ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണച്ചൂടിൽ 89 മണ്ഡലങ്ങൾ. ഏപ്രിൽ 26-ാം തിയതിയാണ് രാജ്യം രണ്ടാംഘട്ട വോട്ടിംഗിന് പോളിങ് ബൂക്കിലെത്തുന്നത്. 13 സംസ്ഥാനങ്ങളിലായി 89 സീറ്റുകളിലേക്കാണ് അന്നേദിനം വോട്ടെടുപ്പ് നടക്കുന്നത്. 1210 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സരരംഗത്തുള്ളത്.

കേരളത്തിന് പുറമെ മറ്റ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രിൽ 26-ാം തിയതി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അസമിലെയും ബിഹാറിലെയും അഞ്ച് വീതവും ഛത്തീസ്‌ഗഡിലെ മൂന്നും കർണാടകയിലെ 14 ഉം കേരളത്തിലെ 20 ഉം മധ്യപ്രദേശിലെ ഏഴും മഹാരാഷ്ട്രയിലെയും ഉത്തർപ്രദേശിലെയും എട്ട് വീതവും രാജസ്ഥാനിലെ 13 ഉം പശ്ചിമ ബംഗാളിലെ മൂന്നും മണ്ഡലങ്ങളാണ് രണ്ടാംഘട്ട വോട്ടിംഗിൽ ജനവിധിയെഴുതുക.

കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഈ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തോടെ രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് പൂർത്തിയാകും. രാജസ്ഥാനിലെ 12 സീറ്റുകളിലേക്ക് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നിരുന്നു.

കാസർകോട്, കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ, തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ ലോക്സഭ മണ്ഡലങ്ങൾ.

ഇടതുവലത് മുന്നണികൾ തമ്മിൽ ശക്തമായ പ്രചാരണവും മത്സരവുമാണ് കേരളത്തിൽ നടക്കുന്നത്. യുഡിഎഫ് കഴിഞ്ഞ തവണത്തെ മേധാവിത്വം തുടരാൻ ലക്ഷ്യമിടുമ്പോൾ തിരിച്ചുവരവാണ് എൽഡിഎഫിന്റെ നോട്ടം. അക്കൗണ്ട് തുറക്കാനായി എൻഡിഎയും വാശിയേറിയ പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി ദേശീയ നേതാക്കളുടെ വലിയനിരയാണ് കേരളത്തിലേക്ക് ബിജെപി പ്രചാരണത്തിനായി ഇതിനകം എത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ ബിജെപി ദേശീയ നേതാക്കൾ സംസ്ഥാനത്തെത്തും.

കർണാടകത്തിലെ ഉഡുപ്പി ചിക്മഗളൂരു, ഹസ്സൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമക്കൂറു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബെംഗളൂരു റൂറൽ, നോർത്ത്, സെൻട്രൽ, സൗത്ത്, കോളാർ, ചിക്കബല്ലാപുർ എന്നീ 14 മണ്ഡലങ്ങളിലും അസമിലെ കരിംഗഞ്ച്, സിൽച്ചാർ, ദാരങ് ഉദൽഗുഡി, നാഗോൺ, ദിഫു മണ്ഡലങ്ങളിലും 26ന് വോട്ടെടുപ്പ്.

ബിഹാറിലെ കിഷൻഗഞ്ച്, കതിഹാർ, പുർണിയ, ഭഗാൽപുർ, ബാങ്ക, ഛത്തീസ്‌ഗഢിലെ രാജ്‌നന്ദഗാവ്, കാങ്കർ, മഹാസമുന്ദ്, മധ്യപ്രദേശിലെ ടിക്കംഗഡ്, ദാമോഹ്, ഖജുരാഹോ, സത്‌ന, റേവ, ഹോഷംഗബാദ്, ബേതുൽ, മഹാരാഷ്ട്രയിലെ ബുൽദാന, അകോല, അമരാവതി, വാർധ, യവത്മൽ വാഷിം, ഹിംഗോലി, നന്ദഡ്, പർഭാനി മണ്ഡലങ്ങളും 26ന് ജനവിധി രേഖപ്പെടുത്തും.

മണിപ്പൂരിലെ ഔട്ടർ മണിപ്പൂർ, തിപുരയിലെ ത്രിപുര ഈസ്റ്റ്, രാജസ്ഥാനിലെ ടോങ്ക് സവായ് മധോപുർ, അജ്മീർ, പാലി, ജോധ്പുർ, പാർമർ, ജലോർ, ഉദയ്പുർ, ബൻസ്വാര, ചിറ്റോർഗഡ്, രാജ്‌സമന്ദ്, ഭിൽവാര, കോട്ട, ബൽവാർ-ബാരൻ എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തും.

ഉത്തർപ്രദേശിലെ അംറോഹ, മീറത്ത്, ബാഗ്പത്, ഗസ്സിയാബാദ്, ഗൗതംബുദ്ധ നഗർ, ബുലന്ദ്ഷഹർ, അലിഗഢ്, മഥുര, ബംഗാളിലെ ഡാർജിലിങ്, റായിഗഡ്, ബലൂർഘട്ട്, ജമ്മുകശ്മീരിലെ ജമ്മു എന്നിവിടങ്ങളിലും 26നാണ് വോട്ടെടുപ്പ്.