- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേജ്പ്രതാപ് യാദവിനെ പിൻവലിച്ചു; കനൗജ് തിരിച്ചുപിടിക്കാൻ അഖിലേഷ് യാദവ്
ലഖ്നൗ: സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ കനൗജ് തിരിച്ചുപിടിക്കാൻ പാർട്ടി അധ്യക്ഷനും യുപി മുന്മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് നേരിട്ടിറങ്ങും. വ്യാഴാഴ്ച അഖിലേഷ് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് സമാജ് വാദി പാർട്ടി എക്സിലൂടെ അറിയിച്ചു. കനൗജിൽ നേരത്തെ എസ്‌പി അഖിലേഷിന്റെ ബന്ധു തേജ്പ്രതാപ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. മുലായം സിങ് യാദവിന്റെ സഹോദരൻ രത്തൻ സിങിന്റെ ചെറുമകനാണ് തേജ്പ്രതാപ്. അദ്ദേഹത്തെ മാറ്റിയാണ് അഖിലേഷിന്റെ സ്ഥാനാർത്ഥിത്വം എസ്‌പി പ്രഖ്യാപിച്ചിരിക്കുന്നത്.
സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കനൗജിൽ കഴിഞ്ഞ തവണ പാർട്ടിക്ക് അടിത്തെറ്റിയിരുന്നു. അഖിലേഷിന്റെ ഭാര്യ ഡിമ്പിൾ യാദവിനെ ബിജെപിയുടെ സുബ്രത് പതക് പരാജയപ്പെടുത്തി. അതിന് മുമ്പ് രണ്ടുത്തവണ ഡിമ്പിൾ യാദവ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000 മുതൽ ഒരു പതിറ്റാണ്ടിലേറെ അഖിലേഷും ഇവിടെ എംപിയായിരുന്നിട്ടുണ്ട്. സിറ്റിങ് എംപി സുബ്രത് പതക് തന്നെയാണ് ബിജെപി സ്ഥാനാർത്ഥി.
2019-ലെ തിരഞ്ഞെടുപ്പിൽ അസംഗഢിൽ നിന്നാണ് അഖിലേഷ് യാദവ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 2022-ൽ നിയമസഭയിലേക്ക് വിജയിച്ചതിനെത്തുടർന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നത്.
ഉത്തർപ്രദേശിലെ മുഴുവൻ മണ്ഡലങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടത് അനിവാര്യമായ സാഹചര്യത്തിൽ അഖിലേഷ് ഇത്തവണ മത്സരത്തിനില്ലെന്നായിരുന്നുവെന്നാണ് എസ്‌പി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കനൗജിൽ തേജ്പ്രതാപ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷമുണ്ടായ സാഹചര്യത്തിലാണ് അഖിലേഷ് ഇവിടെനിന്ന് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം നടക്കുന്ന മെയ് 13-നാണ് കനൗജിൽ വോട്ടെടുപ്പ്.