- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ ഗാന്ധി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദൻ ബി. ലോകൂർ, ഡൽഹി ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം എന്നിവർ ചേർന്ന് നേരത്തെ ഇരുവരേയും പൊതുസംവാദത്തിന് ക്ഷണിച്ചിരുന്നു. ഈ സംവാദത്തിന് സമ്മതമെന്നുകാണിച്ചാണ് രാഹുൽ മറുപടി നൽകിയിരിക്കുന്നത്.
താനോ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോ സംവാദത്തിൽ പങ്കെടുക്കുമെന്ന് രാഹുൽ പറഞ്ഞു. ഇത്തരം സംവാദങ്ങൾ തങ്ങളുടെ വീക്ഷണം മനസ്സിലാക്കാൻ ജനങ്ങളെ സഹായിക്കുമെന്നും രാഹുൽ പറഞ്ഞു. മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തിന് മറുപടി നൽകുകയായിരുന്നു രാഹുൽ.
സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് മദൻ ബി ലോകുർ, ഹൈക്കോടതി മുൻ ജസ്റ്റിസ് അജിത് പി ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം എന്നിവരാണ് രാഹുൽ ഗാന്ധിയെയും നരേന്ദ്ര മോദിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ചത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മോദി സംവാദത്തിന് തയ്യാറാകുമോ എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
സംവാദത്തിനായുള്ള ക്ഷണക്കത്തിന് മറുപടിയായി ഔദ്യോഗിക ലെറ്റൽപാഡിൽ സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയാണ് രാഹുൽ ജനങ്ങളുമായി പങ്കുവെച്ചത്. ഇതുസംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയെന്നും അദ്ദേഹത്തിൽനിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും രാഹുൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
തിരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികൾ മത്സരിക്കുമ്പോൾ തങ്ങളുടെ നേതാക്കളെ നേരിട്ട് കേൾക്കാൻ പൊതുജനങ്ങൾ അർഹിക്കുന്നുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള ഒരു സംവാദം തങ്ങളുടെ കാഴ്ചപ്പാട് ശരിയായ രീതിയിൽ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഇരുകക്ഷികൾക്കും ഏറെ സഹായകരമാകും. ഈ ഒരു ഉദ്യമത്തെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും രാഹുൽ ക്ഷണത്തിന് അയച്ച ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കുന്നു.
പ്രധാന പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അവരുടെ നേതാക്കൾക്ക് പറയുന്നത് നേരിട്ട് കേൾക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. താനോ കോൺഗ്രസ് അധ്യക്ഷനോ സംവാദത്തിൽ പങ്കെടുക്കാൻ തയ്യാറാണ്. ഖർഗെയുമായി താൻ ഇക്കാര്യം ചർച്ച ചെയ്തുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. എപ്പോഴാണ് പ്രധാനമന്ത്രിക്ക് സമ്മതമാകുക എന്ന് അറിയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ചരിത്രപരവും ഗുണകരവുമായ സംവാദത്തിനായി താൻ ഉറ്റുനോക്കുന്നുവെന്നും രാഹുൽ മറുപടി കത്തിൽ കുറിച്ചു.
രാജ്യത്ത് വിവിധ മേഖലകളിൽ ജോലി സേവനമനുഷ്ഠിച്ചവരെന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടിയാണ് സംവാദത്തിന് ക്ഷണിക്കുന്നതെന്നാണ് കത്തിൽ മദൻ ബി ലോകുർ, അജിത് പി ഷാ, എൻ റാം എന്നിവർ കുറിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഓരോ പൗരനും വേണ്ടിയാണ് ഈ കത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞിരിക്കെ ഇരു നേതാക്കളും ഭരണഘടനാ ജനാധിപത്യത്തിന്റെ കാതൽ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടി.
സംവരണം, ആർട്ടിക്കിൾ 370, സമ്പത്ത് വിതരണം എന്നിവയിൽ പ്രധാനമന്ത്രി കോൺഗ്രസിനെ പരസ്യമായി വെല്ലുവിളിച്ചു. ഭരണഘടനയെ വികലമാക്കൽ, ഇലക്ടറൽ ബോണ്ട് പദ്ധതികൾ, ചൈനയോടുള്ള സർക്കാരിന്റെ പ്രതികരണം എന്നിവയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയോട് ചോദ്യം ഉന്നയിച്ചു. അദ്ദേഹം മോദിയെ പൊതു സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കത്തെന്നും ഇവർ വ്യക്തമാക്കി.
തെറ്റായ വിവരങ്ങൾ പ്രചരിക്കാനും തെറ്റിദ്ധരിപ്പിക്കപ്പെടാനും സാധ്യതയുള്ള സൈബർ ലോകത്താണ് നാം ജീവിക്കുന്നത്. അതിനാൽ, വോട്ടിങ്ങിലൂടെ ആരെ തിരഞ്ഞെടുക്കണമെന്ന് കൃത്യമായി തീരുമാനിക്കാൻ പൗരനെ പ്രാപ്തമാക്കാനും സംവാദം സഹായിക്കുമെന്ന് മൂവരും പറയുന്നു. ഇരു നേതാക്കളുടെയും സൗകര്യാനുസരണം വേദി, തീയതി എന്നിവ തീരുമാനിക്കാമെന്നും പറഞ്ഞാണ് മദൻ ബി ലോകുർ, അജിത് പി ഷാ, എൻ റാം എന്നിവർ കത്ത് അവസാനിപ്പിക്കുന്നത്.