തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടെടുപ്പിനിടെയുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തി. രണ്ട് വോട്ടുകൾക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കനത്ത ചൂടിൽ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേർ മടങ്ങിയ സംഭവങ്ങളുണ്ടായെന്നും പരാതിയിൽ പറയുന്നു.

സംസ്ഥാനത്ത് സുതാര്യവും നീതിപൂർവകവുമായി വോട്ടെടുപ്പ് നടന്നില്ല. രണ്ട് വോട്ടുകൾക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ആറു മണിക്ക് മുൻപ് ബൂത്തിൽ എത്തിയ നിരവധി പേർക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയിൽ ആവശ്യപ്പെട്ടു.

അതേസമയം, വടകരയിൽ രാത്രി വൈകിയും നീണ്ട പോളിങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഉടൻ പരാതി നൽകാനൊരുങ്ങുകയാണ് യുഡിഎഫ്. യുഡിഎഫ് അനുകൂല ബൂത്തുകളിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂർവം അട്ടിമറി നടത്താൻ ശ്രമിച്ചു എന്നാണ് യുഡിഎഫ് ആക്ഷേപം. എന്നാൽ, വൈകീട്ട് കൂടുതൽ വോട്ടർമാർ കൂട്ടത്തോടെ എത്തിയതാണ് പോളിങ് നീളാൻ കാരണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. പരാതി കിട്ടിയാൽ പരിശോധിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ജയ് കൗൾ അറിയിച്ചിരുന്നു.

കേരളം ഉറ്റുനോക്കുന്നൊരു മണ്ഡലമാണ് വടകര. ഇഞ്ചോടിഞ്ച് പോരാട്ടമാണ് വടകരയിൽ നടക്കുന്നത്. യുഡിഎഫിന് വേണ്ടി ഷാഫി പറമ്പിൽ എൽ ഡി എഫിന് വേണ്ടി കെകെ ശൈലജ എന്നിവരാണ് മത്സരിക്കുന്നത്. ഇവർ തമ്മിൽ തന്നെയാണ് മത്സരം. പ്രഫുൽ കൃഷ്ണനാണ് എൻഡിഎയുടെ സ്ഥാനാർത്ഥി.