തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ചതിൽ നാലിടത്ത് കനത്ത മൽസരമാണ് നേരിടുന്നതെന്നും പതിനാറ് സീറ്റുകളിലും പാർട്ടിയുടെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും കെപിസിസി വിലയിരുത്തൽ. ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിലാണ് കനത്ത മൽസരമുണ്ടായത്. തൃശൂരിൽ കെ. മുരളീധരന് വിജയം ഉറപ്പാണെന്നു കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. തുടക്കം മുതൽ ഒടുക്കം വരെയും യുഡിഎഫും പാർട്ടിയും ഒറ്റക്കെട്ടായിരുന്നു. മുരളീധരൻ ഇരുപതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും ഹസൻ പ്രതികരിച്ചു.

കെപിസിസി യോഗത്തിൽ നേതൃത്വത്തിനെതിരെ സ്ഥാനാർത്ഥികൾ വിമർശനമുയർത്തി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ നടത്തിയ പുനഃസംഘടന പ്രചാരണത്തെ ബാധിച്ചുവെന്ന് കെപിസിസി അവലോകന യോഗത്തിൽ സ്ഥാനാർത്ഥികൾ വിമർശനം ഉന്നയിച്ചു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമയം പോയെന്നും വിമർശനം ഉയർന്നു. കണ്ണൂരിൽ ആദ്യഘട്ടത്തിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞെന്നു കെ.സുധാകരൻ പറഞ്ഞു.

അവസാന മണിക്കൂറിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നാണ് സ്ഥാനാർത്ഥികളുടെ അഭിപ്രായം. മണ്ഡലം, ബ്ലോക്ക് പുനഃസംഘടനയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ പ്രശ്‌നങ്ങൾ നിഴലിച്ചു. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ അത് പ്രകടമായിരുന്നുവെന്നും യോഗം വിലയിരുത്തി. പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ പ്രശ്‌നം പരിഹരിക്കാനാണ് സമയം പോയതെന്നാണ് കെപിസിസി അവലോകന യോഗത്തിൽ സ്ഥാനാർത്ഥികൾ ആക്ഷേപം ഉന്നയിച്ചത്. തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുണ്ട്.

സ്ഥാനാർത്ഥികളെ സിപിഎം തന്നെ ടാർഗറ്റ് ചെയ്തുവെന്നും സിപിഐഎം തന്നെ മതത്തിന്റെ ആളായി ചിത്രീകരിച്ചുവെന്നും വടകര സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു. ബിജെപിക്കാർ പോലും ചെയ്യാത്ത വിധമായിരുന്നു സിപിഎമ്മിന്റെ നടപടിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. യുഡിഎഫിന് 20 ൽ 20 സീറ്റും ലഭിക്കുമെന്നും യോഗം വിലയിരുത്തി.

ഷാഫിക്കെതിരെ മതത്തിന്റെ പേരിൽ സിപിഎം പ്രചാരണം നടത്തിയെന്ന് എം എം ഹസ്സനും ആരോപിച്ചു. മത സൗഹാർദ്ദം തകർക്കൽ ലക്ഷ്യമിട്ടായിരുന്നു പ്രചാരണം. പാർട്ടിക്കകത്താണ് സിപിഎം മത സൗഹാർദ്ദ സദസ്സ് നടത്തേണ്ടത്. വോട്ടർ പട്ടിക മുൻ നിർത്തി കോൺഗ്രസ്സ് പരിശോധന നടത്തും. ബൂത്ത് തലത്തിൽ പരിശോധന നടത്തി കെപിസിസിക്ക് റിപ്പോർട്ട് നൽകണം. ആരൊക്കെ വോട്ട് ചെയ്തു, മരിച്ച ആളുകളുടെ പേര് പട്ടികയിൽ ഉണ്ടോ എന്നതടക്കം പരിശോധിക്കും. വോട്ട് ചെയ്യാത്തവരുടെ കണക്കും ശേഖരിക്കുമെന്നും എം എം ഹസ്സൻ വ്യക്തമാക്കി.

രാഹുൽ ഗാന്ധിക്കെതിരായ പരാമർശം പിൻവലിച്ച് പി വി അൻവർ മാപ്പ് പറയണമെന്നും കേസും നിയമനടപടിയും തുടരുമെന്നും എം എം ഹസ്സൻ പറഞ്ഞു. ഷാഫിക്കെതിരെ നടന്നത് വെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീയ പ്രചരണമാണ്. നിസാരമായി തള്ളക്കളയാനാവില്ല. വൻ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ടെന്നും ആദ്യഘട്ടത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ഭൂരിപക്ഷം ഉണ്ടാകുമെന്നും എം എം ഹസ്സൻ പറഞ്ഞു.

തൃശ്ശൂരിൽ 20,000ത്തിൽ കുറയാത്ത ഭൂരിപക്ഷമുണ്ടാകുമെന്നും എൽഡിഎഫ് രണ്ടാം സ്ഥാനത്താകുമെന്നും യോഗം വിലയിരുത്തി. നാട്ടിക, പുതുക്കാട് നിയമസഭാ മണ്ഡലങ്ങളിൽ വി എസ് സുനിൽകുമാർ ലീഡ് ചെയ്യും. ബാക്കി അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് ചെയ്യും. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം ബിജെപി രണ്ടാം സ്ഥാനത്തായിരിക്കുമെന്നുമാണ് വിലയിരുത്തൽ.

ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ, തൃശൂർ മണ്ഡലങ്ങളിൽ കടുത്ത മത്സരം നേരിട്ടു. എന്നാൽ മുൻതൂക്കം യുഡിഎഫിനായിരിക്കും. സംസ്ഥാനത്ത് നിശബ്ദ തരംഗമുണ്ടായിരുന്നു. ഭരണ വിരുദ്ധ വികാരമാണ് നിഴലിച്ചത്. പോളിങ് കുറഞ്ഞത് ഇതിന്റെ ഭാഗമാണെന്നും യോഗം വിലയിരുത്തി.

പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ണൂരിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് കെ സുധാകരനും യോഗത്തെ അറിയിച്ചു. എന്നാൽ പിന്നീടത് പരിഹരിക്കാനായി. വിജയം ഉറപ്പാണെന്നും കെ സുധാകരൻ പറഞ്ഞു. പാലക്കാട് 25000 വോട്ടിന് ജയിക്കുമെന്ന് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ യോഗത്തെ അറിയിച്ചു. കഴിഞ്ഞ തവണ താൻ മൂന്നാം സ്ഥാനത്ത് പോകുമെന്ന് ഇടതുമുന്നണി പ്രചാരണം നടത്തിയിരുന്നു. ഇത്തവണ തോൽക്കുമെന്ന് പറയുന്നത് സമാന പ്രചാരണത്തിന്റെ ഭാഗമാണെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.