തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിങ് നീണ്ടത്. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയതെന്നും സഞ്ജയ് കൗൾ പറഞ്ഞു.

ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂർവ്വമായ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. പരാതി കിട്ടിയാൽ ഉറപ്പായും പരിശോധിക്കുമെന്നും ചിലയിടങ്ങളിൽ വോട്ട് ചെയ്യാൻ സമയം കൂടുതൽ എടുത്തുവെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇതുവരെ 71.16 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വീട്ടിലെ വോട്ടും തപാൽ വോട്ടും ചേർക്കാതെയാണ് പുതിയ കണക്ക്. ഇതിൽ ഇനിയും മാറ്റം വരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തപാൽവോട്ടുകൾ ചേർക്കുമ്പോൾ പോളിങ് 72 ശതമാനം പിന്നിട്ടേക്കാം.

മണ്ഡലം തിരിച്ച് പോളിങ്:

1. തിരുവനന്തപുരം-66.46
2. ആറ്റിങ്ങൽ-69.40
3. കൊല്ലം-68.09
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.91
6. ആലപ്പുഴ-74.90
7. കോട്ടയം-65.60
8. ഇടുക്കി-66.53
9. എറണാകുളം-68.27
10. ചാലക്കുടി-71.84
11. തൃശൂർ-72.79
12. പാലക്കാട്-73.37
13. ആലത്തൂർ-73.20
14. പൊന്നാനി-69.21
15. മലപ്പുറം-72.90
16. കോഴിക്കോട്-75.42
17. വയനാട്-73.48
18. വടകര-78.08
19. കണ്ണൂർ-76.92
20. കാസർകോട്-75.94

ആകെ വോട്ടർമാർ-2,77,49,159
ആകെ വോട്ട് ചെയ്തവർ-1,97,48,764(71.16%)
ആകെ വോട്ട് ചെയ്ത പുരുഷന്മാർ-94,67,612(70.57%)
ആകെ വോട്ട് ചെയ്ത സ്ത്രീകൾ-1,02,81,005(71.72%)
ആകെ വോട്ട് ചെയ്ത ട്രാൻസ് ജെൻഡർ-147(40.05%)

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ (2019) 77.84 ശതമാനമായിരുന്നു പോളിങ്. 30 വർഷത്തിനിടെയുള്ള റെക്കോർഡ് പോളിങ്ങായിരുന്നു അന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ (2021) കോവിഡ് പ്രതിസന്ധിക്കിടയിലും പോളിങ് 74.06 ശതമാനത്തിലെത്തിയിരുന്നു.

കനത്ത ചൂടു കാരണം വോട്ടർമാർ ബൂത്തുകളിലെത്താത്തതും മണിക്കൂറുകളുടെ കാത്തിരിപ്പു കാരണമുള്ള മടങ്ങിപ്പോക്കും വോട്ടിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ടെന്നാണു പൊതുവിലയിരുത്തൽ. വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവു കാരണമുള്ള കാലതാമസവും പലയിടത്തും രാത്രി ഏറെ വൈകിയും വോട്ടെടുപ്പു നീളാനിടയാക്കി. തിരുവനന്തപുരം, വടകര മണ്ഡലങ്ങളിലെ ഒട്ടേറെ ബൂത്തുകളിൽ വോട്ടു ചെയ്യാൻ പതിവിൽ കൂടുതൽ സമയമെടുത്തെന്ന പരാതിയുമുണ്ട്.