- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരാമ്പ്ര സംഘർഷം: പരുക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നൊച്ചാട് മാവട്ടയിലുണ്ടായ സംഘർഷത്തിൽ സാരമായി പരിക്കേറ്റ യു.ഡി.എഫ്. പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് നേതൃത്വം. പേരാമ്പ്ര പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ലിജാസ് മാവട്ടയിൽ, ജാസർ തയ്യുള്ളതിൽ, സമീർ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് ശനിയാഴ്ച രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിൽ എടുത്തത്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് എൽ.ഡി.എഫ്., യു.ഡി.എഫ്. പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നാല് യു.ഡി.എഫ്. പ്രവർത്തകർക്കും രണ്ട് എൽ.ഡി.എഫ്. പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. തലയ്ക്കും വയറിനുമുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ചത്.
പൊലീസ് നടപടിക്കെതിരെ യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിൽനിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. നിൽക്കാൻ പോലും സാധിക്കുന്ന അവസ്ഥയിലല്ല ഇവരുള്ളത്. മുകളിൽ നിന്നുള്ള ഇടപെടൽ മൂലമാണ് പൊലീസ് സാരമായി പരുക്കേറ്റവരെ ആശുപത്രിയിൽ പോയി കസ്റ്റഡിയിലെടുത്തത്.
അതേസമയം എൽഡിഎഫ് പ്രവർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുഡിഎഫ് ആരോപിച്ചു. പരുക്കേറ്റവരെ തിരികെ ആശുപത്രിയിലെത്തിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ സംഘടിച്ചിരിക്കുകയാണ്. മുകളിൽ നിന്നുള്ള നിർദേശമായതിനാൽ തങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.