ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് രാജ്യം തയ്യാറെടുക്കുന്നതിനിടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്ന ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്ത് വിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആകെ 66.14ശതമാനമാണ് പോളിങ്. രണ്ടാം ഘട്ടത്തിൽ 66.71ശതമാനമാണ് ആകെ പോളിങ്.

രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന കേരളത്തിൽ 71.27ശതമാനമാണ് ആകെ പോളിങ്. അന്തിമ കണക്ക് പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഏറ്റവും പുതിയ കണക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. കേരളത്തിൽ വടകരയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് (78.41ശതമാനം). പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് (63.37ശതമാനം)

മെയ് ഏഴാം തിയതിയാണ് മൂന്നാംഘട്ട പോളിങ് നടക്കുക. 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 94 ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഈ ഘട്ടത്തിൽ ജനവിധിയെഴുതുക. ഗുജറാത്തിലെ 26 മണ്ഡലങ്ങളും ഒറ്റഘട്ടമായി മെയ് ഏഴിന് പോളിങ് ബൂത്തിലെത്തും.

ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിൽ ഏപ്രിൽ 19ന് ആദ്യഘട്ടവും 26ന് രണ്ടാംഘട്ടവും പൂർത്തിയായിരുന്നു. അസമിലെ നാല് സീറ്റുകളും ബിഹാറിലെ അഞ്ച് സീറ്റുകളും ചത്തീസ്ഗഢിലെ ഏഴ് സീറ്റുകളും ഗോവയിലെ രണ്ട് സീറ്റുകളും ഗുജറാത്തിലെ 26 സീറ്റുകളും കർണാടകയിലെ 14 സീറ്റുകളും മധ്യപ്രദേശിലെ എട്ട് സീറ്റുകളും മഹാരാഷ്ട്രയിലെ 11 സീറ്റുകളും ഉത്തർപ്രദേശിലെ 10 സീറ്റുകളും പശ്ചിമ ബംഗാളിലെ നാല് സീറ്റുകളും ദാദ്ര നഗർ ഹവേലി ദാമൻ ദിയുവുവിലെ രണ് സീറ്റുകളും ജമ്മു ആൻഡ് കശ്മീരിലെ ഒരു സീറ്റുമാണ് മൂന്നാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിൽ മെയ് ഏഴിന് പോളിങ് ബൂത്തിലെത്തുക.

ഇതിന് ശേഷം മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 തിയതികളിലാണ് അവശേഷിക്കുന്ന ഘട്ടങ്ങളിലെ പോളിങ് നടക്കുക. ജൂൺ നാലിനാണ് രാജ്യത്തെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

ഉഷ്ണതരംഗ സാധ്യതകൾക്കിടെ രാജ്യത്ത് പോളിങ് കാര്യമായി ഇതുവരെ ഉയർന്നിട്ടില്ല. രണ്ട് ഘട്ടങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 66.14 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിൽ 66.71ശതമാനമാണ് ആകെ പോളിങ് എന്നുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന കേരളത്തിൽ 71.27 ശതമാനമാണ് ആകെ പോളിങ് രേഖപ്പെടുത്തിയത്.

അതേ സമയം ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാത്തതിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നു. അമേഠിയിലെ കോൺഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പാർട്ടി ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അതുണ്ടാകാതെവന്നതോടെയാണ് ക്ഷമകെട്ട് പ്രവർത്തകരുടെ പ്രതിഷേധം.

അമേഠിക്ക് രാഹുലിനേയോ പ്രിയങ്കയേയോ സ്ഥാനാർത്ഥിയായി വേണമെന്ന ആവശ്യവുമായാണ് ഒരു സംഘം ആളുകൾ പാർട്ടി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. അമേഠി ജില്ലാ കോൺഗ്രസ് അധ്യക്ഷൻ, മുൻ ജില്ലാ അധ്യക്ഷൻ അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. 'ഞങ്ങൾക്ക് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ വേണം. നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ പ്രതാപം വീണ്ടെടുക്കണം', പാർട്ടി ജില്ലാ വക്താവ് അനിൽ സിങ് പറഞ്ഞു.

അഞ്ചാം ഘട്ടമായി മെയ്‌ 20നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്. എന്നാൽ ഇതുവരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ നിശ്ചയിക്കാനായിട്ടില്ല, ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് നേതൃത്വം അറിയിക്കുന്നത്. റോബർട്ട് വാദ്ര മണ്ഡലത്തിൽ കണ്ണുവെക്കുന്നുണ്ടെങ്കിലും ഗാന്ധി കുടുംബം പാരമ്പര്യമായി സൂക്ഷിച്ചു പോന്നിരുന്ന ഇരു മണ്ഡലത്തിലും രാഹുലും പ്രിയങ്കയും മത്സരിക്കണമെന്നാണ് വിവിധ കോണിൽ നിന്ന് ആവശ്യം ഉയരുന്നത്. അതേസമയം, അമേഠി ലോക്സഭാ മണ്ഡലത്തിലെ ബിജെപി. സ്ഥാനാർത്ഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പത്രിക നൽകി പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

കേരളത്തിലെ അന്തിമ പോളിങ് ശതമാനം

1.ആലപ്പുഴ-75.05
2.ആലത്തൂർ-73.42
3.ആറ്റിങ്ങൽ-69.48
4.ചാലക്കുടി-71.94
5.എറണാകുളം-68.29
6.ഇടുക്കി-66.55
7.കണ്ണൂർ-77.21
8.കാസർകോട്-76.04
9.കൊല്ലം-68.15
10.കോട്ടയം-65.61
11.കോഴിക്കോട്-75.52
12.മലപ്പുറം-72.95
13. മാവേലിക്കര-65.95
14.പാലക്കാട്-73.57
15.പത്തനംതിട്ട-63.37
16.പൊന്നാനി-69.34
17.തിരുവനന്തപുരം-66.47
18.തൃശൂർ-72.90
19.വടകര-78.41
20. വയനാട്-73.57