- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക മുൻ ഉപമുഖ്യമന്ത്രി കെഎസ് ഈശ്വരപ്പയെ പുറത്താക്കി ബിജെപി
ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയിൽ നിന്ന് ആറുവർഷത്തേക്ക് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് പുറത്താക്കൽ.
കർണാടകത്തിലെ ശിവമോഗ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനം ഈശ്വരപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മകൻ കെ ഇ കാന്തേഷിന് ഹാവേരിയിൽ നിന്ന് ബിജെപി ടിക്കറ്റ് നിഷേധിച്ചതോടെയാണ് ഈശ്വരപ്പ പ്രകോപിതനായത്. ശിവമോഗയിൽ മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും എം പിയുമായ ബി ഐ രാഘവേന്ദ്രയ്ക്ക് എതിരെയാണ് ഈശ്വരപ്പ മത്സരിക്കുന്നത്.
ഈ മാസമാദ്യം പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തിയതിനും ഈശ്വരപ്പ വിവാദത്തിൽ പെട്ടിരുന്നു. മോദിയുടെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കുന്നതിൽ നിന്ന് തന്നെ തടയരുത് എന്നാവശ്യപ്പെട്ട് കോടതിയെയും സമീപിച്ചിരുന്നു.
കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ഈശ്വരപ്പ മത്സരിക്കാതിരുന്നത് യെദ്യൂരപ്പ നൽകിയ വാഗ്ദാനത്തെ തുടർന്നാണെന്ന് പറയുന്നു. മകൻ കാന്തേഷിന് ലോക്‌സഭാ സീറ്റ് നൽകാമെന്ന ധാരണയിലായിരുന്നു അത്. ഹാവേരിയിൽ നിന്ന് കാന്തേഷിനെ മത്സരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ആ സീറ്റ് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് നൽകിയത്.
നേരത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായും ഈശ്വരപ്പ പ്രവർത്തിച്ചിട്ടുണ്ട്. വിമത നീക്കത്തിൽ നിന്ന് അദ്ദേഹത്തെ അനുയയിപ്പിക്കാൻ ബിജെപി. നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടർന്നാണ് അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്. കർണാടക ബിജെപിയിൽ യെദ്യൂരപ്പ വിഭാഗം വീണ്ടും പിടിമുറുക്കിയതിൽ ഈശ്വരപ്പ വിമർശനം ഉന്നയിച്ചിരുന്നു. മകനെ തഴഞ്ഞത് യെദ്യൂരപ്പയുടെ ചരടുവലിയാണെന്ന് ഈശ്വരപ്പ ആരോപിക്കുന്നു. ഇതാണ് യെദ്യൂരപ്പയുടെ മകൻ മത്സരിക്കുന്ന ശിവമോഗയിൽ മത്സരിക്കാൻ ഈശ്വരപ്പയ്ക്ക് പ്രേരണയായത്.
ബിജെപി. വിമതനായി ഈശ്വരപ്പ എത്തിയതോടെ ശിവമോഗയിൽ കോൺഗ്രസിന്റെ പ്രതീക്ഷ ഉയർന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാറിന്റെ ഭാര്യയുമായ ഗീതാ ശിവരാജ്കുമാറാണ് കൈപ്പത്തി ചിഹ്നത്തിൽ വോട്ടുതേടുന്നത്. കർണാടക മന്ത്രി മധു ബംഗാരപ്പയുടെ സഹോദരിയാണ് ഗീത. ബംഗാരപ്പ കുടുംബത്തിനും ശിവമോഗയിൽ കാര്യമായ സ്വാധീനമുണ്ട്.
കർണാടകയിലെ 28 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 26നും അടുത്ത മാസം ഏഴിനുമാണ് നടക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഉഡുപ്പി ചിക്കമംഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുംകൂർ, മാണ്ഡ്യ, മൈസൂർ, ചാമരാജനഗർ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ സെൻട്രൽ, ബാംഗ്ലൂർ സൗത്ത്, ചിക്കബെല്ലാപൂർ, കോലാർ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. രണ്ടാംഘട്ടം ചിക്കോടി, ബെൽഗാം, ബാഗൽകോട്ട്, ബീജാപൂർ, ഗുൽബർഗ, റായ്ച്ചൂർ, ബിദാർ, കൊപ്പൽ, ബെല്ലാരി, ഹവേരി, ധാർവാഡ്, ഉത്തര കന്നഡ, ദാവൻഗരെ, ഷിമോഗ എന്നിവിടങ്ങളിലാണ് നടക്കുന്നത്.