- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നാളെ കൊട്ടിക്കലാശം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. നാളെ ഒരു പകൽ കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. അതിനാൽതന്നെ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് പാർട്ടി പ്രവർത്തകരും അണികളും. കേരളവും കനത്ത ചൂടിനിടെയാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. നാളെ വൈകിട്ട് 6 മണിക്കാണ് പരസ്യ പ്രചരണം അവസാനിക്കുക.
സംസ്ഥാനത്ത് ബൂത്തിൽ എത്തേണ്ടത് രണ്ട് കോടി 77 ലക്ഷം വോട്ടർമാരാണ്. വോട്ടർമാരെയെല്ലാം പോളിങ് ബൂത്തിലെത്തിക്കാൻ കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും.
സ്ഥാനാർത്ഥികളുടെ അവസാനവട്ട മണ്ഡലപര്യടനങ്ങൾ നാളെ പൂർത്തിയാക്കും. പലയിടങ്ങളിലായി ദേശീയനേതാക്കളും സംസ്ഥാന നേതാക്കളും ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നൽകുന്നുണ്ട്. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. 20 ലോക്സഭ മണ്ഡലങ്ങളിലും പ്രധാന മുന്നണികൾ നാളെ ശക്തി പ്രകടനവുമായി പരസ്യ പ്രചാരണം കൊട്ടികലാശം നടത്തി അവസാനിപ്പിക്കും.
കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച ജനവിധി രേഖപ്പെടുത്താനായി കേരളം പോളിങ് ബൂത്തിലേക്കെത്തും. സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒന്നര മാസത്തിലധികം നീണ്ട വാശിയേറിയ പ്രചാരണത്തിന് അവസാനമാകുകയാണ്. കഴിഞ്ഞ ദിവസം ആദ്യഘട്ടത്തിലെ പോളിങ് നടന്നപ്പോൾ മൂന്നോ നാലോ ശതമാനത്തിന്റെ കുറവുണ്ടായത് ആശങ്കയാവുന്നുണ്ട്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആയിരുന്നു 30 വർഷത്തിനിടയിലെ കേരളത്തിൽ ഏറ്റവും ഉയർന്ന പോളിങ് ശതമാനം കണ്ടത്. പല മണ്ഡലങ്ങളിലും പോളിങ് 80 ശതമാനത്തിൽ മുകളിൽ പോയി. ഇത്തവണ എന്തായിരിക്കും സ്ഥിതി എന്നുള്ളത് ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇരുപത് മണ്ഡലങ്ങളിൽ 20 ഉം കിട്ടുന്ന സാഹചര്യമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളിലെ വിലയിരുത്തൽ. അതേസമയം ബിജെപി തിരുവനന്തപുരത്തും തൃശൂരും പ്രതീക്ഷവെക്കുന്നു. എൽഡിഎഫാകട്ടെ 2019ലേറ്റ തിരിച്ചടി ഇത്തവണയുണ്ടാവില്ലെന്നും സീറ്റ് വർധിപ്പിക്കാനാകുമെന്നും കണക്കുകൂട്ടുന്നു. എന്തായാലും വാശിയേറിയ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഉറപ്പ്.
നിശബ്ദ പ്രചാരണത്തിന് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു. കൊട്ടിക്കലാശം അവസാനിച്ച ശേഷമുള്ള 48 മണിക്കൂറിൽ ആളുകൾ നിയമവിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഈ സമയത്ത് ഉച്ചഭാഷിണികൾ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.
സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ, ഒപ്പീനിയൻ പോൾ, പോൾ സർവേ, എക്സിറ്റ് പോൾ മുതലായവയും അനുവദിക്കില്ല. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി അരമണിക്കൂർ കഴിയും വരെയാണ് എക്സിറ്റ് പോളുകൾക്ക് നിരോധനമുള്ളത്. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ഡലത്തിന് പുറത്ത് നിന്നുള്ള പാർട്ടി പ്രവർത്തകരെ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസ് ഉള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നത് വരെ തുടരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ഏപ്രിൽ 26ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ 4 നാണ് ഫലപ്രഖ്യാപനം.
കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളിൽ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പിൽ പോളിങ് ബൂത്തിലെത്തുന്നത്. കർണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകൾ, യുപി, മഹാരാഷ്ട്ര, അസം, ബിഹാർ, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, തൃപുര, ബംഗാൾ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതും.
വോട്ട് ചെയ്യാൻ കയ്യിൽ കരുതേണ്ടത്
ലോക്സഭ തെരഞ്ഞെടുപ്പ് 2024ൽ വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ് (എപിക്) വേണമെന്ന നിർബന്ധമില്ല. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് മറ്റ് 12 കാർഡുകൾ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം. ഏപ്രിൽ 26നാണ് കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പോളിങ് ബൂത്തിലെത്തുമ്പോൾ വോട്ട് ചെയ്യുന്നതിന് സാധാരണയായി തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാനാവും എന്ന് ലോക്സഭ തെരഞ്ഞെടുപ്പ് 2024 പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. വോട്ടർ ഐഡി കാർഡിന് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖകൾ ഏതൊക്കെയാണെന്ന് ചുവടെ കൊടുക്കുന്നു.
1. ആധാർ കാർഡ്
2. എംഎൻആർഇജിഎ തൊഴിൽ കാർഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
3. ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ
4. തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
5. ഡ്രൈവിങ് ലൈസൻസ്
6. പാൻ കാർഡ്
7. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
8. ഇന്ത്യൻ പാസ്പോർട്ട്
9. ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
10. കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡികാർഡ്
11. പാർലമെന്റ്റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
12. ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡി ഐ ഡി കാർഡ്)
സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകാൻ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടർമാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടർമാരുടെയും ഉത്തരവാദിത്തമാണെന്നും സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.