- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
അമ്രോഹ: കോൺഗ്രസ് നേതൃത്വത്തിനും ഇന്ത്യ മുന്നണിക്കുമെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ ശരീഅത്ത് നിയമങ്ങൾ നടപ്പാക്കുമെന്ന് കോൺഗ്രസ് പറഞ്ഞുവെന്നാണ് യോഗി ആദിത്യനാഥ് ആരോപിച്ചത്. ഉത്തർപ്രദേശിലെ അമ്രോഹയിൽ ബിജെപിയുടെ പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ വിവാദമായ രാജസ്ഥാൻ പ്രസംഗത്തിന് സമാനമായ പരാമർശമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി നടത്തിയത്.
'1970-ൽ കോൺഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം ഉയർത്തി. എന്നാൽ, ദാരിദ്ര്യം നിർമ്മാർജനംചെയ്യപ്പെട്ടില്ല. പക്ഷേ, രാജ്യത്തിന്റെ വിഭവങ്ങൾ കൊള്ളയടിക്കാൻ ഒരു കുടുംബത്തിന് സ്വാതന്ത്ര്യം ലഭിച്ചു. രാജ്യത്തിന്റെ പൊതുസ്വത്തിൽ മുസ്ലിങ്ങൾക്കാണ് ആദ്യ അവകാശമെന്ന് പ്രധാനമന്ത്രിയായിരിക്കെ മന്മോഹൻ സിങ് പറഞ്ഞു. അങ്ങനെയെങ്കിൽ നമ്മുടെ ദളിതരും പിന്നാക്കക്കാരും പാവപ്പെട്ടവരും കർഷകരും എവിടേക്ക് പോവും', യോഗി ആദിത്യനാഥ് ചോദിച്ചു.
'ഇന്ത്യ മുന്നണിയെന്ന പേരിൽ നിങ്ങളുടെ മുന്നിൽ ഇന്ന് വന്നിരിക്കുന്നവർ രാജ്യത്തെ വഞ്ചിച്ചവരാണ്. വീണ്ടും വഞ്ചിക്കാനാണ് അവർ നിങ്ങളുടെ മുന്നിൽ പ്രകടനപത്രികയുമായി വന്നത്. തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. ഇന്ത്യ അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുക, ഏതെങ്കിലും ശരീഅത്ത് നിയമപ്രകാരമല്ല', ആദിത്യനാഥ് പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങൾക്കിടയിൽ വിതരണംചെയ്യുമെന്നാണ് കഴിഞ്ഞദിവസം രാജസ്ഥാനില ജലോറിലും ബൻസ്വാഡയിലും മോദി പറഞ്ഞത്. ഇതിനെതിരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. പ്രസംഗത്തിനെതിരെ കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
'നേരത്തേ അവർ (കോൺഗ്രസ്) അധികാരത്തിൽ വന്നപ്പോൾ, രാജ്യത്തിന്റെ പൊതുസ്വത്തിൽ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണെന്ന് പറഞ്ഞിരുന്നു. അതിനർഥം അവർ ഈ സ്വത്തുക്കൾ കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും വിതരണം ചെയ്യുമെന്നാണ്. നിങ്ങൾ കഠിനാധ്വാനംചെയ്ത് ഉണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് നൽകാമോ? 'അമ്മമാരുടെയും മക്കളുടെയും കൈവശമുള്ള സ്വർണത്തിന്റെ കണക്ക് എടുക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നുണ്ട്. ഈ സ്വർണം വിതരണംചെയ്യുമെന്നാണ് അവർ പറയുന്നത്. മന്മോഹൻ സർക്കാർ പറഞ്ഞത് മുസ്ലിങ്ങൾക്കാണ് പൊതുസ്വത്തിൽ ആദ്യാവകാശമെന്നാണ്. സഹോദരീ സഹോദരന്മാരേ, ഈ നഗരനക്സലുകൾ എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും താലിമാലപോലും വെറുതേവിടില്ല', എന്നായിരുന്നു മോദിയുടെ പ്രസംഗം.
കോൺഗ്രസ്, എസ്‌പി, ബിഎസ്‌പി തുടങ്ങിയ പാർട്ടികൾക്കെതിരെ നേരത്തെ യോഗി ആദിത്യനാഥ് വിമർശനം ഉന്നയിച്ചിരുന്നു. " രാമനവമി ദിവസം നിങ്ങൾ ഓരോരുത്തരും 'സൂര്യ തിലക്' കണ്ടിട്ടുണ്ടായിരിക്കും. മറുവശത്ത് കോൺഗ്രസും എസ്‌പിയും ബിഎസ്‌പിയും ഉണ്ടായിരുന്നു. ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ ജനിച്ചതിന്റെ തെളിവുകൾ ഈ പാർട്ടിക്കാർ ഞങ്ങളോട് ചോദിച്ചു. അവർ പറയുന്ന നുണകൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവരുടെ വ്യാജപ്രചരണങ്ങളെല്ലാം പരാജയപ്പെട്ടു. 500 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാംലല്ലയുടെ ക്ഷേത്രം നിർമ്മിച്ചു. ലക്ഷക്കണക്കിന് ഭക്തർ ദിവസവും രാംലല്ലയെ ദർശിക്കാനായി ഇവിടേക്ക് ഒഴുകിയെത്തുകയാണ്.
ജനങ്ങളുടെ വികസനം ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന ഇരട്ട എഞ്ചിൻ സർക്കാരാണ് ഇവിടെ ഉള്ളത്. വീടുകളിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ട് കൊണ്ട് നടപ്പാക്കിയ ഹർ ഘർ ജൽ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചു. അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ വികസനമാണ് 2014ന് ശേഷം രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
2014ന് ശേഷം രാജ്യത്തെ ഹൈവേകളുടെയും വിമാനത്താവളങ്ങളുടെയും എണ്ണം ഇരട്ടിയായി. 2014 വരെ 74 എയർപോർട്ടുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് 150ലധികമായി ഉയർന്നു. ഇന്ന് രാജ്യത്ത് 22 എയിംസുകൾ ഉണ്ട്. സമസ്ത മേഖലകളിലും രാജ്യം നേടിയ കുതിപ്പ് ജനങ്ങൾക്ക് കാണാനാകുമെന്നും" യോഗി ആദിത്യനാഥ് പറഞ്ഞു.