കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സംഘർഷം. കൊല്ലം കരുനാഗപ്പള്ളിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ സി.ആർ.മഹേഷ് എംഎൽഎയ്ക്കും നാലു പൊലീസുകാർക്കും പരിക്കേറ്റു.

പ്രശ്ന പരിഹാരത്തിനെത്തിയ എംഎൽഎയ്ക്ക് നേരെ എൽഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞുവെന്ന് യുഡിഎഫ് ആരോപിച്ചു. എംഎൽഎയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം തടയാനുള്ള ശ്രമത്തിനിടെ സിഐ മോഹിത് ഉൾപ്പടെയുള്ള നാലുപൊലീസുകാർക്കും പരിക്കേറ്റു.

സംഘർഷത്തിലേർപ്പെട്ട പ്രവർത്തകരെ പിരിച്ചുവിടാൻ മൂന്ന് തവണ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഉൾപ്പെടുന്നത്.

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് പലയിടങ്ങളിൽ സംഘർഷമുണ്ടായി. മലപ്പുറം, ആറ്റിങ്ങൽ, മാവേലിക്കര, ഇടുക്കി, പത്തനാപുരം എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. മലപ്പുറത്ത് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തിവീശി.

ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാർത്ഥികൾ കൊട്ടിക്കലാശത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിൽ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. പലയിടത്തും നേരിയ മഴ പെയ്‌തെങ്കിലും കൊട്ടിക്കലാശത്തിന്റെ ആവേശം ചോർത്തിയില്ല. തിരുവനന്തപുരത്ത് ഉൾപ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം.

നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടെ സംഘർഷമുണ്ടായി. എൽഡിഎഫ്- ബിജെപി പ്രവർത്തകർ തമ്മിലാണ് ആദ്യം സംഘർഷമുണ്ടായത്. പിന്നീട് എൽഡിഎഫ് -യുഡിഎഫ് പ്രവർത്തകർ തമ്മിലും വാക്കേറ്റമുണ്ടായി. കൊട്ടിക്കലാശത്തിന്റെ സമാപനത്തിനിടെ നെയ്യാറ്റിൻകരയിൽ പൊലീസ് ലാത്തിയും വീശി. കെഎസ്‌യു -കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് ലാത്തിവീശി ഓടിച്ചത്. കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെയും അക്രമത്തിന് തുനിഞ്ഞു. മഴ പെയ്യുന്നതിനിടെയും കെഎസ്ആർടിസി ബസിന് മുകളിൽ കയറി കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. കൊട്ടിക്കലാശത്തിനിടെയാണ് പ്രവർത്തകർ ബസിന് മുകളിൽ കയറിയത്. ഇതിനെചൊല്ലിയാണ് സംഘർഷമുണ്ടായത്. കെഎസ്ആർടിസി ബസിനും കേടുപാട് സംഭവിച്ചു. ബസ് തടഞ്ഞു നിർത്തിയതാണ് സംഘർഷത്തിന് കാരണം.

കൊല്ലം പത്തനാപുരത്ത് യുഡിഎഫ് -എൽഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിർത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. മലപ്പുറം, കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായി.

മലപ്പുറത്തുകൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് വീണ്ടും സംഘർഷമുണ്ടായി. ചെങ്ങന്നൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എം സി റോഡിൽ നിന്ന് കൊട്ടികലാശം ആഘോഷിച്ച പ്രവർത്തകാരെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചതാണ് കാരണം.

കല്പറ്റയിലെ യുഡിഎഫ് കലാശക്കൊട്ടിൽ ഡിഎംകെ കൊടി. മറ്റെല്ലാ പാർട്ടികളുടെ കൊടികളും പതിവ് പോലെ ഒഴിവാക്കിയപ്പോഴാണ് ഡിഎംകെ കൊടിയുമായി പ്രവർത്തകരെത്തിയത്.
രണ്ടു കൊടികളുമായാണ് ജാഥയിൽ പ്രാദേശിക ഡിഎംകെ പ്രവർത്തകർ എത്തിയത്.

തൊടുപുഴയിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഇതിനുശേഷം കലാക്കൊട്ടിന്റെ സമാപനത്തിനിടെ വീണ്ടും എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. യുഡിഎഫ് വാഹനത്തിന് മുകളിൽ എൽഡിഎഫ് പ്രവർത്തകർ കൊടി നാട്ടാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. പൊലീസും നേതാക്കളും ചേർന്ന് പരിഹരിക്കുകയായിരുന്നു.

കൽപ്പറ്റയിൽ എൽഡിഎഫ് പ്രവർത്തകരും ഡിഎംകെ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിഎംകെ പ്രവർത്തകരുടെ കൊടികൾ വലിച്ചു കീറി. പൊലീസ് ഇടപെട്ട് ഡിഎംകെ പ്രവർത്തകരെ മടക്കി അയക്കുകയായിരുന്നു. ഡിഎംകെ പ്രവർത്തകർ യുഡിഎഫിന്റെ കലാശക്കൊട്ടിൽ പങ്കെടുത്തിരുന്നു. ഇവർ എൽഡിഎഫ് റാലിക്കിടയിലേക്ക് വാഹനവുമായി എത്തിയതാണ് സംഘർഷത്തിന് കാരണമായത്.