- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡിഎ 400 സീറ്റ് എങ്ങനെ നേടുമെന്ന് വിശദീകരിച്ച് അമിത് ഷാ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി. കേരളത്തിലും തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കുമെന്നും ഇത്തവണ എൻ.ഡി.എക്ക് 400 സീറ്റ് നേടാനാകുമെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പഞ്ചിമ ബംഗാളിൽ പാർട്ടി 30 സീറ്റ് നേടും. ബിഹാറിൽ 2019-ലെ സ്ഥിതി ആവർത്തിക്കും. ഒഡിഷയിൽ പതിനാറോ അതിൽ കൂടുതലോ സീറ്റുകൾ നേടും. തെലങ്കാനയിൽ പത്തുമുതൽ 12 വരെ എംപിമാർ ബിജെപിക്കുണ്ടാകും. ആന്ധ്രാപ്രദേശിൽ 18 സീറ്റുവരെ നേടുമെന്നും അമിത് ഷാ അവകാശപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി. മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. ഇത്തവണ എൻ.ഡി.എക്ക് 400 സീറ്റ് എങ്ങനെ സാധ്യമാവുമെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് അമിത് ഷാ അവകാശവാദം ഉന്നയിച്ചത്.
ഭരണഘടനമാറ്റാനാണ് ബിജെപി. 400 സീറ്റിൽ കൂടുതൽ ആവശ്യപ്പെടുന്നത് എന്ന പ്രതിപക്ഷ ആരോപണങ്ങളെ അമിത് ഷാ തള്ളി. 2014 മുതൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം എൻ.ഡി.എയ്ക്കുണ്ടായിരുന്നു. എന്നാൽ ഒരിക്കലും അത് ചെയ്തില്ല. പത്തുവർഷത്തിനിടെ സംവരണത്തിൽ തങ്ങൾ തൊട്ടിട്ടുപോലുമില്ല. രാമക്ഷേത്രം വിശ്വാസവുമായി ബന്ധപ്പെട്ടകാര്യമാണ്, അത് ഒരിക്കലും തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
'ഏകസിവിൽകോഡ് വലിയ പരിഷ്‌കരണമാണ്. ഉത്തരാഖണ്ഡ് അത് നടപ്പാക്കി. മുസ്ലിം പ്രതിനിധികൾ അടക്കം അതിനെ എതിർത്തു. രാജ്യത്ത് ഉടനീളം അത് നടപ്പാക്കണമെന്നാണ് ഞാൻ കരുതുന്നത്. ഒരിക്കലും നടപ്പാകാൻ പോകാത്ത വാഗ്ദാനങ്ങളാണ് കോൺഗ്രസിന്റേത്. അതുകൊണ്ടാണ് അതിനെ ഞങ്ങൾ ചൈനീസ് ഗ്യാരന്റിയെന്ന് പറയുന്നത്. അവർക്ക് എന്തും പറയാം. എന്നാൽ അത് അവർ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ നടപ്പിലാക്കി കാണിക്കേണ്ടിയിരുന്നു', അമിത് ഷാ പറഞ്ഞു.
അധികാരത്തിലെത്തിയാൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് നടപ്പാക്കും. തിരഞ്ഞെടുപ്പെല്ലാം ഒരുമിച്ചാക്കും എന്നതുമാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തുകയേ ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതെങ്ങനെയാണ് നടക്കാതിരിക്കുക? ഞങ്ങൾ ഇന്ദിരാ ഗാന്ധിയല്ല. അവരാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ കാലാവധി കൂട്ടിയത് അവരാണ്. 1.35 ലക്ഷം ജനങ്ങളെ ഒരു കാരണവുമില്ലാതെ 19 മാസം ജയിലിൽ അടച്ചത് അവരാണ്, രാഹുൽ ഗാന്ധിയുടെ മുത്തശ്ശി. കോൺഗ്രസിന്റെ പ്രസിഡന്റും അവരായിരുന്നു. അടിക്കടി തിരഞ്ഞെടുപ്പ് നടത്തി കൂടുതൽ തുക ചെലവഴിക്കുന്നതിനോട് താൽപര്യമില്ല" അമിത് ഷാ വ്യക്തമാക്കി.
പട്ടികജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങളുടെ സീറ്റ് സംവരണം തട്ടിയെടുത്ത് മുസ്ലിം സമുദായത്തിനു നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സംവരണ വ്യവസ്ഥകൾ മാറ്റുന്നതിനായി ബിജെപി ഒരിക്കലും ഭരണഘടന ഭേദഗതി ചെയ്യാൻ ആഗ്രഹിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷമായി ഭരണഘടന ഭേദഗതി ചെയ്യാൻ തക്ക ശക്തി പാർലമെന്റിൽ എൻഡിഎയ്ക്കുണ്ട്. എന്നാൽ ബിജെപി ഒരിക്കലും അതിനു മുതിർന്നിട്ടില്ല. ആർട്ടിക്കിൾ 370, രാമക്ഷേത്രം, ഏക സിവിൽ കോഡ് തുടങ്ങി ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സങ്കൽപ്പ പത്രയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച്, കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് പട്ടികജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങളുടെ ക്വോട്ട കുറച്ചാണ് മുസ്ലിംകൾക്ക് സംവരണം നൽകിയത്.
ഏക സിവിൽ കോഡ് കേന്ദ്രത്തിന്റെ വലിയ തീരുമാനം ആയിരുന്നു. മുത്തലാഖ്, ആർട്ടിക്കിൾ 370 തുടങ്ങിയവയും. രാമക്ഷേത്രം എന്നും ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് വിഷയമല്ല. കോൺഗ്രസ് വർഷങ്ങളായി ക്ഷേത്രനിർമ്മാണത്തെ തടസ്സപ്പെടുത്തുകയായിരുന്നു. മോദിജി എങ്ങനെയാണ് ഈ വിഷയം പരിഹരിച്ചതെന്ന് അവർ കണ്ടു. എന്നാൽ കോൺഗ്രസിന് ഇതൊരു തിരഞ്ഞടുപ്പ് വിഷയമാണ്. പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ വന്നില്ല. അവരുടെ വോട്ടുപ്രതീക്ഷകളെ അതു ബാധിക്കുമെന്ന് പേടിയുണ്ടായിരുന്നു. അയോധ്യ സന്ദർശിക്കുന്ന പാർട്ടി നേതാക്കന്മാരെയും അണികളെയും അവർ പുറത്താക്കി. ഇക്കാര്യമെല്ലാം രാമ ഭക്തരിലുണ്ട്.
രാഹുൽ ഗാന്ധിക്ക് എന്തും പറയാം. മറ്റുള്ളവർ പറയാൻ ആവശ്യപ്പെടുന്നതാണ് അദ്ദേഹം പറയുന്നത്. ഹവായ് ചെരുപ്പിനും ബ്രാൻഡഡ് ഷൂസിനും ഒരേ നികുതി ഏർപ്പെടുത്തണമെന്നാണോ അദ്ദേഹം പറയുന്നതെന്നും ജി.എസ്.ടി. സംബന്ധിച്ച വിമർശനത്തോട് അമിത് ഷാ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടിലെ നിലപാടിൽ പുനഃപരിശോധന നടത്തേണ്ട് സുപ്രീംകോടതിയാണ്. ബദൽ ഏർപ്പെടുത്താതെ ഏത് നയവും ഇല്ലാതാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.