ഷിംല: ആർ ജെ ഡി നേതാവ് തേജസ്വി യാദവിനെ ലക്ഷ്യമിട്ടുള്ള ബോളിവുഡ് നടിയും ഹിമാചൽ പ്രദേശിലെ മണ്ഡി ലോക്സഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിന്റെ വിമർശനം ചെന്നുകൊണ്ടത് ബിജെപി നേതാവിന്. മണ്ഡിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ കങ്കണയുടെ നാക്കുപിഴ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ വിഷയം ചർച്ചയാകുന്നു.

ആർ.ജെ.ഡി. നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ലക്ഷ്യമിട്ടുള്ള വിമർശനമാണ് പേരുമാറി സ്വന്തം നേതാവിനെതിരെ തിരിഞ്ഞത്. തേജസ്വി യാദവിന് പകരം ബെംഗളൂരു സൗത്തിലെ ബിജെപി. സ്ഥാനാർത്ഥിയും യുവമോർച്ച മുൻ ദേശീയ അധ്യക്ഷനും ബിജെപിയുടെ തീപ്പൊരു നേതാവുമായ തേജസ്വി സൂര്യയുടെ പേരായിരുന്നു കങ്കണ പ്രസംഗത്തിൽ പറഞ്ഞത്.

'പരാജയപ്പെട്ട യുവരാജാക്കന്മാരുടെ പാർട്ടിയുണ്ട്. എവിടെയാണ് പോകേണ്ടതെന്ന് അവർക്കുതന്നെ അറിയില്ല. അത് ചന്ദ്രനിൽ ഉരുളക്കിഴങ്ങ് വളർത്താൻ ആഗ്രഹിക്കുന്ന രാഹുൽഗാന്ധിയാവട്ടെ, ഗുണ്ടായിസം കാണിക്കുകയും മത്സ്യം കഴിക്കുകയുംചെയ്യുന്ന തേജസ്വി സൂര്യയാവട്ടെ', എന്നായിരുന്നു കങ്കണയുടെ വാക്കുകൾ. തേജസ്വി യാദവ് നവരാത്രിദിവസങ്ങളിൽ മീൻ കഴിച്ചെന്ന ആരോപണവുമായി ബിജെപി. നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണ വിമർശനം ഉന്നയിച്ചത്.

കങ്കണ പറഞ്ഞുവന്നപ്പോൾ പേരുമാറി സ്വന്തം പാർട്ടിയായ ബിജെപിയിലെ നേതാവിന്റെ പേരാണ് പറഞ്ഞത്. മത്സ്യം കഴിക്കുന്നതിനെ കുറിച്ച് പറയുന്നതിനിടയിൽ തേജസ്വി യാദവ് എന്നതിനു പകരം തേജസ്വി സൂര്യ എന്നാണ് കങ്കണ പറഞ്ഞത്. ബംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാർത്ഥിയും നിലവിലെ എംപിയുമാണ് തേജസ്വി സൂര്യ.

നവരാത്രിക്കിടെ മത്സ്യം കഴിച്ചെന്ന ആരോപണം തേജസ്വി യാദവിനെതിരെ നേരത്തെ ബിജെപി ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ഇത് പ്രതിപക്ഷത്തിനെതിരായ പ്രചാരണ ആയുധമാക്കി.

എന്നാൽ കങ്കണ പറഞ്ഞപ്പോൾ നാക്കുപിഴച്ചു. തേജസ്വി യാദവ് എന്നതിന് പകരം തേജസ്വി സൂര്യ എന്നാണ് പറഞ്ഞത്. 'ഏതാണ് ഈ മാഡം' എന്ന ചോദ്യവുമായി തേജസ്വി യാദവ് കങ്കണയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചു. നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുമ്പുള്ള തന്റെ വീഡിയോ ആണ് പുറത്തുവന്നതെന്ന് തേജസ്വി യാദവ് നേരത്തെ വിശദീകരിച്ചിരുന്നു.ആർ ജെ ഡി നേതാവ് മുകേഷ് സാഹ്നിക്കായുള്ള പ്രചാരണത്തിന് ശേഷം ഹെലികോപ്റ്ററിൽ വച്ച് വറുത്ത മീനും റൊട്ടിയും കഴിക്കുന്ന തേജസ്വി യാദവിന്റെ വീഡിയോ ആണ് പുറത്തുവന്നത്. തേജസ്വി യാദവ് നവരാത്രി നാളിൽ മത്സ്യം കഴിച്ചെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം.