- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകും: യോഗി
ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ 'ബീഫ്' വിഷയം ചർച്ചയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലെത്തിയാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകാൻ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. കോൺഗ്രസിന്റെ പ്രകടന പ്രകടനപത്രികയെ ബിജെപി ശക്തമായി വിമർശിക്കുന്നതിനിടെയാണ്, യോഗിയുടെ പുതിയ ആരോപണം.
തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽവന്നാൽ ബീഫ് കഴിക്കാനുള്ള അനുമതി എല്ലാവർക്കും നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബീഫ് കഴിക്കാനുള്ള അനുമതി നൽകിക്കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കമെന്ന് മൊറാദാബാദിൽ നടന്ന ബിജെപി പ്രചാരണ പരിപാടിക്കിടെ യോഗി ആദിത്യനാഥ് ആരോപിച്ചു.
'നാണംകെട്ട കോൺഗ്രസ് ബീഫ്കഴിക്കാനുള്ള അനുമതി നൽകുമെന്ന വാഗ്ദാനം നൽകിയിരിക്കുകയാണ്. കശാപ്പുകാരുടെ കയ്യിലേക്കാണ് പശുവിനെ കൊടുക്കാൻ പോകുന്നത്. ഇന്ത്യ ഇത് അംഗീകരിക്കുമോ ? ഗോമാതാവിനോടുള്ള ആരാധന കാരണം ഹിന്ദു ആചാരം പിന്തുടരുന്ന രാജ്യത്തുടനീളമുള്ള ജനങ്ങൾ ബീഫ് കഴിക്കാത്തവാരാണ്. ന്യൂനപക്ഷങ്ങളെ പരിഗണിച്ച് കോൺഗ്രസ് ബീഫ് കഴിക്കാനുള്ള ഇളവ് നൽകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല - ആദിത്യനാഥ് വിമർശിച്ചു. കോൺഗ്രസിന്റെ പ്രകടനപത്രികയിൽ എവിടെയും ബീഫിനെപ്പറ്റി പരാമർശമില്ല എന്നിരിക്കെയാണ് അദ്ദേഹം ഈ വിഷയത്തിൽ ആരോപണം ഉന്നയിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ഗോവധ നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഉത്തർപ്രദേശ് ഗോഹത്യ തടയൽ (ഭേദഗതി) നിയമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഗോവധത്തെ ചുറ്റിപ്പറ്റിയുള്ള നിയന്ത്രണങ്ങൾ ശക്തമാക്കി പുതിയ നിരവധി വ്യവസ്ഥകൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. പത്തു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ് ഗോവധം. ഗോവധത്തിന് പുറമേ പശുക്കടത്തിനും കടുത്തശിക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.