- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോദിക്ക് 75 വയസ്സാകുന്നതിൽ സന്തോഷിക്കേണ്ട; പ്രധാനമന്ത്രി സ്ഥാനത്ത് വീണ്ടും വരും'
ഹൈദരാബാദ്: മൂന്നാം തവണ നരേന്ദ്ര മോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് മൂന്നാം തവണയും കാലാവധി പൂർത്തിയാക്കുമെന്ന് അമിത് ഷാ പറഞ്ഞു. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
"മോദിജിക്ക് 75 വയസ് തികയുന്നതിൽ കേജ്രിവാളും ഇന്ത്യാ സഖ്യവും സന്തോഷിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാൻ കഴിയില്ലെന്ന് ബിജെപിയുടെ ഭരണഘടനയിൽ എഴുതിയിട്ടില്ല. മോദിജി വീണ്ടും പ്രധാനമന്ത്രിയാവുകയും കാലാവധി പൂർത്തിയാക്കുകയും ചെയ്യും." അമിത് ഷാ പറഞ്ഞു.
'അരവിന്ദ് കെജ്രിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് ബിജെപിയുടെ ഭരണഘടനയിൽ അത്തരത്തിൽ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂർത്തിയാക്കും. ഭാവിയിൽ മോദി തന്നെ രാജ്യത്തെ നയിക്കും. ബിജെപിയിൽ അത്തരത്തിൽ യാതൊരു ആശങ്കയും നിലനിൽക്കുന്നില്ല' അമിത് ഷാ പറഞ്ഞു.
അദ്ദേഹത്തെ മാറ്റില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. സെപ്റ്റംബർ 17-ഓടു കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസാകുമെന്നും പാർട്ടി നിയമം അനുസരിച്ച് 75 കഴിഞ്ഞ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. മോദി നിലവിൽ വോട്ട് ചോദിക്കുന്നത് അമിത് ഷായ്ക്ക് വേണ്ടിയാണെന്നും അടുത്ത തവണ ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.
മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി അടക്കമുള്ളവരുടെ രാഷ്ട്രീയ ഭാവി തന്നെ ബിജെപി. തുടച്ചു നീക്കിയെന്ന് പറഞ്ഞ കെജ്രിവാൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുയായിരുന്നു അമിത് ഷാ.
പ്രധാനമന്ത്രി മോദിക്ക് പകരമായി ആരെയും അവതരിപ്പിക്കാൻ പ്രതിപക്ഷ സഖ്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് നേരത്തെ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു. നേതാക്കൾ മാറിമാറി രാജ്യത്തെ ഏറ്റവും ശക്തമായ പദവി വഹിക്കുമെന്ന് അവർ പറയുന്നത്.
കോവിഡ് പോലുള്ള മറ്റൊരു മഹാമാരിയിൽ നിന്ന് നമ്മെ രക്ഷിക്കാൻ ആർക്ക് കഴിയും, ജി-20 ഉച്ചകോടിയിൽ നരേന്ദ്ര മോദിക്ക് പകരം ആർക്ക് നയിക്കാൻ കഴിയും. ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി മോദി മാറ്റി, ചന്ദ്രയാൻ ദൗത്യവും മോദിയുടെ നേതൃത്വത്തിലായിരുന്നു. അതിനാൽ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ നേതാവ് നരേന്ദ്ര മോദിയാണ്' അമിത് ഷാ പറഞ്ഞു.
കേജ്‌രിവാളിന് മറുപടിയുമായി ബിജെപി വക്താവ് സുധാംശു ത്രിവേദിയും രംഗത്തെത്തി. മദ്യപിച്ചാൽ നിയന്ത്രണം നഷ്ടമായി ചിലർ സത്യം പറയുമെന്ന് ത്രിവേദി പരിഹസിച്ചു. ഇത്തവണ മോദി തന്നെയാകും അധികാരത്തിൽ വരികയെന്ന് കേജ്രിവാൾ സമ്മതിച്ചിരിക്കുന്നു. താൻ വീണ്ടും ജയിലിൽ പോയാൽ ആര് മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പറയുന്നില്ലെന്നും സുധാംശു ത്രിവേദി പറഞ്ഞു.
നരേന്ദ്ര മോദി വീണ്ടു പ്രധാനമന്ത്രിയായാൽ അടുത്ത വർഷം അദ്ദേഹം സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുമെന്നും പകരം അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നുമായിരുന്നു കേജ്രിവാളിന്റെ പ്രസ്താവന. "ജനങ്ങൾ ഇന്ത്യാ സഖ്യത്തോട് ചോദിക്കുന്നത്, ആരാണ് ഞങ്ങളുടെ പ്രധാനമന്ത്രിയെന്ന്. ഞാൻ ബിജെപിയോട് ചോദിക്കുന്നു ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി? ഈ സെപ്റ്റംബർ 17ന് മോദിക്ക് 75 വയസ്സ് തികയുകയാണ്. 75 വയസ്സായാൽ പാർട്ടിയിലെ നേതാക്കൾ വിരമിക്കണമെന്നാണ് മോദിയുടെ ചട്ടം.
"എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ, യശ്വന്ത് സിൻഹ എന്നിവർക്ക് നിർബന്ധിത വിരമിക്കലായിരുന്നു. മോദി സെപ്റ്റംബർ 17 ന് വിരമിക്കാൻ പോകുന്നു. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ശിവരാജ് സിങ് ചൗഹാൻ, വസുന്ധര രാജെ, എം.എൽ.ഖട്ടർ, രമൺ സിങ് എന്നിവരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു. അടുത്തത് യോഗി ആദിത്യനാഥാണ്. ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ 2 മാസത്തിനകം ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ മാറ്റും. അമിത് ഷായ്ക്ക് വേണ്ടിയാണ് മോദി വോട്ട് ചോദിക്കുന്നത്. മോദിയുടെ ഗ്യാരന്റി അമിത് ഷാ നടപ്പാക്കുമോ?" കേജ്രിവാൾ ചോദിച്ചു.