- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിങ് ശതമാനത്തിൽ ഇടിവ്
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിലും പോളിങ് ശതമാനത്തിൽ കനത്ത ഇടിവ്. അഞ്ച് മണിവരെ ആകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആകെ പോളിങ് 67.4 ശതമാനമായിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിങ് ശതമാനം കുറഞ്ഞതിനെ തുടർന്ന് വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കാൻ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. എന്നാൽ കാര്യമായ ഉയർച്ച പോളിങ് ശതമാനത്തിലുണ്ടായില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മധ്യപ്രദേശിലാണ് കൂടുതൽ പോളിങ് രേഖപ്പെടത്തിയത്. മുന്നണികളുടെ പ്രധാനമുഖങ്ങളായ അമിത് ഷാ, ശിവരാജ് സിങ് ചൗഹാൻ, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്‌ളാദ് ജോഷി, ദിഗ്‌വിജയ് സിങ്,, ഡിംപിൾ യാദവ്, സുപ്രിയാ സുലെ തുടങ്ങിയവരുടെ ജനവിധി ഇന്ന് നിർണയിക്കപ്പെടും.
അസം (4), ബിഹാർ (5), ഛത്തീസ്‌ഗഢ് (7), ഗോവ (2), ഗുജറാത്ത് (25), കർണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തർപ്രദേശ് (10), പശ്ചിമബംഗാൾ (4) സംസ്ഥാനങ്ങൾക്കു പുറമേ കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആൻഡ് നാഗർഹവേലി (2), ദാമൻ ആൻഡ് ദിയു (2) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ബംഗാളിലും അസമിലും യഥാക്രമം 73 ശതമാനവും 74 ശതമാനം പോളിങും മഹാരാഷ്ട്രയിൽ 54 % പോളിങുമാണ് ഇതുവരെ രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെതന്നെ ബുത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കണ്ടറി സ്‌കൂളിലെത്തി രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്.
ബംഗാളിൽ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനെ തൃണമൂൽ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. യുപിയിൽ ബൂത്ത് പിടിക്കാൻ ബിജെപി ശ്രമിച്ചെന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു. ഉത്തർപ്രദേശിൽ രാവിലെ ഭേദപ്പെട്ട പോളിങ് നടന്നെങ്കിലും ഉച്ചയോടെ ഇത് ഇടിഞ്ഞു. ബിജെപി പ്രവർത്തകർ പലയിടത്തും ബൂത്തുകൾ കൈയടക്കിയെന്ന് സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. പരാതിക്ക് അടിസ്ഥാനമില്ലന്ന് ബിജെപി തിരിച്ചടിച്ചു
കർണാടകയിൽ ബിജെപി ശക്തികേന്ദ്രങ്ങളായ തീരദേശ കർണാടകയിലും, മുംബൈ കർണാടകയിലെ മേഖലകളിലുമാണ് പോളിങ് ശതമാനം ഉയർന്നത്. വൈകിട്ട് അഞ്ചുവരെ കർണാടകയിൽ 66.05ശതമാനമാണ് പോളിങ്. കൊടുംവെയിലിൽ വോട്ടർമാർ എത്താതായതോടെ ആകെ പോളിങ് അമ്പത് ശതമാനം കടക്കാൻ മൂന്ന് മണി കഴിയേണ്ടി വന്നു.
ഇതിനിടെ, ബൂത്തിനകത്ത് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്ക് എതിരെ ബിജെപി പ്രവർത്തകർ റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. ലക്ഷ്മിയുടെ മകൻ മൃണാൾ സ്ഥാനാർത്ഥിയാണെന്നിരിക്കേ, പോളിങ് സ്റ്റേഷനകത്ത് വച്ച് സ്ഥാനാർത്ഥിയുടെ സീരിയൽ നമ്പർ സൂചിപ്പിക്കും വിധം വിരലുയർത്തിക്കാട്ടി എന്നാണ് പരാതി.
മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളിൽ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിങ് ഇടിഞ്ഞു. ശക്തമായ പോരാട്ടം നടന്ന ബാരമതിയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. കടുത്ത ചൂട് മൂന്നാം ഘട്ടത്തിലും വില്ലനായി എന്നാണ് വിലയിരുത്തൽ. രത്‌ന ഗിരി - സിന്ധ് ദുർഗിൽ മത്സരിച്ച നാരായൺ റാണെയും ബാരമതിയിൽ സുപ്രിയ സുലെയുമായിരുന്നു പ്രധാന സ്ഥാനാർത്ഥികൾ. ഗുജറാത്തിലും ഉച്ചയോടെ പോളിങ് മന്ദഗതിയിലായി രണ്ടു മണ്ഡലങ്ങൾ മാത്രമുള്ള ഗോവയിൽ എന്നാൽ നല്ല പോളിങ് നടന്നു.
പശ്ചിമബംഗാളിലെ ജങ്കിപ്പൂരിൽ ബിജെപി സ്ഥാനാർത്ഥി ധനഞ്ജയ് ഘോഷും തൃണമൂൽ പ്രവർത്തകരും തമ്മിൽ കയ്യാങ്കളി നടന്നു. മുർഷിദാബാദിൽ സിപിഎം സംസ്ഥാന സെക്രട്ടറിയും സ്ഥാനാർത്ഥിയുമായ മുഹമ്മദ് സലീമിനും തൃണമൂല് പ്രവർത്തകർക്കും ഇടയിൽ ഉന്തും തള്ളും ഉണ്ടായി. വ്യാജവോട്ടർമാര പിടികൂടിയതായി മുഹമ്മദ് സലീം അവകാശപ്പെട്ടു. ആസം, കർണാടക, ഗുജറാത്ത്, ഗോവ, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്ന് പൂർത്തിയായി. ആകെ 261 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇനി നാലു ഘട്ടങ്ങളിൽ ബാക്കിയുള്ളത്.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്. സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്‌രജൗരി മണ്ഡലത്തിൽ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചത്.