ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാടിനു പുറമേ, യുപിയിലെ റായ് ബറേലിയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചേക്കും. അമേഠിയിൽ നെഹ്‌റു കുടുംബം മത്സരിക്കില്ലെന്നാണ് റിപ്പോർട്ട്. അതേസമയം സഹോദരി പ്രിയങ്ക ഗാന്ധി ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്നാണ് സൂചന. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ച അമേഠിയിൽ നെഹ്റു കുടുംബത്തിന്റെ ബന്ധു ഷീല കൗളിന്റെ കൊച്ചുമകൻ സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ട്.

രാഹുലും പ്രിയങ്കയും യുപിയിലെ അമേഠിയിലും റായ് ബറേലിയിലും മത്സരിക്കുമോയെന്ന അനിശ്ചിതത്വം നിലനിൽക്കെയാണ് പുതിയ റിപ്പോർട്ടുകൾ. ഇരുവരും മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വം പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. പ്രിയങ്കയ്ക്ക മത്സരിക്കാൻ താൽപ്പര്യമില്ല. അമേഠിയിൽ മത്സരിക്കാൻ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് താൽപ്പര്യമുണ്ട്. എന്നാൽ ഇത് പാർട്ടി അംഗീകരിക്കുന്നില്ല.

നെഹ്റു കുടുംബം പരമ്പരാഗതമായി മത്സരിക്കുന്ന സീറ്റുകളാണ് അമേഠിയും റായ്ബറേലിയും. സോണിയാഗാന്ധിയാണ് കഴിഞ്ഞ തവണ വരെ റായ്ബറേലിയിൽ നിന്നും വിജയിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ സോണിയാഗാന്ധി ഇത്തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് റായ്ബറേലിയിലും സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വന്നത്. രാഹുലിന് ഇവിടെ മത്സരിക്കാൻ സന്നദ്ധനുമാണ്. കോൺഗ്രസിന്റെ ഉറച്ച സീറ്റായായാണ് ഇതിനെ വിലയിരുത്തുന്നത്.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സുപ്രധാന സീറ്റുകളിലൊന്നാണ് റായ്ബറേലി. 1951 മുതൽ കോൺഗ്രസിന്റെ കരുത്തുറ്റ കോട്ടയാണ്. തുടർച്ചയായി കഴിഞ്ഞ നാലുതവണയും സോണിയയാണ് റായ്ബറേലിയിലെ എംപി. പ്രിയങ്ക ലോക്സഭയിലേക്ക് മത്സരിക്കാൻ വിമുഖത കാണിക്കുന്നതും, ഗാന്ധി കുടുംബം കുടുംബത്തിന്റെ ശക്തികേന്ദ്രത്തിൽ നിന്നും ഒളിച്ചോടുന്നു എന്ന ബിജെപിയുടെ പരിഹാസവുമാണ് രാഹുലിനെ റായ് ബറേലിയിൽ മത്സരിപ്പിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്.