- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ
വടകര: അശ്ളല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വടകരയിലെ ഇടതുസ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. 24 മണിക്കൂറിനുള്ളിൽ വാർത്താസമ്മേളനം വിളിച്ചു മാപ്പു പറയണമെന്നാണ് ഷാഫി ആവശ്യപ്പെട്ടിരിക്കുന്നത്. കെകെ ശൈലജയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം വന്നതിനെ തുടർന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വിമർശനങ്ങളും അധിക്ഷേപവും വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. മോർഫ് ചെയ്ത വീഡിയോ പ്രചരിച്ചിട്ടില്ലെന്ന് ശൈലജ തന്നെ പിന്നീട് പ്രതികരിച്ചു. വടകരയിൽ അതിശക്തമായ മത്സരമാണ് നടക്കുന്നത്. ഇത് പ്രചരണത്തിലും പ്രതിഫലിക്കുന്നുവെന്നതാണ് വസ്തുത.
ഈ സാഹചര്യത്തിലാണ് വക്കീൽ നോട്ടീസിലും പ്രസക്തി കൂടുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ആരോപണം ഉന്നയിച്ചതെന്നും ഷാഫി വക്കീൽനോട്ടീസിൽ പറയുന്നു. മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ ചെയ്യാത്ത കാര്യങ്ങൾക്കാണ് താൻ ആക്ഷേപം കേട്ടതെന്നും ഉമ്മയില്ലേയെന്ന ചോദ്യം വരെ കേട്ടെന്നും നേരത്തേ ഷാഫി പറഞ്ഞിരുന്നു. രാഷ്ട്രീയ നേട്ടത്തിന് മറ്റെന്തെങ്കിലും സംസാരിക്കട്ടെയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വ്യക്തിപരമായി ആരോടും പ്രശ്‌നമില്ല. പൗരത്വഭേദഗതി നിയമത്തിലെ നിലപാട് അടക്കം രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തുതന്നെയാണ് പോകുന്നത്. വിവാദങ്ങൾ എതിരായി വന്നെങ്കിലും തങ്ങൾക്ക് അനുകൂലമായി തന്നെയാണ് ഭവിച്ചതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വീഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നത് എന്നാണ് താൻ പറഞ്ഞതെന്ന് ഇന്നലെ വൈകീട്ടോടെ കെകെ ശൈലജ വിഷയത്തിൽ വ്യക്തത വരുത്തിയിരുന്നു. ഏതാണ്ട് ഒരാഴ്ചയോളം കത്തി നിന്ന വിഷയത്തിൽ പക്ഷേ തനിക്കെതിരെയുണ്ടായ അധിക്ഷേപത്തിൽ ആരെങ്കിലും മാപ്പ് പറയുമോ എന്ന് ഷാഫി പറമ്പിൽ ചോദിച്ചിരുന്നു. കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിൽ വീഡിയോ ഇറങ്ങിയിട്ടില്ല എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്, എന്നാൽ ഇതിന്റെ പേരിൽ തനിക്കെതിരെ നടന്ന വ്യാപകമായ പ്രചാരണങ്ങൾ ഇല്ലാതാകില്ലല്ലോ എന്നാണ് ഷാഫി പറമ്പിൽ ചോദിച്ചത്. ഈ സാഹചര്യത്തിലാണ് വക്കീൽ നോട്ടീസ് അയക്കുന്നത്.
ശൈലജ തിരുത്തൽ നടത്തിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ വീഡിയോയുടെ പേരിൽ തന്റെ ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചു എന്നാണ് ഷാഫി പറമ്പിൽ പറയുന്നത്. 'സോഷ്യൽ മീഡിയ ഇംപാക്ട്' യുഡിഎഫിന് അനുകൂലമാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വടകരയിൽ രാഷ്ട്രീയ വിവാദം തീരുന്നില്ല. പാനൂരിലെ ബോംബ് നിർമ്മാണവും സ്‌ഫോടനവും ഉണ്ടാക്കിയ അലയൊലികളെ തണുപ്പിക്കാൻ ഉണ്ടാക്കിയ വിവാദവും സിപിഎമ്മിന് തിരിച്ചടിയാകുന്നുവെന്നതാണ് വസ്തുത. തനിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും മോർഫ് ചെയ്ത പോസ്റ്ററെന്നാണ് പറഞ്ഞതെന്നും വടകരയിലെ ഇടതു സ്ഥാനാർത്ഥി കെ.കെ.ശൈലജ വ്യക്തമാക്കിയതോടെ വീണ്ടും രാഷ്ട്രീയ വിവാദം.
'എന്റെ വടകര കെഎൽ 18' എന്ന ഇൻസ്റ്റഗ്രാം പേജിൽ നിരന്തരമായി ഫെയ്ക് വിഡിയോകൾ, വൃത്തികെട്ട പോസ്റ്ററുകൾ ഇതൊക്കെ വരികയാണ്. ആദ്യം തന്നെ ചെയ്തത് ഒരു മോശമായ അശ്ലീല ചിത്രത്തിന്റെ തല മാറ്റി, എന്റെ തല ചേർത്തു കൊണ്ട് കുടുംബ പേജുകളിൽ എത്തിച്ചു.... എത്ര ചീപ്പ് ആയിട്ടാണ് ഇവർ ചെയ്യുന്നത്-ഇതായിരുന്നു 15ന് ശൈലജ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ഇതിൽ തിരുത്തു കൊണ്ടു വന്നു. എന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്റർ ഉണ്ടാക്കുന്നു എന്നു മാത്രമാണു പറഞ്ഞത്. വിഡിയോ എന്നു പറഞ്ഞിട്ടില്ല. അന്നത്തെ പത്രസമ്മേളന വിഡിയോ കണ്ടാൽ മനസ്സിലാകും എന്നാണ് ശൈലജയുടെ പുതിയ വാദം. ഈ രണ്ട് വീഡിയോയും കോൺഗ്രസ് വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ഇതിനൊപ്പമാണ് വക്കീൽ നോട്ടീസും അയയ്ക്കുന്നത്.
ഇതോടെ സഹതാപ വോട്ടു കിട്ടാൻ ഇടതു സ്ഥാനാർത്ഥി നുണ പ്രചരിപ്പിച്ചെന്നു കോൺഗ്രസ് ആരോപിച്ചു. 'അശ്ലീല ചിത്രം' എന്നു മാത്രമാണു ശൈലജ ആദ്യത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നതെങ്കിലും 'അശ്ലീല വിഡിയോ സൃഷ്ടിച്ചു' എന്നാണ് സിപിഎം നേതാക്കളും അണികളും പ്രചരിപ്പിച്ചത്.