- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ: ശോഭ സുരേന്ദ്രൻ
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ ഗുരുതര വെളിപ്പെപ്പെടുത്തലുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് ഇപി ജയരാജൻ തന്നെയാണെന്നാണ് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ സുരേന്ദ്രൻ ഹാജരാക്കി. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. പിന്നെ എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇ പി ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് ഇപി ജയരാജന്റെ മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ തെളിവുകൾ ഹാജരാക്കി വ്യക്തമാക്കി. പിന്നീട് ഇപി പിന്മാറിയത് എന്തുകൊണ്ടാണെന്ന് പിണറായിക്ക് അറിയാമെന്നും ശോഭ ആരോപിച്ചു. ഇപിയും ഭാര്യയും ജീവിച്ചിരിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഇപിയുമായുള്ള ഡൽഹി ചർച്ചക്ക് തനിക്ക് ടിക്കറ്റ് അയച്ചു തന്നത് നന്ദകുമാർ ആണെന്നും കൊച്ചി -കോയമ്പത്തൂർ, കോയമ്പത്തൂർ -ഡൽഹി ടിക്കറ്റ് ആണ് അയച്ചതെന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ, നന്ദകുമാർ വാട്സപ്പിൽ അയച്ച ടിക്കറ്റും ഹാജരാക്കി.
'2023 ഏപ്രിൽ 24-ാം തീയതി ശോഭാസുരേന്ദ്രന് ഡൽഹിയിലേക്ക് പോകാൻ നന്ദകുമാർ എന്തിനാണ് ടിക്കറ്റെടുത്ത് എന്റെ വാട്സാപ്പിലേക്കയച്ചത്. എന്നെ അറിയില്ലെന്ന് പറഞ്ഞ ജയരാജന്റെ മകന് എന്തിനാണ് എന്റെ വാട്സാപ്പിലേക്ക് മെസേജ് അയക്കുന്നത്. ജയരാജന്റെ മകനെ ഞാൻ കാണുന്നത് 2023 ജനുവരി 18-ാം തിയതിയിലാണ്. എറണാകുളത്തെ ഒരു ഹോട്ടലിൽ വച്ചാണ് ഞാൻ കാണുന്നത്. ടി.ജി.രാജഗോപാലും എന്റെ കൂടെയുണ്ടായിരുന്നു. ഏത് തലയെടുപ്പുള്ള നേതാവ് ബിജെപിയിൽ ചേരാൻ വന്നാലും എട്ട് സംസ്ഥാനങ്ങളുടെ ചുമതലക്കാരിയായിട്ടുള്ള എനിക്ക് ചർച്ചനടത്താൻ കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്. അത് ഇനിയും തുടരും', ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ.പി ജയരാജനാണെന്ന് കെ. സുധാകരൻ ആരോപിക്കുകയും ഇത് ഇ.പി. ജയാരജൻ തള്ളുകയും ചെയ്തതിന് പിന്നാലെയാണ് ആരോപണം സ്ഥിരീകരിച്ച് ശോഭ സുരേന്ദ്രൻ രംഗത്ത് വന്നത്. ഇ.പി. ജയരാജന്റെ മകൻ അയച്ച വാട്സ്ആപ് സന്ദേശമുണ്ടെന്നും ശോഭ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇ.പി ജയരാജൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ച് 90 ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ ഭയപ്പെട്ട് പിന്മാറിയതാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ചില്ലറ ഭീഷണി ആയിരിക്കില്ല വന്നത്. സ്വന്തം പ്രസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്നവർക്ക് പോലും ക്വട്ടേഷൻ കൊടുക്കാൻ മടിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെയും ആ സംഘടനയെയും ഭയപ്പെട്ടതുകൊണ്ടാണ് ജയരാജൻ ഒളിച്ചോടിയതെന്നും അവർ കുറ്റപ്പെടുത്തി. ജയരാജന്റെ മകന്റെ കൈയിലുള്ള ഫോണിൽനിന്ന് അയച്ച വാട്സ്ആപ് സന്ദേശം ഉണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ജയരാജന്റെ മക്കൾക്ക് ശോഭ സുരേന്ദ്രന് മെസ്സേജ് അയക്കേണ്ട കാര്യമെന്താണെന്നും അവർ ചോദിച്ചു.
ജയരാജന്റെ മകൻ അയച്ച വാട്സാപ്പ് സന്ദേശവും ഡൽഹിയിലേക്ക് പോകുന്നതിനായി പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് എടുത്തുനൽകിയ ടിക്കറ്റും ശോഭാസുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
പിണറായി വിജയനോളം തലപ്പൊക്കമുള്ള നേതാവിനെ ബിജെപിയിലെത്തിക്കാൻ ദല്ലാൾ നന്ദകുമാർ ഇടപെട്ട് ശ്രമം നടത്തിയിരുന്നതായി ദിവസങ്ങൾക്കു മുൻപ് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പേരു പറഞ്ഞിരുന്നില്ല. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുധാകരനും ഇ.പി.ജയരാജനും തമ്മിൽ വാക്പോര് നടക്കുന്നതിനിടെയാണ്, ഇ.പിയുടെ പേര് വെളിപ്പെടുത്തി ശോഭയുടെ രംഗപ്രവേശം.
അതേ സമയം ഇ.പി. ജയരാജൻ ബിജെപിയുമായി ചർച്ചനടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ രംഗത്ത് വന്നിരുന്നു. ഇ.പി. ജയരാജനേയും തന്നേയും മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വന്നുകണ്ടെന്നും ഇടതിന്റെ സഹായമുണ്ടെങ്കിൽ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്ന് അദ്ദേഹം ഇ.പിയോട് പറഞ്ഞതായും നന്ദകുമാർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
ഞങ്ങൾക്ക് കേരളത്തിൽ രക്ഷയില്ലെന്ന് ജാവദേക്കർ പറഞ്ഞപ്പോൾ രക്ഷയില്ലെന്ന് ഇ.പി മറുപടി നൽകി. എന്നാൽ, ബിജെപിയെ സഹായിച്ചാൽ പകരമായി എസ്എൻസി ലാവലിൻ കേസ് ഞങ്ങൾ ഇല്ലാതാക്കുമെന്നും സ്വർണക്കള്ളക്കടത്ത് കേസ് അവസാനിപ്പിക്കുമെന്നും ജാവദേക്കർ ജയരാജന് ഉറപ്പുകൊടുത്തു. അഡ്ജസ്റ്റ്മെന്റിന് വിധേയമാകാമോയെന്നും അമിത് ഷാ വന്ന് ഇക്കാര്യങ്ങളിൽ ഉറപ്പുതരുമെന്നും ജാവദേക്കർ ഇ.പിയോട് പറഞ്ഞതായും നന്ദകുമാർ ആരോപിച്ചു.
'വൈദേകം' റിസോർട്ടിനേക്കുറിച്ചുള്ള പരാമർശമുണ്ടായപ്പോൾ, ആ വിഷയത്തിൽ തനിക്ക് ഒന്നും പേടിക്കാനില്ലെന്നും അക്കാര്യം പറഞ്ഞ് വിലപേശൽ വേണ്ടെന്നും ഇ.പി പറഞ്ഞു. ഇതോടെ സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്ന് ജയരാജനോട് ജാവദേക്കർ ആവശ്യപ്പെട്ടു. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്ന് ഇ.പി വ്യക്തമാക്കി. സിപിഎം അല്ല, ഘടകകക്ഷിയായ സിപിഐ ആണ് അവിടെ മത്സരിക്കുന്നതെന്നും അഡ്ജസ്റ്റ്മെന്റ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയെ മാറ്റാമോയെന്ന് ഇ.പി ചോദിക്കുകയും പറ്റില്ലെന്നു ജാവദേക്കർ പറയുകയും ചെയ്തു. ഇതോടെ ചർച്ച പരാജയപ്പെട്ടു. പിന്നീട് നാലുതവണ ജാവദേക്കറുമായി താൻ ചർച്ചനടത്തിയെന്നും പിണറായി വിജയന്റെ സംരക്ഷകനായാണ് ഇ.പി വന്നതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.
അതേ സമയം ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പത്ത് ലക്ഷം രൂപ വാങ്ങിയിട്ട് തിരികെ തന്നില്ലെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിൽ ശോഭ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ പരാജയപ്പെടുത്താൻ കഥയുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഒരു സ്ത്രീയെന്ന നിലയിൽ തന്നെ അപമാനിക്കാനും ആക്ഷേപിക്കാനും ആണ് നന്ദകുമാർ ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവണം. ഇക്കാര്യത്തിൽ തെളിവുകൾ സഹിതം നന്ദകുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണോ ദല്ലാൾ നന്ദകുമാറാണോയെന്ന് അവർ ചോദിച്ചു.ആ റോളിപ്പോൾ നന്ദകുമാറാണ് ഏറ്റെടുത്തിരിക്കുന്നത്. തന്റെ പരാതിയിൽ നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യും.ഡിജിപിയെ വഴിയിൽ തടയാനും മടിയില്ല കേരളത്തിൽ ഒരു സ്ത്രീക്കെതിരെയും സൈബർ ആക്രമണം ഉണ്ടാകാൻ അനുവദിക്കില്ല എന്ന് പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു
ശോഭ സുരേന്ദ്രന്റെ ഭൂമിയുമായി ബന്ധപ്പെട്ട വിവാദത്തിലെ ആരോപണത്തിലുറച്ച് നന്ദകുമാർ ഇന്ന് രംഗത്തെത്തിയിരുന്നു.ശോഭ സുരേന്ദ്രന്റെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നു.തെരഞ്ഞെടുപ്പു കമ്മിഷന് നൽകിയ വിവരങ്ങളിലും ഈ ഭൂമിയുടെ വിവരം ഇല്ല. ഇക്കാര്യത്തിൽ വ്യക്തത തേടി രണ്ട് കത്ത് നൽകി. അതിന് മറുപടി നൽകിയില്ല
ശോഭ സുരേന്ദ്രൻ അന്യായമായി കൈയടക്കിയ ഭൂമി ആയിരുന്നു തന്നോട് വിൽക്കാൻ പറഞ്ഞത്.അതിനാലാണ് ഭൂമി രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നത്. ശോഭ സുരേന്ദ്രൻ തട്ടിപ്പ് സംഘത്തിൽ പെട്ടുവെന്നും നന്ദകുമാർ ആരോപിച്ചു.