തൃശൂർ: വിവാഹമണ്ഡപത്തിൽ നിന്നും നേരെ പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി വധൂവരന്മാർ. ഗുരുവായൂരമ്പലത്തിൽ താലി കെട്ടിയ ഉടൻ കന്നി വോട്ട് ചെയ്യാൻ നവവധു വരനോടൊപ്പമാണ് പോളിങ്ങ് ബൂത്തിലെത്തിയത്. മുല്ലശേശരി പറമ്പന്തള്ളി ക്ഷേത്രത്തിന് സമീപം നടുവിൽ പുരക്കൽ രാജീവിന്റെ മകൾ തീർത്ഥയാണ് ഗുരുവായൂരമ്പലത്തിൽ താലി കെട്ടിയ ഉടൻ വരൻ രോഹിത്തിനൊപ്പം എത്തി വോട്ട് ചെയ്തത്.

മുല്ലശേരി സർക്കാർ ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ 102-ാം ബൂത്തിലായിരുന്നു തീർത്ഥയുടെ കന്നി വോട്ട്. വിദേശത്ത് ജോലി ചെയ്യുന്ന പൊന്നാനി ആട്ടെ പറമ്പിൽ രവിയുടെ മകൻ രേഹിത്തുമായുള്ള തീർത്ഥയുടെ വിവാഹ നിശ്ചയം ആറ് മാസം മുമ്പായിരുന്നു. ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് നവവരൻ രോഹിത് പറഞ്ഞു.

ആലപ്പുഴയിലും വിവാഹം കഴിഞ്ഞ് വധൂവരന്മാർ പോളിങ്ങ് ബൂത്തിലെത്തി. മുൻപും പല വോട്ടെടുപ്പ് ദിവസങ്ങളിലും കാണാറുള്ള കാഴ്ച ആണെങ്കിലും അതിന് എപ്പോഴും ഒരു പുതുമയുണ്ട്. ആലപ്പുഴയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഇത്തവണത്തെ 'അപൂർവ്വ കാഴ്ച'.

വോട്ടെടുപ്പ് ദിവസമായിരുന്നു എസ്.എൻ.പുരം പുത്തൻവെളി വീട്ടിൽ അനന്തുവും ചേർത്തല തെക്ക് മുരളീവം വീട്ടിൽ മേഘനയുടെയും വിവാഹം. നവദമ്പതികൾ വിവാഹശേഷം വരന്റെ വീട്ടിൽ എത്തിയശേഷം വിവാഹ വേഷത്തിൽ ആദ്യം എത്തിയത് തൊട്ടടുത്തെ പോളിങ്ങ് ബൂത്തിലേക്കായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിലെ പോളിങ്ങ് ബൂത്തിൽ നല്ല തിരക്കായിരുന്നുവെങ്കിലും പോളിങ്ങ് ഉദ്യോഗസ്ഥരും വോട്ടർമാരും വധൂവരന്മാർക്ക് പ്രത്യേക പരിഗണന നൽകി.

വേഗം അനന്തു വോട്ടുചെയ്തു. പിന്നീട് മേഘനയുടെ വോട്ട് രേഖപ്പെടുത്താൻ ചേർത്തല തെക്ക് അരീപറമ്പിലേ പോളിങ്ങ് ബൂത്തിലേക്ക് ഇരുവരും കുതിച്ചു. പി.ജി.ഭദ്രന്റെയും ബിന്ദുവിന്റെയും മകനായ അനന്തു കയർ വ്യവസായിയാണ്. മുരളീധരന്റെയും ഗിരിജയുടേയും മകളായ മേഘന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.