ന്യൂഡൽഹി: ജാതി സെൻസസിൽ തൃണമൂൽ കോൺഗ്രസ് എതിർപ്പുമായി രംഗത്ത് വന്നതോടെ ഇന്ത്യ സഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കാനാവാതെ പ്രതിപക്ഷ പാർട്ടികൾ. ജാതിസെൻസെസ് വാഗ്ദാനത്തെ മമത ബാനർജ്ജി എതിർക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം .സീറ്റ് വിഭജനത്തിൽ കടുംപിടുത്തം കാട്ടി ബംഗാളിൽ ഒറ്റക്ക് നീങ്ങുന്ന മമത, സഖ്യത്തിന്റെ പൊതു പ്രകടനപത്രികയിലും എതിർപ്പ് ഉന്നയിക്കുകയാണ്.

ജാതിസെൻസെസ് പ്രധാന വാഗ്ദാനമായി ഉന്നയിച്ച് പ്രകടന പത്രിക പുറത്തിറാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. കോൺഗ്രസിന്റെ നിർദ്ദേശം ആർജെഡി, എൻസിപി, ഇടത് കക്ഷികളൊക്കെ സ്വാഗതം ചെയ്തു. എന്നാൽ ജാതിസെൻസസ് കോൺഗ്രസിന്റെ അജണ്ടയാണെന്നും അതിന്റെ പിന്നാലെ പോകാനില്ലെന്നുമാണ് മമതയുടെ ആക്ഷേപം. മാത്രമല്ല കോൺഗ്രസ് പ്രകടനപത്രികയിലൂടെ മുൻപോട്ട് വനിത ക്ഷേമ പദ്ധതികളും, അഗ്‌നിപഥ് പിൻവലിക്കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങൾ അതേ പടി പകർത്തിയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രകടന പത്രിക തയ്യാറാക്കുന്നതെന്നും മമത ആരോപിക്കുന്നു. അതുകൊണ്ട് കൂടുതൽ ചർച്ചകൾ വേണമെന്ന നിലപാടിലാണ് മമത.

ഇന്ന് നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ പ്രകടനപത്രിക പുറത്തിറക്കാൻ നേരത്തെ ആലോചന ഉണ്ടായിരുന്നു. ഇതിനിടെ കോൺഗ്രസും സിപിഎമ്മും ചതിക്കുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബംഗാളിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകാതിരുന്നതെന്ന മമത ബാനർജി വെളിപ്പെടുത്തി. ബംഗാളിലെ സഖ്യം ബിജെപിയെ സഹായിക്കാനാണെന്നും, സിപിഎമ്മിനും കോൺഗ്രസിനും ആരും വോട്ട് കൊടുക്കരുതെന്നും മമത പറഞ്ഞു. ജാതി സെൻസസ് കോൺഗ്രസിന്റെ അജണ്ടയായതിനാലാണ് പൊതു പ്രകടനപത്രികയിലെ നിർദേശത്തെ എതിർക്കുന്നതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

ബംഗാളിന് പുറത്ത് മാത്രമേ ഇന്ത്യ സഖ്യമുള്ളൂവെന്നും റാലി നടക്കാനിരിക്കേ മമത വ്യക്തമാക്കി. ഝാർഖണ്ഡിലെ റാലിയിൽ പ്രധാന കക്ഷി നേതാക്കൾക്കൊപ്പം അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിത കെജരിവാളും പങ്കെടുക്കും.

ദൂരദർശൻ ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയ നടപടി തിരുത്തണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ദൂരദർശൻ ലോ?ഗോയുടെ നിറം കാവിയാക്കി മാറ്റിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്. ഇത് ഞെട്ടിപ്പിക്കുന്നതും നിയവിരുദ്ധവും അധാർമികവുമാണ്. ബിജെപിക്ക് വേണ്ടി ദൂരദർശനെ മാറ്റിയിരിക്കുന്നു. ഇത് തിരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അനുവദിച്ച് നൽകരുതെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു.

ദൂരദർശൻ ഹിന്ദി, ഇംഗ്ലീഷ് വാർത്ത ചാനലുകളുടെ ലോഗോ നിറം കാവിയാക്കിയതിൽ വിവാദം കനക്കുന്നതിനിടെയാണ് മമതാ ബാനർജിയുടെ പ്രതികരണം. കേന്ദ്ര സർക്കാർ നടത്തുന്ന കാവി വൽക്കരണത്തിന്റെ ഉദാഹരണമെന്നാണ് ഒരു വിഭാഗം വിമർശനം ഉന്നയിക്കുന്നത്. ഭരണപക്ഷത്തിന് അനുകൂലമായ വാർത്തകളും പരിപാടികളും ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനിൽക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്.