- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താൻ മോദിക്ക് സമയമില്ല'
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാക്കൾ. രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ എന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ചോദ്യം. മോദിയെ പോലുള്ള ഒരാളുമായി സംവാദം നടത്താൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമോ എന്നും അവർ ചോദിച്ചു.
സ്വന്തം മണ്ഡലം എന്നുപറയപ്പെടുന്ന ഇടത്തുനിന്ന് ഒരു സാധാരണ ബിജെപി പ്രവർത്തകനോടു മത്സരിക്കാൻ ധൈര്യമില്ലാത്ത വ്യക്തിയാണു രാഹുലെന്നും പ്രധാനമന്ത്രിയെ പോലൊരു വ്യക്തിയുമായി സംവാദം നടത്താൻ മാത്രം രാഹുൽ ഗാന്ധി ആരാണ്, ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആണോ എന്നുമായിരുന്നു അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയായ സ്മൃതിയുടെ ചോദ്യം. പ്രധാനമന്ത്രി മോദിയെ പോലെ ഒരാളോട് സംവാദം നടത്തണമെന്ന് പറയുന്ന താങ്കൾ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ എന്നും അവർ ചോദിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിന് തയ്യാറാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.
രാഹുൽ ഗാന്ധി ആരാണെന്നും എന്തിന് മോദി ഇദ്ദേഹവുമായി സംവാദം നടത്തണം എന്നുമായിരുന്നു ബിജെപി എംപി തേജസ്വി സൂര്യയുടെ ചോദ്യം. രാഹുൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി പോലുമല്ല. താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പ്രഖ്യാപിക്കുകയും പാർട്ടി തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രാഹുൽ ഗാന്ധി പറയട്ടെ. എന്നിട്ട് മോദിയെ സംവാദത്തിന് ക്ഷണിക്കൂ. അതുവരെ താങ്കളുമായുള്ള ഏതു സംവാദത്തിനും ഞങ്ങളുടെ പാർട്ടി വക്താക്കളെ പറഞ്ഞയക്കുന്നതായിരിക്കും, തേജസ്വി സൂര്യ പരിഹസിച്ചു.
മുൻ കോൺഗ്രസ് നേതാവും ബിജെപി ദേശീയ വക്താവുമായ ജയ്വീർ ഷെർഗിലും രാഹുലിനെ കടന്നാക്രമിച്ചു. പാർലമെന്റിൽ രാഹുലിന്റെ ഹാജർനില ഉൾപ്പെടയുള്ള കാര്യങ്ങൾ നിരത്തിയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. പാർലമെന്റിൽ നിന്നും അമേഠിയിൽ നിന്നും പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്നും ഉത്തരവാദിത്തം വലിച്ചെറിഞ്ഞ് ഒളിച്ചോടിയ ആളാണ് മോദിയുമായി സംവാദത്തിന് വന്നിരിക്കുന്നത്. ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താൻ മോദിക്ക് സമയമില്ലെന്നും ആഗ്രഹിക്കുന്ന കാര്യത്തിന് അർഹതയുണ്ടോയെന്ന് സ്വയം പഠിക്കണമെന്നും ജയ്വീർ ഷെർഗിൽ പറഞ്ഞു.
സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി.ലോകൂർ, മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി.ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം എന്നിവരാണ് ഇരുവരെയും സംവാദത്തിനു ക്ഷണിച്ചത്. ഇതു സംബന്ധിച്ചു നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും മൂവരും ചേർന്നു കത്തെഴുതിയിരുന്നു. ഈ മാസം 9ന് എഴുതിയ കത്തിനു മറുപടിയായി ഔദ്യോഗിക ലെറ്റർ പാഡിൽ സമ്മതം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് എക്‌സ് പ്ലാറ്റ്ഫോമിലാണു രാഹുൽ പങ്കുവച്ചത്. താനോ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നു രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി സമ്മതം അറിയിച്ചാൽ മറ്റു വിവരങ്ങൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
"നിങ്ങളുടെ ക്ഷണത്തെക്കുറിച്ച് ഞാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ചർച്ച ചെയ്തു. അത്തരം ഒരു സംവാദം ആളുകൾക്ക് നമ്മുടെ നയം മനസ്സിലാക്കാൻ സഹായിക്കുമെന്നും തികഞ്ഞ ബോധ്യത്തോടെ തിരഞ്ഞെടുപ്പിൽ പങ്കുചേരാൻ അവരെ പ്രാപ്തരാക്കുമെന്നും ഞങ്ങൾ സമ്മതിക്കുന്നു. ഞങ്ങളുടെ നേതാക്കളിൽ ആരോപിക്കപ്പെടുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അവസാനിപ്പിക്കേണ്ടതും പ്രധാനമാണ്.
തിരഞ്ഞെടുപ്പിൽ പോരാടുന്ന പ്രധാന പാർട്ടികൾ എന്ന നിലയിൽ, അവരുടെ നേതാക്കളിൽനിന്നു നേരിട്ട് കേൾക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. അതനുസരിച്ച്, ഞാനോ കോൺഗ്രസ് അധ്യക്ഷനോ ഇത്തരമൊരു സംവാദത്തിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കാൻ സമ്മതിച്ചാൽ ചർച്ചയുടെ വിശദാംശങ്ങളും രൂപവും ചർച്ച ചെയ്യാം" രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയെന്നും അദ്ദേഹത്തിൽനിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും രാഹുൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികൾ മത്സരിക്കുമ്പോൾ തങ്ങളുടെ നേതാക്കളെ നേരിട്ട് കേൾക്കാൻ പൊതുജനങ്ങൾ അർഹിക്കുന്നുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള ഒരു സംവാദം തങ്ങളുടെ കാഴ്ചപ്പാട് ശരിയായ രീതിയിൽ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഇരുകക്ഷികൾക്കും ഏറെ സഹായകരമാകും. ഈ ഒരു ഉദ്യമത്തെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും രാഹുൽ ക്ഷണത്തിന് അയച്ച ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.