- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വരുണിന് സീറ്റ് നിഷേധിച്ചപ്പോൾ അമ്മ എന്ന നിലയിൽ സങ്കടം തോന്നി': മേനക ഗാന്ധി
സുൽത്താൻപുർ: വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതികരണവുമായി അമ്മയും ബിജെപി സ്ഥാനാർത്ഥിയുമായ മേനക ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ വിമർശിച്ചതിനെ തുടർന്നായിരിക്കാം സീറ്റ് നിഷേധിച്ചതെന്ന് അവർ പറഞ്ഞു.
മറ്റൊരു കാരണവും പ്രത്യക്ഷത്തിൽ കാണാനില്ലെന്നും വരുണിന് സീറ്റ് നിഷേധിച്ചത് അമ്മ എന്ന നിലയിൽ സങ്കടപ്പെടുത്തിയെന്നും മനേക പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. പിലിബിത്തിലെ സിറ്റിങ് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു.
"വരുണിന് സീറ്റ് നിഷേധിച്ചപ്പോൾ അമ്മ എന്ന നിലയിൽ വളരെ സങ്കടം തോന്നി. ഇത്തവണയും പിലിബിത്തിൽ നിർത്തണമെന്ന് മണ്ഡലത്തിൽനിന്നുതന്നെ ആവശ്യം ഉയർന്നു. എന്നാൽ പാർട്ടിയാണ് തീരുമാനം എടുത്തത്. പിലിബിത്തും ഇന്ത്യയുമാണ് വരുണിന്റെ കർമഭൂമി" അവർ വ്യക്തമാക്കി.
നിലവിൽ ബിജെപിയുടെ സുൽത്താൻപുർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് മേനക. സമാജ്വാദി പാർട്ടിയുടെ റാം ഭുവൽ നിഷാദ് ആണ് എതിർസ്ഥാനാർത്ഥി. മേനകയ്ക്കായി പ്രചാരണത്തിന് ഇറങ്ങണമെന്ന് വരുൺ ഗാന്ധിക്ക് ആഗ്രഹമുണ്ടെങ്കിലും തീരുമാനം എടുത്തിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
മെയ് 25നാണ് സുൽത്താൻപുരിലെ തിരഞ്ഞെടുപ്പ്. ഏപ്രിൽ 19നായിരുന്നു പിലിബിത്തിലെ വോട്ടെടുപ്പ്. ബിജെപിക്കായി ജിതിൻ പ്രസാദയാണ് മത്സരിച്ചത്. 1996 മുതൽ പിലിബിത്ത് മേനകയുടെയോ വരുണിന്റെയോ കൈവശമായിരുന്നു. സമാജ്വാദി പാർട്ടിയുടെ റാം ഭുവൽ നിഷാദിനെതിരെയാണ് മനേക മത്സരിക്കുന്നത്. എന്നാൽ, ഇതുവരെ വരുൺ മനേകക്ക് വേണ്ടി പ്രചാരണത്തിനെത്തിയില്ലെന്നതും ശ്രദ്ധേയമാണ്.