തിരുവനന്തപുരം: മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിങ് ശതമാന കുറവ്. പോളിങ് കുറഞ്ഞാൽ അതിനർത്ഥം ഒരു തരംഗവും കേരളത്തിൽ ആഞ്ഞു വീശിയില്ലെന്നാണ്. സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിന് ആനുകൂല്യം നൽകുന്ന വിലയിരുത്തലുകളാണ് പോളിങ് കുറയുമ്പോൾ സാധാരണ ഉയരാറുള്ളത്. അതിശക്തമായ ത്രികോണം പലമണ്ഡലങ്ങളിലും നടന്നിട്ടും വോട്ടു കൂടിയില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 2019 ൽ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്. വോട്ടു ചെയ്തവരുടെ എണ്ണത്തിൽ ഏകദേശം 8 ലക്ഷത്തിന്റെ കുറവ്. പോളിങ് ഏറ്റവുമധികം കുറഞ്ഞതു പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു. മുന്നണികൾ അവകാശപ്പെട്ട പ്രചരണത്തിലെ വീറും വാശിയും വോട്ടർമാരിലെത്തിയില്ലെന്ന് സാരം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിൽ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കൺ കൈപ്പറ്റി ക്യൂവിൽ തുടരുന്നവർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കിയിരുന്നു. പലയിടത്തും പോളിങ് രാത്രി വൈകിവരെയും തുടർന്നു. അതുകൊണ്ട് തന്നെ പോളിങ് ശതമാനം ഇനിയും കുറച്ചുയരാൻ സാധ്യതയുണ്ട്. വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവിൽ എൽ പി സ്‌കൂൾ) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആൾ വോട്ട് ചെയ്തത്. ഇന്നലെ രാത്രി 08.15 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കേരളത്തിൽ 70.35 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 75.74%. പത്തനംതിട്ടയിലാണ് കുറവ്- 63.35%. 11 മണ്ഡലങ്ങളിൽ പോളിങ് സംസ്ഥാന ശരാശരിക്കും മുകളിലാണ്.

ഇത്തവണ പോളിങ് കുറയാൻ കാരണങ്ങൾ പലതാണ്. അതിൽ ഒന്നാമത്തെ ഘടകം കാലാവസ്ഥയാണ്. നാട്ടിന് പുറത്ത് ജോലിക്കും പഠനത്തിനും പോയവരും ഇത്തവണ വോട്ട് ചെയ്യാനായി നാട്ടിലേക്ക് എത്തിയില്ല. ഇരട്ട വോട്ടിന് എതിരായി ഇത്തവണ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ഇത്തരം ക്രമവിരുദ്ധ മാർഗങ്ങൾക്ക് ഒരു പരിധി വരെ തടയിടാനായി. തിരഞ്ഞെടുപ്പ് ഗതിയെ നിയന്ത്രിക്കുന്ന വിവാദ വിഷയങ്ങളുടെ അഭാവം പ്രതിസന്ധിയായി. നല്ലൊരു വിഭാഗം വോട്ടർമാർ വോട്ടെടുപ്പിൽ നിന്നു മാറി നിന്നു. ഇതാണ് വരും ദിവസങ്ങളിൽ കേരളം കൂടുതൽ ചർച്ച ചെയ്യുക. ഇത് ആരെ തുണയ്ക്കുമെന്നതാണ് നിർണ്ണായകം.

അതിനിടെ സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ കാത്ത് നിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ല. ആറ് മണിക്ക് മുൻപ് പോളിങ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലും ഉണ്ടായി. മിക്കയിടത്തും മന്ദഗതിയിലാണ് വോട്ടിങ് നടന്നത്. നാലര മണിക്കൂർ വരെ ചില വോട്ടർമാർക്ക് കാത്ത് നിൽക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിങ് നടന്നത്. പോളിങ് ശതമാനം കുറയാൻ കാരണമായതും ഉദ്യോഗസ്ഥ തലത്തിലെ മൊല്ലപോക്കാണ്.

വോട്ടിങ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിങ് സമയം ദീർഘിപ്പിച്ച് നൽകിയില്ല. സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.