- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് മുന്നണികൾ. പലയിടത്തും ത്രികോണ മത്സരം നടന്നെങ്കിലും വോട്ടിംഗിൽ അത് പ്രതിഫലിച്ചില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. എട്ടു സീറ്റുകൾ ഇടതുമുന്നണിക്ക് കിട്ടുമെന്ന് ഉറപ്പാണെന്ന് സിപിഎം വിലയിരുത്തുന്നു. കാസർഗോഡും കണ്ണൂരും വടകരയിലും ആലത്തൂരിലും മാവേലിക്കരയിലും ആറ്റിങ്ങലിലും തൃശൂരിലും ജയമുറപ്പാണെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും സിപിഎം നേതാക്കൾ പറയുന്നു.
എന്നാൽ ഇരുപതിലും ജയിക്കുമെന്നാണ് യുഡിഎഫ് ആത്മവിശ്വാസം. ആറ്റിങ്ങലിൽ പോരാട്ടം കടുത്തതായിരുന്നു. തിരുവനന്തപുരത്തും ത്രികോണ പോരിനെ ശശി തരൂർ അതിജീവിക്കും. തൃശൂരിലും കെ മുരളീധരൻ ജയിക്കുമെന്ന് കോൺഗ്രസ് പറയുന്നു. ലീഗ് കോട്ടകൾക്ക് ഇളക്കമുണ്ടാകില്ല. ഇതിനൊപ്പം വടകരയിലും കണ്ണൂരിലും കാസർഗോഡും ജയിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. തിരുവനന്തപുരത്തും തൃശൂരും അത്ഭുതം നടക്കുമെന്ന് ബിജെപിയും പറയുന്നു. പാലക്കാടും ആലപ്പുഴയിലും ആറ്റിങ്ങലിലും ജയപ്രതീക്ഷയിലാണ് ബിജെപി. പോളിങ് ശതമാനം കുറഞ്ഞത് ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തെയാണ് ബിജെപി ഭയപ്പെടുന്നത്.
ഓരോ മണ്ഡലങ്ങളിലെയും പോൾ ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ പാർട്ടികൾ കൂട്ടിക്കിഴിക്കലുകൾ നടത്തും. തങ്ങൾക്കു കിട്ടുന്ന വോട്ടുകൾ കൃത്യമായി ലഭിച്ചെന്ന് മൂന്നു മുന്നണികളും ആവകാശപ്പെട്ടു. കനത്ത ചൂടുകാരണം വോട്ടിങ് ശതമാനം കുറഞ്ഞുവെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. 2019ൽ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.22 ശതമാനമായി കുറഞ്ഞു. 7.29 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 10.95% പോളിങ് കുറഞ്ഞു. അതിശക്തമായ ത്രികോണ മത്സരമായിരുന്നു ഇവിടെ. എന്നാൽ ഒരു തരംഗവും പത്തനംതിട്ടയിലുണ്ടായില്ല.
ഭരണവിരുദ്ധവികാരം ഇല്ലാത്തതിന്റെ തെളിവാണ് സംസ്ഥാനത്ത് പോളിങ് ശതമാനം ഉയരാത്തതെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. പാർട്ടി വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്തു. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം ഇത്തവണ ഇടതിനാണെന്നും പലയിടത്തും അവസാനനിമിഷം ജയസാധ്യത തെളിഞ്ഞെന്നും എൽഡിഎഫ് പറയുന്നു. തങ്ങളുടെ എക്ലാസ് മണ്ഡലങ്ങളിൽ മികച്ച പോളിങ് നടന്നുവെന്നും അതിനാൽ ഇത്തവണ കേരളത്തിൽ താമര വിരിയുമെന്നും ബിജെപി നേതാക്കൾ അവകാശപ്പെട്ടു. മോദിക്കും പിണറായിക്കും എതിരെയുള്ള വിധിയെഴുത്താണ് നടന്നതെന്നും 20 സീറ്റിലും വിജയിക്കുമെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.
പോളിംഗിലുണ്ടായ കുറവ് സംസ്ഥാനത്തൊട്ടാകെ ഒരേ പാറ്റേണിലാണ് നടന്നിരിക്കുന്നത്. ഇത് ആർക്ക് ദേഷമാകുമെന്ന് അറിയാൻ ജൂൺ നാലുവരെ കാത്തിരിക്കണം. സാധാരണ നിലയിൽ പോളിങ് കുറയുന്നത് ഇടതിനാണ് കരുത്താകാറുള്ളത്. ഇതാണ് സിപിഎം ആത്മവിശ്വാസം ഉയരാൻ കാരണം. സംഘടനാ കരുത്തിൽ ഇത്തവണ ലോക്‌സഭയിൽ നേട്ടമുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തൽ.