- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈസർഗഞ്ചിൽ ബ്രിജ് ഭൂഷണ് സീറ്റില്ല; പകരം മകൻ ബിജെപി സ്ഥാനാർത്ഥി
ലഖ്നൗ: ഉത്തർപ്രദേശിലെ കൈസർഗഞ്ജിൽനിന്ന് ബിജെപി ടിക്കറ്റിൽ മൂന്ന് തവണ എംപിയായ മുൻ ഗുസ്തിഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങ് ഇത്തവണ മത്സര രംഗത്ത് ഉണ്ടാവില്ല. പകരം മകൻ കരൺ ഭൂഷൺ സിങ്ങായിരിക്കും കൈസർഗഞ്ജിൽനിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുക. ദേശീയ ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വിവാദത്തിൽ കുടങ്ങി ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ബ്രിജ്ഭൂഷണ് കനത്ത തിരിച്ചടിയാണ് പാർട്ടി തീരുമാനം.
ഇത്തവണയും താൻതന്നെ കൈസർഗഞ്ജിൽനിന്ന് സ്ഥാനാർത്ഥിയാവുമെന്നായിരുന്നു ബ്രിജ്ഭൂഷൺ പ്രതികരിച്ചിരുന്നത്. എന്നാൽ ബ്രിജ്ഭൂഷനെതിരേ ഗുസ്തി താരങ്ങൾ തെരുവിൽ പ്രതിഷേധങ്ങളും സമരങ്ങളുമായി ഇറങ്ങിയതടക്കം തിരിച്ചടിയാകുമെന്ന് ഭയന്നാണ് ബിജെപി തീരുമാനം. ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റാണ് കരൺ ഭൂഷൺ. ബ്രിജ്ഭൂഷന്റെ മറ്റൊരു മകൻ പ്രതിക്ഭൂഷൺ സിങ് ഉത്തർപ്രദേശിലെ എംഎൽഎ ആണ്.
കഴിഞ്ഞ മൂന്ന് തവണയും കൈസർഗഞ്ജിനെ പ്രതിനിധീകരിച്ചത് ബ്രിജ് ഭൂഷണായിരുന്നെങ്കിലും ഗുസ്തി വിവാദം തിരിച്ചടിയാവുമോയെന്ന ആശങ്കയാണ് ഇത്തവണ സീറ്റ് നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചതെന്നാണ് വിവരം. അഞ്ചാം ഘട്ടത്തിൽ മെയ് 20-ന് ആണ് കൈസർഗഞ്ജ് അടക്കമുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥിയെ ബിജെപി നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
പത്രിക സമർപ്പിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാലും താൻ കൈസർഗഞ്ജിൽ ജയിച്ചിരിക്കുമെന്നും ഇവിടെ 99.9 ശതമാനവും താൻ തന്നെയായിരിക്കും സ്ഥാനാർത്ഥിയെന്നും നേരത്തെ ബ്രിജ്ഭൂഷൺ പ്രതികരിച്ചിരുന്നു. കഴിഞ്ഞ തവണ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിലും അവസരം കിട്ടിയാൽ ഇത്തവണ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു. ഇതിനിടെയാണ് കരൺഭൂഷൺ സിങ്ങനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്.
വനിതാ ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയേത്തുടർന്നാണ് ബ്രിജ്ഭൂഷൺ വിവാദത്തിലായത്. താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബ്രിജ് ഭൂഷണിനെതിരേ ഡൽഹി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കൽ), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടർന്ന് ശല്യംചെയ്യൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ചുമത്തിയിരുന്നത്.
ഒരു ദശാബ്ദത്തിലേറെയായി റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ ബ്രിജ് ഭൂഷൺ ശരൺ സിങ് കഴിഞ്ഞ വർഷം ആദ്യമാണ് വാർത്തകളിൽ ഇടം നേടിയത്. രാജ്യത്തെ മുൻനിര ഗുസ്തിക്കാരായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവർ വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് വൻ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.