- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെടുപ്പിന് മുമ്പേ സൂറത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് നാടകീയ ജയം
അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപി നാടകീയ ജയം. സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിർദ്ദേശം ചെയ്തവർ പിന്മാറിയതിനെ തുടർന്ന് ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെ ബിജെപിയുടേതല്ലാത്ത മറ്റു സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക പിൻവലിക്കുകയും ചെയ്തു. ഇതോടെയാണ് ഏപ്രിൽ 22-ന് നടക്കേണ്ട തിരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
കോൺഗ്രസിന്റെ നിലേശ് കുംഭാണിയുടെ പത്രികയാണ് നാമനിർദ്ദേശം ചെയ്ത മൂന്ന് വോട്ടർമാരും പിന്മാറിയതിനെ തുടർന്ന് തള്ളിയത്. പകരക്കാരന്റെ പത്രികയും ഇതേ കാരണത്താൽ കഴിഞ്ഞദിവസം തന്നെ തള്ളിയിരുന്നു. സ്വതന്ത്രരടക്കമുള്ള ഏഴ് സ്ഥാനാർത്ഥികൾ ഇന്ന് പത്രിക പിൻവലിക്കുകയായിരുന്നു. ഗുജറാത്തിൽ എഎപിക്കൊപ്പം ചേർന്ന് മത്സരിക്കുന്ന കോൺഗ്രസ് 24 സീറ്റുകളിലായിരുന്നു മത്സരിക്കാൻ തീരുമാനിച്ചത്. രണ്ട് സീറ്റുകൾ എഎപിക്ക് നൽകിയിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ ബിജെപി ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് സൂറത്തിലെ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപിച്ചു.
കഴിഞ്ഞ ദിവസം സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാണിയുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ സൂക്ഷ്മപരിശോധനക്ക് ശേഷമാണ് തള്ളിയത്. നാമനിർദേശ പത്രികയിൽ നിലേഷിനെ നിർദേശിച്ച മൂന്നു പേരും പിന്മാറിയതാണ് പത്രിക തള്ളാൻ കാരണം. മെയ് ഏഴിനാണ് ഗുജറാത്തിൽ വോട്ടെടുപ്പ്.