ന്യൂഡൽഹി: ശതകോടീശ്വരന്മാരായ തന്റെ സുഹൃത്തുക്കൾക്കായി പതിനാറ് ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്ത്ത്തള്ളിയ നരേന്ദ്ര മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മോദി സമ്പന്നരായ 22 പേർക്ക് നൽകിയ 16 ലക്ഷം കോടി രൂപയിൽനിന്നുള്ള ചെറിയ തുക 90 ശതമാനം വരുന്ന പാവപ്പെട്ട ഇന്ത്യക്കാർക്ക് തിരികെ നൽകുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയചകിതനായിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിപ്ലവകരമായ പ്രകടനപത്രികയാണ് കോൺഗ്രസിന്റേതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യംചെയ്യുന്നത് ജാതി സെൻസസ് ആയിരിക്കുമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു.

ജാതി സംബന്ധിച്ച കണക്കെടുപ്പ് മാത്രമായിരിക്കില്ല നടക്കുകയെന്നും സാമ്പത്തികവും സാമൂഹികവുമായ സർവേ ആയിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദേശീയതലത്തിലുള്ള ഒരു എക്സ്-റേ ആയിരിക്കും അത്. സ്വാതന്ത്ര്യത്തിന്റെ എഴുപത് വർഷങ്ങൾക്കു ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുള്ള യുക്തിപരമായ ചുവടുവെപ്പായിരിക്കും ജാതി സെൻസസ് എന്നും രാഹുൽ പറഞ്ഞു.

സമ്പത്തിന്റെ പുനർവിതരണം സംബന്ധിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമർശം ബിജെപി പ്രചാരണായുധമാക്കിയ സാഹചര്യത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഇന്ത്യയിൽ ഇത്തരം നയമില്ലെന്നും ധനികനായ ഒരാൾ മരിച്ചാൽ പണം മുഴുവൻ മക്കൾക്കാണ് കിട്ടുകയെന്നും പൊതുജനത്തിന് യാതൊന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സമ്പത്തിന്റെ പുനർവിതരണത്തിന് ഇന്ത്യയ്ക്ക് പുതിയ നയവും പദ്ധതികളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അധികാരത്തിലെത്തിയാൽ സമൂഹത്തിലെ അസമത്വം മറികടക്കാനായി സാമ്പത്തിക നയങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനവും മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ 2006-ലെ പ്രസംഗവും ഉയർത്തിക്കാട്ടിയായിരുന്നു രാജസ്ഥാനിലെ ബൻസ്വാരയിൽ മോദിയുടെ പ്രസംഗം. രാജ്യത്തിന്റെ പൊതുസ്വത്തിൽ ആദ്യ അവകാസം മുസ്ലിങ്ങൾക്കാണെന്ന് കോൺഗ്രസ് പറഞ്ഞിരുന്നെന്നും അതിനർഥം അവർ സ്വത്തുക്കൾ കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും വിതരണംചെയ്യുമെന്നാണെന്നുമായിരുന്നു മോദിയുടെ പ്രസംഗം