തിരുവനന്തപുരം: ലോക്‌സഭാ വോട്ടെടുപ്പിൽ ഒൻപത് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിങ്. രാവിലെ തുടങ്ങിയ പോളിങ് നാല് മണിയാകുമ്പോൾ 60 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് നാല് മണിക്ക് സംസ്ഥാനത്ത് പോളിങ് 56.01 ശതമാനം കടന്നു.

ആലപ്പുഴയും കാസർകോടും കണ്ണൂരും ചാലക്കുടിയും ഇതിനകം 58 ശതമാനം കടന്നിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിങ് 50 ശതമാനം കടന്നു. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിങ് രാവിലെ മുതൽ തന്നെ രേഖപ്പെടുത്തുന്നുണ്ട്. കണ്ണൂർ, വയനാട്, മണ്ഡലങ്ങളിലാണ് കൂടുതൽ പോളിങ് നടന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളുമെല്ലാം തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചിട്ടുണ്ട്.

തിരുവനന്തപുരം-56.55,ആറ്റിങ്ങൽ-59.55, കൊല്ലം-56.74, പത്തനംതിട്ട-55.55, മാവേലിക്കര-56.58, ആലപ്പുഴ-61.55, കോട്ടയം-57.04, ഇടുക്കി-56.53, എറണാകുളം-57.34, ചാലക്കുടി-60.59, തൃശൂർ-59.75, പാലക്കാട്-60.41, ആലത്തൂർ-59.51,പൊന്നാനി-53.97, മലപ്പുറം-57.34, കോഴിക്കോട്-59.18, വയനാട്-60.30, വടകര-58.96, കണ്ണൂർ-61.85, കാസർഗോഡ്-60.90 എന്നിങ്ങനെയാണ് പോളിങ്. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.

വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്‌നം പരിഹരിച്ചു.

മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. കാര്യമായ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടെടുപ്പ് വൈകീട്ട് 6 വരെയാണ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്‌ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്‌പോൾ ആരംഭിച്ചു. ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുന്നു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ്. വൈകിട്ട് ആറ് വരെ വോട്ടിങ് തുടരും. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. വോട്ടെണ്ണൽ ജൂൺ നാലിന്.

പ്രശ്‌നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങൾ, 30,238 - ബാലറ്റ് യൂണിറ്റുകൾ, 30,238 - കൺട്രോൾ യൂണിറ്റ്, 32,698 - വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. .

രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളം (20), കർണാടക (14), രാജസ്ഥാൻ (13), മഹാരാഷ്ട്ര (8), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (7), അസം (5), ബിഹാർ (5), ഛത്തീസ്‌ഗഢ് (3), പശ്ചിമ ബംഗാൾ (3), മണിപ്പുർ, ത്രിപുര, ജമ്മു ആൻഡ് കശ്മീർ(ഓരോ സീറ്റു വീതം) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഏഴുഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഈമാസം 19-ന് കഴിഞ്ഞിരുന്നു. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകൾ അന്ന് വിധിയെഴുതി. 65.5 ശതമാനമായിരുന്നു പോളിങ്. മെയ്‌ ഏഴിനാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകൾ അന്ന് വിധിയെഴുതും.