- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറന്മുളയിൽ കള്ളവോട്ട്: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പത്തനംതിട്ട: പത്തനംതിട്ടയിലെ കള്ളവോട്ട് ആരോപണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മരിച്ച സ്ത്രീയുടെ വോട്ട് മരുമകൾ രേഖപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. രണ്ട് പോളിങ് ഓഫീസർമാരെയും ബിഎൽഒയെയും ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. ബിഎൽഒ അമ്പിളി ദേവി, പോളിങ് ഓഫിസർമാരായ ദീപ, കല എസ്. തോമസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വീഴ്ച ബോധ്യപ്പെട്ട സാഹചര്യത്തിൽ ഈ വോട്ട് അസാധുവായി കണക്കാക്കും.
രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് കളക്ടർ അറിയിച്ചു. അതിന് ആവശ്യമായ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുമെന്ന് കളക്ടർ വ്യക്തമാക്കി. ആറന്മുളയിൽ മരിച്ചയാളുടെ പേരിൽ കള്ളവോട്ട് നടത്തിയെന്ന പരാതിയുമായി എൽഡിഎഫ് ആണ് രംഗത്തെത്തിയത്. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് ചെയ്തു എന്നാണ് പരാതി.
ആറു വർഷം മുൻപ് മരിച്ചുപോയ അന്നമ്മ എന്നയാളുടെ വോട്ട് മരുമകൾ അന്നമ്മ രേഖപ്പെടുത്തിയെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ട് അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകുമെന്നും കലക്ടർ അറിയിച്ചു. എന്നാൽ സീരിയൽ നമ്പർ മാറിപ്പോയതാണെന്നും അബദ്ധവശാൽ വോട്ടു മാറി ചെയ്തതാണെന്നുമാണ് അന്നമ്മയുടെ വീട്ടുകാരും യുഡിഎഫും നൽകുന്ന വിശദീകരണം.
അതേസമയം, ആരോപണത്തിൽ വിശദീകരണവുമായി ബിഎൽഒ രംഗത്തെത്തിയിരുന്നു. തെറ്റ് പറ്റിയെന്ന് ബിഎൽഒ പറഞ്ഞു. കിടപ്പ് രോഗിയായ മരുമകൾ അന്നമ്മയ്ക്ക് വേണ്ടിയാണ് വോട്ടിന് അപേക്ഷിച്ചത്. പക്ഷെ സീരിയൽ നമ്പർ മാറി എഴുതിപോയെന്നും ബിഎൽഒ പറഞ്ഞു. സീരിയൽ നമ്പർ മാറി എഴുതി തനിക്ക് തെറ്റുപറ്റിയെന്നും ശ്രദ്ധിച്ചില്ലെന്നും മരിച്ച അന്നമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ പലതവണ അപേക്ഷ നൽകിയതാണെന്നും ബിഎൽഒ പറഞ്ഞു.
കാസർകോട് ലോക്സഭ മണ്ഡലത്തിലെ കല്യാശേരി പാറക്കടവിൽ 92കാരി കെ.ദേവിയുടെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ, പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. കള്ളവോട്ട് ചെയ്തയാൾക്കെതിരെ കേസെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂരിലും കള്ളവോട്ട് ആരോപണം ഉന്നയിച്ച് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.