- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഒന്നര മാസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് വിരാമമിട്ട് ആവേശകരമായ കൊട്ടിക്കലാശം. സംസ്ഥാനത്തെ ആവേശക്കടലാക്കി മുന്നണികളുടെ നേതൃത്വത്തിൽ ശക്തിപ്രകടനമായാണ് പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചത്. ഇനിയുള്ള 48 മണിക്കൂർ നിശബ്ദമായി മുന്നണികൾ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശമായി മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാർട്ടികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവൻ സീറ്റിലും ജയമെന്ന് അവസാനനിമിഷവും യുഡിഎഫ് ആത്മവിശ്വാസം പുലർത്തുന്നു. പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ റോഡ് ഷോകളോടെയാണ് കൊട്ടിക്കലാശത്തിന് സമാപനമായത്. ദേശീയ നേതാക്കളടക്കം നിറഞ്ഞുനിന്ന പരസ്യ പ്രചാരണത്തിന് അതേ ആവേശത്തോടെയായിരുന്നു സമാപന ചടങ്ങും. ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളും അവരുടെ അണികളും ഒരേ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടികലാശത്തിൽ മുന്നണികളുടെ ശക്തിപ്രകടനം കൂടിയായി മാറി.
ചെണ്ടമേളവും ബാൻഡ് മേളവും ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പലയിടത്തും കൊട്ടിക്കലാശം. കൊട്ടും പാട്ടുമൊക്കെയായി കൊട്ടിക്കലാശം അതിന്റെ അവസാനലാപ്പിലെത്തുമ്പോൾ സ്ഥാനാർത്ഥികളുടെയും പ്രവർത്തകരുടെയും ആവേശവും വാനോളമാണ്. തലസ്ഥാനമായ തിരുവനന്തപുരത്തും കൊട്ടിക്കലാശം പൊടിപൊടിക്കുകയാണ്. സ്ഥാനാർത്ഥികളുടെ കൂറ്റൻ ഫ്‌ളക്‌സുകൾ ക്രെയിനുകളിൽ ഉയർത്തിയും മറ്റുമാണ് പ്രവർത്തകർ കൊട്ടിക്കലാശത്തെ വർണാഭമാക്കുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളും പ്രവർത്തകരും ഒരു മണ്ഡലത്തിലെ ഒരെ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം തെരഞ്ഞെടുപ്പുകളിലെ കേരളത്തിലെ മാത്രം പ്രത്യേകതകളിലൊന്നാണ്.
മലപ്പുറത്തുകൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് വീണ്ടും സംഘർഷമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ചെങ്ങന്നൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എം സി റോഡിൽ നിന്ന് കൊട്ടികലാശം ആഘോഷിച്ച പ്രവർത്തകാരെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചതാണ് കാരണം.
കല്പറ്റയിലെ യുഡിഎഫ് കലാശക്കൊട്ടിൽ ഡിഎംകെ കൊടി. മറ്റെല്ലാ പാർട്ടികളുടെ കൊടികളും പതിവ് പോലെ ഒഴിവാക്കിയപ്പോഴാണ് ഡിഎംകെ കൊടിയുമായി പ്രവർത്തകരെത്തിയത്.
രണ്ടു കൊടികളുമായാണ് ജാഥയിൽ പ്രാദേശിക ഡിഎംകെ പ്രവർത്തകർ എത്തിയത്. നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടെ സംഘർഷമുണ്ടായി. എൽഡിഎഫ്- ബിജെപി പ്രവർത്തകർ തമ്മിലാണ് സംഘർഷം. എൽഡിഎഫ് -യുഡിഎഫ് പ്രവർത്തകർ തമ്മിലും വാക്കേറ്റമുണ്ടായി. തൊടുപുഴയിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ എങ്ങും തെരഞ്ഞെടുപ്പ് ആവേശമാണ്. ഇന്ന് വൈകിട്ട് ആറോടെയാണ് പരസ്യപ്രചാരണത്തിന് തിരശീലയിട്ടുകൊണ്ട് കൊട്ടിക്കലാശം സമാപിക്കുന്നത്. 40 നാൾ നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. പ്രധാനമന്ത്രി നിരന്തരമെത്തിയ സംസ്ഥാനമാണ് കേരളം. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ഉൾപ്പെടെ മറ്റന്നാൾ വിധിയെഴുതും. ഇന്ത്യാസംഖ്യത്തിനും കേരളം പ്രതീക്ഷാ മുനമ്പാണ്.
എന്നാൽ, സഖ്യത്തിലെ കക്ഷികൾ തമ്മിൽ പോരടിക്കുന്ന മണ്ണ് എന്ന പ്രത്യേകയും കേരളത്തിനുണ്ട്. അങ്ങനെ രാജ്യം ശ്രദ്ധിക്കുന്ന കേരളം വിധിയെഴുത്തിലേക്ക് അടിവെച്ചുനീങ്ങുമ്പോൾ പ്രതീക്ഷകളും അവകാശവാദങ്ങളുമെറെയാണ്. പരസ്യപ്രചാരണത്തിന്റെ അവസാനദിവസമായ ഇന്ന് രാവിലെ മുതൽ ഓട്ടപ്പാച്ചിലിലായിരുന്നു സ്ഥാനാർത്ഥികൾ. വിട്ടുപോയസ്ഥലങ്ങളിൽ ഒരുവട്ടം കൂടി സ്ഥാനാർത്ഥികളെത്തി.
വിവാദങ്ങളിൽ മുങ്ങിയ സംസ്ഥാനസർക്കാറിനെതിരെ ജനവികാരമുണ്ടെന്ന് എതിരാളികൾ പറയുമ്പോൾ അവസാനകണക്കിൽ എല്ലാം ഭദ്രമെന്നാണ് എൽഡിഎഫ് പറയുന്നത്. ചിട്ടയായ പ്രവർത്തനവും പൗരത്വനിയമത്തിലൂന്നിയ പ്രചാരണവും മേൽക്കെക്കുള്ള കാരണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കുന്നത്.
മുമ്പൊരിക്കലുമില്ലാത്ത കേന്ദ്ര-സംസ്ഥാന വിരുദ്ധവികാരക്കാറ്റിൽ ഇരുപത് സീറ്റും പോരുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ള ബിജെപി വിരുദ്ധവോട്ട് ഏകീകരണമുണ്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ആദ്യം പിന്നിൽപോയ സ്ഥലങ്ങളിൽ അടക്കം തിരിച്ചുകയറിയെന്നും 20ൽ 20 സീറ്റും നേടുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി.
അതേസമയം, മോദിയിലാണ് ബിജെപിയുടെ എല്ലാ പ്രതീക്ഷകളും. കേന്ദ്രസർക്കാറിനൊപ്പമുള്ള പ്രതിനിധി എന്ന പ്രചാരണം തിരുവനന്തപുരം അടക്കമുള്ള എ പ്ലസ് സീറ്റിൽ ഫലം കണ്ടെന്നാണ് പ്രതീക്ഷയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു.പ്രചാരണപ്പൂരം കടന്ന് നാളത്തെ നിശബ്ദപ്രചാരണവും കഴിഞ്ഞ് മറ്റന്നാൾ കേരളം വിധിയെഴുതാൻ ബൂത്തിലെത്തും.