തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപത് മണ്ഡലങ്ങളിലെയും ജനവിധിയെഴുതി കേരളം. സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് ആറ് മണിക്ക് സംസ്ഥാനത്ത് പോളിങ് 67.27 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.

വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചെങ്കിലും നിലവിൽ ക്യൂവിലുള്ളവർക്ക് വോട്ട് ചെയ്ത് മടങ്ങാം. ടോക്കൺ ലഭിച്ചവർക്ക് ഇനി എത്രവൈകിയാലും വോട്ട് രേഖപ്പെടുത്താം. സമയം അവസാനിച്ചപ്പോഴും പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. വടകരയിലും കോഴിക്കോട് കൊടുവള്ളിയിലുമടക്കം പോളിങ് ഇഴയുന്നതായി ആക്ഷപമുയർന്നു. ഇതിനുപിന്നിൽ ഗൂഢാലോചന ആരോപിച്ച് കെ.കെ. രമ എംഎ‍ൽഎ. രംഗത്തെത്തി.

5.15 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കേരളത്തിൽ 64.73 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 71.54%. പൊന്നാനിയിലാണ് കുറവ്- 63.39%.

തിരുവനന്തപുരം-64.40,ആറ്റിങ്ങൽ-67.62, കൊല്ലം-65.33, പത്തനംതിട്ട-62.08, മാവേലിക്കര-64.27, ആലപ്പുഴ-70.90, കോട്ടയം-64.14, ഇടുക്കി-64.57, എറണാകുളം-65.53, ചാലക്കുടി-69.05, തൃശൂർ-68.51, പാലക്കാട്-69.45, ആലത്തൂർ-68.89, പൊന്നാനി-63.39, മലപ്പുറം-67.12, കോഴിക്കോട്-68.86, വയനാട്-69.69, വടകര-69.04, കണ്ണൂർ-71.54, കാസർഗോഡ്-70.37 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.

വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്‌നം പരിഹരിച്ചു.

സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാൻ, എം.ബി.രാജേഷ്, കൃഷ്ണൻകുട്ടി, കെ.രാധാകൃഷ്ണൻ, വീണാ ജോർജ്, പി.പ്രസാദ്, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, ശ്രീനിവാസൻ തുടങ്ങിയവരും ആദ്യമണിക്കൂറുകളിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു.

രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്‌പോൾ ആരംഭിച്ചു. ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണ് ഇത്തവണ ജനവിധി എഴുതാനുണ്ടായിരുന്നത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ്. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്.

പ്രശ്‌നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങൾ, 30,238 - ബാലറ്റ് യൂണിറ്റുകൾ, 30,238 - കൺട്രോൾ യൂണിറ്റ്, 32,698 - വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. .

രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളം (20), കർണാടക (14), രാജസ്ഥാൻ (13), മഹാരാഷ്ട്ര (8), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (7), അസം (5), ബിഹാർ (5), ഛത്തീസ്‌ഗഢ് (3), പശ്ചിമ ബംഗാൾ (3), മണിപ്പുർ, ത്രിപുര, ജമ്മു ആൻഡ് കശ്മീർ(ഓരോ സീറ്റു വീതം) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഏഴുഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഈമാസം 19-ന് കഴിഞ്ഞിരുന്നു. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകൾ അന്ന് വിധിയെഴുതി. 65.5 ശതമാനമായിരുന്നു പോളിങ്. മെയ്‌ ഏഴിനാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകൾ മെയ് ഏഴിന് വിധിയെഴുതും.