ആലപ്പുഴ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പത്ത് ലക്ഷം രൂപ വാങ്ങിയിട്ട് തിരികെ തന്നില്ലെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിൽ നിലപാട് കടുപ്പിച്ച് ശോഭ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ പരാജയപ്പെടുത്താൻ കഥയുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഒരു സ്ത്രീയെന്ന നിലയിൽ തന്നെ അപമാനിക്കാനും ആക്ഷേപിക്കാനും ആണ് നന്ദകുമാർ ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവണം. ഇക്കാര്യത്തിൽ തെളിവുകൾ സഹിതം നന്ദകുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണോ ദല്ലാൾ നന്ദകുമാറാണോയെന്ന് അവർ ചോദിച്ചു.ആ റോളിപ്പോൾ നന്ദകുമാറാണ് ഏറ്റെടുത്തിരിക്കുന്നത്. തന്റെ പരാതിയിൽ നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യും.ഡിജിപിയെ വഴിയിൽ തടയാനും മടിയില്ല കേരളത്തിൽ ഒരു സ്ത്രീക്കെതിരെയും സൈബർ ആക്രമണം ഉണ്ടാകാൻ അനുവദിക്കില്ല എന്ന് പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു

ശോഭ സുരേന്ദ്രന്റെ ഭൂമിയുമായി ബന്ധപ്പെട്ട വിവാദത്തിലെ ആരോപണത്തിലുറച്ച് നന്ദകുമാർ ഇന്ന് രംഗത്തെത്തിയിരുന്നു.ശോഭ സുരേന്ദ്രന്റെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്‌നം ഉണ്ടായിരുന്നു.തെരഞ്ഞെടുപ്പു കമ്മിഷന് നൽകിയ വിവരങ്ങളിലും ഈ ഭൂമിയുടെ വിവരം ഇല്ല. ഇക്കാര്യത്തിൽ വ്യക്തത തേടി രണ്ട് കത്ത് നൽകി. അതിന് മറുപടി നൽകിയില്ല

ശോഭ സുരേന്ദ്രൻ അന്യായമായി കൈയടക്കിയ ഭൂമി ആയിരുന്നു തന്നോട് വിൽക്കാൻ പറഞ്ഞത്.അതിനാലാണ് ഭൂമി രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നത്. ശോഭ സുരേന്ദ്രൻ തട്ടിപ്പ് സംഘത്തിൽ പെട്ടുവെന്നും നന്ദകുമാർ ആരോപിച്ചു.

നിയമപ്രശ്നമുള്ളതുകൊണ്ടാണ് മുന്നോട്ടു പോകാതിരുന്നത്. ശോഭയ്ക്ക് 52 സെന്റ് സ്ഥലം ഉണ്ടെന്നാണ് പറഞ്ഞത്. അല്ലാതെ എട്ടു സെന്റ് അല്ല. ശോഭ സുരേന്ദ്രന് കുടുംബപരമായി കിട്ടിയ ഭൂമിയല്ല ഇതെന്നും ദല്ലാൾ നന്ദകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശോഭ സുരേന്ദ്രൻ അന്യായമായി മോഹൻദാസിന്റെ പക്കൽ നിന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രസന്ന മോഹൻദാസ് അറിയാതെ കയ്യടക്കിയ ഭൂമിയാണിതെന്നും നന്ദകുമാർ ആരോപിച്ചു. ഇതിൽ നിയമപരമായ ഉപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ശോഭയെ സമീപിച്ചു. ഭൂമിയിൽ പ്രസന്നയുമായിട്ടുള്ള തർക്കത്തിന്റെ ഡീറ്റെയിൽസ് ആവശ്യപ്പെട്ടു. ഒന്നും തരാതെയിരുന്നാൽ പിന്നെ എങ്ങനെ ഭൂമി രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് നന്ദകുമാർ ചോദിച്ചു.

അവസാനം ശോഭ സുരേന്ദ്രൻ ക്രൈം നന്ദകുമാറിനെ ഇടനിലക്കാരനാക്കി തന്നോട് പലവട്ടം സംസാരിച്ചു. കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. അവിടെ സിപിഎം ഭരിക്കുന്നതിനാൽ വായ്പ അനുവദിച്ചിട്ടില്ല. വായ്പ ലഭിച്ചാൽ പണം തരാമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥിയാകാൻ ഇടിയാണ്. പണം ഉറപ്പു പദ്ധതിയാണത്. 20 മണ്ഡലങ്ങളിലേക്കുള്ള നൂറു കോടി രൂപ കേരളത്തിലേക്ക് എത്താതെ പോയി. കൊടകരയ്ക്ക് മുമ്പാണിത്. ഈ പണം ലഭിച്ചിരുന്നെങ്കിൽ ശോഭ സുരേന്ദ്രൻ ഈ പണം സെറ്റിൽ ചെയ്തേനെയെന്ന് നന്ദകുമാർ അഭിപ്രായപ്പെട്ടു.