തൃശൂർ: കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിൽ ഇഡി അസാധാരണ നടപടികൾ എടുക്കുമ്പോഴാണ് ഈ വിഷയം മോദിയും ഉയർത്തുന്നത്. ഇതോടെ കരുവന്നൂർ കേസിൽ കൂടുതൽ അറസ്റ്റ് അടക്കം ഉണ്ടാകുമെന്ന അഭ്യൂഹവും ചർച്ചകളിൽ എത്തുകയാണ്.

ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്. സിബിഐയും ഇഡിയും രാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. അഴിമതി തുടച്ച് നീക്കണമെങ്കിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ആദ്യമായാണ് ഒരു മലയാള ചാനലിന് മോദി അഭിമുഖം നൽകുന്നത്. ഇതിലൂടെ കേരളത്തിലെ തിരഞ്ഞെടുപ്പിലെ അജണ്ട സെറ്റു ചെയ്യാനാണ് ശ്രമം. തൃശൂരിലെ ജയത്തിന് കരുവന്നൂർ അനിവാര്യമാണെന്ന് മോദിക്ക് അറിയാം. അതാണ് ചെയ്യുന്നതും. ഇതിനൊപ്പം രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കുകയും ചെയ്യുന്നു. രാഹുൽ തരംഗം കേരളത്തിലുണ്ടാകില്ലെന്ന് ഉറപ്പിക്കാൻ വേണ്ടി കൂടിയാണ് ഇത്. കരുവന്നൂരും സഹകരണ കൊള്ളയും ഉയർത്തി സിപിഎമ്മിനെ തളർത്തുന്ന മോദി രാഹുലിനെ വിമർശിച്ച് കോൺഗ്രസ് വോട്ടുകളിലും വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നത്.

കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് അദ്ദേഹം കാത്തിരിക്കുന്നത്. മറ്റൊരു സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്ന പ്രഖ്യാപനം ഏപ്രിൽ ഇരുപത്തിയാറിന് ശേഷം വരും. കോൺഗ്രസ് നേരത്തെ തന്നെ പരാജയം സമ്മതിച്ച് കഴിഞ്ഞെന്നും പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കേരളത്തിൽ അക്കൗണ്ടു തുറക്കലാണ് ബിജെപിയുടെ ലക്ഷ്യം.

തൃശൂരിലെ ജയമാണ് പ്രധാനം. ഇതിനൊപ്പം തിരുവനന്തപുരം, ആറ്റിങ്ങൽ. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലും ബിജെപി പ്രതീക്ഷയിലാണ്. ഇതിനിടെയാണ് ഏഷ്യാനെറ്റ് ന്യൂസിന് അഭിമുഖം നൽകി മോദി ചർച്ചകൾ പുതിയ തലത്തിലെത്തിക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് ഇനിയും മോദി കേരളത്തിലേക്ക് എത്തുമെന്നും പ്രചരണം ശക്തമാണ്.