മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാൻ കഴിയാതെ ബിജെപി നയിക്കുന്ന മഹായുതി സഖ്യം പ്രതിരോധത്തിൽ. ഏഴ് സീറ്റുകളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഈ സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് സഖ്യത്തിലെ ഘടകക്ഷികളായ ബിജെപിയും ശിവസേനയും എൻസിപിയും തമ്മിൽ തർക്കം തുടരുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. സൗത്ത് മുംബൈ, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് സെൻട്രൽ, താനെ, കല്യാൺ, പാൽഘർ, നാസിക് മണ്ഡലങ്ങളിലാണ് ഇപ്പോഴും തീരുമാനമാകാത്തത്.

പാർട്ടി പിളരുന്നതിന് മുൻപ് താനെ, കല്യാൺ, പാൽഘർ, നാസിക് മണ്ഡലങ്ങളിൽ ശിവസേനയാണ് മത്സരിച്ചിരുന്നത്. എന്നാൽ, ഈ സീറ്റുകൾ തങ്ങൾക്ക് വേണമന്നാണ് ബിജെപി അവകാശവാദം ഉന്നയിക്കുന്നത്. ബിജെപി നിർദേശത്തെ തുടർന്ന് ചില മണ്ഡലങ്ങളിൽ ശിവസേനയ്ക്ക് സ്ഥാനാർത്ഥികളെ മാറ്റി പരീക്ഷിക്കേണ്ടിവന്നിട്ടുണ്ട്. ഇതും സീറ്റ് തർക്കവും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ചൊടിപ്പിച്ചിട്ടുണ്ട്.

ശിവസേനയ്ക്കുള്ളിലും ഈ വിഷയം വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. പാർട്ടിയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഷിൻഡെയ്ക്ക് കഴിയുന്നില്ല എന്നാണ് വിമർശനം. ഈ സീറ്റുകളിൽ പ്രതിപക്ഷമായ മഹാസഖ്യം ഇതിനോടകംതന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം കാര്യക്ഷമമായി മുന്നോട്ടുപോവുകയാണ്.

മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ബോളിവുഡ് നടൻ ഗോവിന്ദയെ മത്സരിപ്പിക്കാനുള്ള ഏക്നാഥ് ഷിൻഡെയുടെ നീക്കം ബിജെപി എതിർക്കുന്നുണ്ട്. ഗോവിന്ദയ്ക്ക് അധോലോകവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപിയുടെ റാം നായിക് രംഗത്തുവന്നതോടെയാണ്, പ്രശ്നമുണ്ടായത്. മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ പൂനം മഹാജനെ തന്നെ വീണ്ടും മത്സരിപ്പിക്കാനുള്ള ശിവസേനയുടെ ശ്രമത്തേയും ബിജെപി എതിർക്കുന്നുണ്ട്.

നാസിക് സീറ്റിൽ എൻസിപി സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി ഛഗൻ ഭുജലിനെയാണ് പാർട്ടി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. എന്നാൽ, ഇത് ബിജെപിയും ശിവസേനയും അംഗീകരിച്ചിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ മഹാരാഷ്ട്രയിലെ ഏഴ് മണ്ഡലങ്ങളാണ് വിധിയെഴുതിയത്. ബാക്കി മണ്ഡലങ്ങളിൽ, ഏപ്രിൽ 26, മയ് 7,13,20 തീയതികളിലാണ് വോട്ടെടുപ്പ്. 48 സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്.