- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവസേനയ്ക്ക് നൽകിയ താനെ സീറ്റിനെ ചൊല്ലി തർക്കം; മുംബൈയിൽ ബിജെപി പ്രതിഷേധം
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങവെ മഹാരാഷ്ട്രയിലെ എൻഡിഎ സഖ്യത്തിൽ കടുത്ത ഭിന്നത. മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കിയതിന് പിന്നാലെ കടുത്ത പ്രതിസന്ധി രൂപപ്പെട്ടു. ശിവസേനയ്ക്ക് നൽകിയ താനെ സീറ്റിനെ ചൊല്ലി ബിജെപിയിൽ കൂട്ടരാജി. താനെ സീറ്റ് വിട്ടുനൽകിയതിനെച്ചൊല്ലിയാണ് പ്രതിഷേധം കടുക്കുന്നത്.
താനെ ജില്ലാ ബിജെപി ഭാരവാഹികളും കോർപ്പറേഷൻ കൗൺസിലർമാരും സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയ്ക്ക് രാജിക്കത്ത് അയച്ചു. മുംബൈ മേഖയിലെ മൂന്ന് മണ്ഡലങ്ങളടക്കം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 15 സീറ്റുകളാണ് നൽകിയിരുന്നത്.
താനെ അടക്കമുള്ള സീറ്റുകൾ ശിവസേനയ്ക്ക് വിട്ട് നൽകിയതും അവരുടെ സ്ഥാനാർത്ഥികളെ ചൊല്ലിയും ബിജെപിക്കുള്ളിൽ വലിയ അസ്വരാസ്യങ്ങളാണ് സൃഷ്ടിച്ചുള്ളത്. താനെ മണ്ഡലത്തിൽ ബിജെപി മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവസാനഘട്ട ചർച്ചയിൽ ഈ സീറ്റ് ഷിൻഡെവിഭാഗം നേടിയെടുക്കുകയായിരുന്നു. മുൻ താനെ മേയർ നരേഷ് മാസ്‌കെയെ ആണ് ശിവസേന ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. അദ്ദേഹത്തിനെതിരെ ബിജെപി താനെ ഘടകം ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.
പകരം മുതിർന്ന നേതാവ് ഗണേശ് നായിക്കിന്റെ മകൻ സഞ്ജീവ് നായിക്കിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. നായിക്ക് അനുയായികൾ മുംബൈയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രതിഷേധം നടത്തി. പ്രവർത്തകരുടെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധക്കാർ മടങ്ങിയത്.
താനെയെ കൂടാതെ മുംബൈ സൗത്തിലും മുംബൈ നോർത്ത് വെസ്റ്റിലുമുള്ള ശിവസേന സ്ഥാനാർത്ഥികൾക്കെതിരെയും ബിജെപി പ്രവർത്തകരുടെ പ്രതിഷേധമുണ്ട്. മുംബൈ സൗത്തിൽ യാമിനി ജാദവും മുംബൈ നോർത്ത് വെസ്റ്റിൽ രവീന്ദ്ര വൈകാറിനെയുമാണ് ശിവസേന സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്. ഇരുവരും അഴിമതി ആരോപണങ്ങൾ നേരിടുന്നവരാണെന്നും ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്.
മഹാരാഷ്ട്രയിലെ എൻഡിഎ സീറ്റ് വിഭജനത്തിൽ ബിജെപിക്ക് മത്സരിക്കാൻ 28 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ശിവസേന 15 സീറ്റുകളിലും ഉപമുഖ്യമന്ത്രി അജിത്പവാർ നേതൃത്വം നൽകുന്ന എൻ.സി.പി. നാല്‌സീറ്റുകളിലും മത്സരിക്കും. പർഭനി മണ്ഡലത്തിൽ സ്വതന്ത്രനെ സഖ്യം പിന്തുണയ്ക്കാനുമാണ് തീരുമാനം. 2022 ജൂണിൽ ശിവസേന പിളർന്നപ്പോൾ ഷിൻഡെയോടൊപ്പം 13 എംപി.മാർ പോയിരുന്നു. പാർട്ടിക്ക് രണ്ട് മണ്ഡലങ്ങൾ കൂടി അധികമായി ലഭിച്ചിട്ടുണ്ട്.