യുഡിഎഫിന് സാധിക്കില്ല. അർഹമായ അവജ്ഞയോടു കൂടി യുഡിഎഫ് കെട്ടുകഥകൾ ജനങ്ങൾ തള്ളിക്കളയുമെന്നും എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.