- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയസാധ്യത: സിപിഐ
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മൂന്ന് സീറ്റുകളിൽ ജയിക്കുമെന്ന വിലയിരുത്തലുമായി സിപിഐ എക്‌സിക്യൂട്ടീവ്. തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പാണെന്നാണ് പാർട്ടി പ്രതീക്ഷ. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കാനുള്ള സാധ്യതയുമുണ്ട്.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം വൻതോതിൽ ഇടിയുമെന്നും സിപിഐ എക്‌സിക്യൂട്ടീവ് വിലയിരുത്തുന്നു. എൽഡിഎഫിന് പന്ത്രണ്ട് സീറ്റ് കിട്ടുമെന്നാണ് സിപിഐയുടെയും കണക്ക് കൂട്ടൽ.
സിപിഐ രണ്ടു സീറ്റുകളിൽ ഉറപ്പായും വിജയിക്കും. തൃശൂരും മാവേലിക്കരയുമാണ് ജയം ഉറപ്പിക്കാവുന്ന സീറ്റുകളെന്നും പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാമെന്ന പ്രതീക്ഷയും പാർട്ടി നേതൃത്വം പങ്കുവച്ചു.
ആറ്റിങ്ങൽ, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കണ്ണൂർ, വടകര, കാസർകോട്, കോഴിക്കോട് സീറ്റുകളിലും ഇടതു മുന്നണിക്ക് വിജയിക്കാനാകുമെന്നാണ് സിപിഐ വിലയിരുത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ കോൺഗ്രസ് അനുകൂല തംരംഗം ഉണ്ടാകില്ലെന്ന് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരുമെന്ന ചിന്ത ജനങ്ങളിലുണ്ടായിരുന്നതും രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതും കഴിഞ്ഞ തവണ അവർക്ക് അനുകൂല ഘടമായി. ഇത്തവണ രാഹുൽ അനുകൂല തരംഗം ഇല്ല. ബിജെപിയെ എതിർക്കാൻ എൽഡിഎഫിനെ കഴിയൂ എന്ന ചിന്ത ജനങ്ങളിലുണ്ടെന്ന് പാർട്ടി വിലയിരുത്തുന്നു.
തൃശൂരിൽ മുൻ മന്ത്രി വി എസ്.സുനിൽകുമാറാണ് എൽഡിഎഫ് സ്ഥാനാർത്ഥി. സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥി. കെ.മുരളീധരനാണ് കോൺഗ്രസിനായി മത്സരിക്കുന്നത്. മാവേലിക്കരയിൽ സി.എ.അരുൺകുമാറാണ് സിപിഐ സ്ഥാനാർത്ഥി. കൊടിക്കുന്നിൽ സുരേഷാണ് കോൺഗ്രസ് സ്ഥാനാർത്ഥി.