- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ സഖ്യറാലിയിൽ പരസ്പരം ഏറ്റുമുട്ടി കോൺഗ്രസ് - ആർജെഡി പ്രവർത്തകർ
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശക്തി പ്രകടനത്തിനായി സംഘടിപ്പിച്ച ഇന്ത്യ സഖ്യ റാലിയിൽ പരസ്പരം ഏറ്റുമുട്ടി കോൺഗ്രസ് ആർജെഡി പ്രവർത്തകർ. ഇന്ത്യ സഖ്യത്തിൽ ഭിന്നത വ്യക്തമാക്കിയാണ് ജാർഖണ്ഡ് റാലിയിൽ കോൺഗ്രസ് ആർജെഡി പ്രവർത്തകർ ഏറ്റുമുട്ടിയത്. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സഖ്യം പൊള്ളയാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തല്ലി പിരിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു.
ഝാർഖണ്ഡിലെ ചത്ര സീറ്റിൽ കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് ആർജെഡിയെ പ്രകോപിപ്പിച്ചത്. നേതാക്കൾ വേദിയിലിരിക്കുമ്പോൾ അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു.
ആർജെഡി പ്രവർത്തകന്റെ തലയ്ക്ക് പരിക്കേറ്റു. ആർജെഡി നേതാവ് കെഎൻ ത്രിപാഠിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ പരസ്പരം കസേരകൾ വലിച്ചെറിയുകയും പതാക കെട്ടിയ വടികൾ കൊണ്ട് വീശുകയും ചെയ്തു. നേതാക്കൾ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയാണ് ഉൽഗുലാൻ റാലി എന്ന പേരിൽ ഝാർഖണ്ഡിലെ പ്രതിപക്ഷ സഖ്യങ്ങൾ ഒരുമിച്ച് തിരഞ്ഞെടുപ്പ് മഹാറാലി സംഘടിപ്പിച്ചത്. മുതിർന്ന നേതാക്കളായ എഎപി നേതാവ് സഞ്ജയ് സിങ്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാൽ നേരത്തെ തന്നെ പരിപാടിയിൽ നിന്നും പിന്മാറിയ രാഹുൽഗാന്ധിക്ക് പകരം കോൺഗ്രസ് അധ്യക്ഷനും ഇന്ത്യ മുന്നണി ചെയർമാനുമായ മല്ലികാർജുൻ ഖാർഗെയും പങ്കെടുത്തു.
അനധികൃമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഭാര്യ കല്പന സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ തുടങ്ങിയവരും വേദിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
എന്നാൽ മനപ്പൂർവ്വം സംഘർഷമുണ്ടാക്കാൻ ചിലർ വേദിയിൽ നുഴഞ്ഞുകയറിയതായി ആർജെഡി നേതാവ് കെഎൻ ത്രിപാഠി ആരോപിച്ചു. സംഭവം വിവാദമാക്കി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയെ തകർക്കുക എന്ന ഒറ്റ ഉദ്ദേശത്തിൽ മാത്രമാണ് ഇന്ത്യ മുന്നണി രൂപീകരിച്ചതെന്നും ഝാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിലെ മുന്നണികൾ തമ്മിലുള്ള സംഘർഷം അവരുടെ ഐക്യമില്ലായ്മയാണ് കാണിക്കുന്നതെന്നും ഇവർ അധികാരത്തിലേറിയാൽ പരസ്പരം തമ്മിലടിച്ച് രാജ്യത്തെ നശിപ്പിക്കുമെന്നും ബിജെപി ആരോപിച്ചു. പറക്കുന്നതിന് മുമ്പേ ചരട് പൊട്ടിയ പട്ടമാണ് ഇന്ത്യ മുന്നണിയെന്ന് നേരത്തെ നരേന്ദ്ര മോദി വിമർശിച്ചിരുന്നു
രാജസ്ഥാനിലെ റാലിയിൽ ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹാസമുയർത്തിയത്. അധികാരക്കൊതിയന്മാരായ നേതാക്കളാണ് സഖ്യമെന്ന പേരിൽ ഒത്തു കൂടിയിരിക്കുന്നതെന്നും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞെന്നും പ്രധാനമന്ത്രി വിമർശിച്ചു
മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ ഇന്ത്യ സഖ്യ റാലിയിൽ രൂക്ഷ വിമർശനമുയർന്നു. വീണ്ടും അധികാരത്തിലെത്തിയാൽ മോദി ഭരണഘടന തിരുത്തിയെഴുതുമെന്നും സംവരണം ഇല്ലാതാക്കുമെന്നും നേതാക്കൾ പറഞ്ഞു. അരവിന്ദ് കെജരിവാളിനെ കൊല്ലാൻ ജയിലിൽ ശ്രമം നടക്കുകയാണെന്ന് ഭാര്യ സുനിത കെജരിവാൾ ആശങ്കപ്പെട്ടു.
ആരോഗ്യകാരണങ്ങളാൽ രാഹുൽ ഗാന്ധിയും പ്രചാരണത്തിരക്ക് പറഞ്ഞ് മമത ബാനർജി, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും റാലിക്കെത്തിയില്ല. അതേ സമയം റാലിയിൽ പ്രകടനപത്രിക പുറത്തിറക്കാനുള്ള നീക്കം മമതയുടെ പ്രതിഷേധത്തെ തുടർന്ന് നടന്നില്ല. ജാതിസെൻസെസ് വാഗ്ദാനം അംഗീകരിക്കനാവില്ലെന്നാണ് മമതയുടെ നിലപാട്.