- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടുതൽ സീറ്റുകൾ ലഭിച്ചാൽ തൃണമൂൽ കോൺഗ്രസ് ബിജെപിക്കൊപ്പം പോകാൻ സാധ്യത
കൊൽക്കത്ത: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിനുള്ള പിന്തുണ ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. തന്റെ പാർട്ടി ഇപ്പോഴും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് ഹാൽദിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ അവർ വ്യക്തമാക്കി. സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് മമതയുടെ യു ടേൺ.
'ബിജെപിയുടെ പണം വാങ്ങി വോട്ട് ഭിന്നിപ്പിക്കാൻ കോൺഗ്രസും സിപിഎമ്മും നടത്തുന്ന ശ്രമങ്ങൾ ചെറുക്കപ്പെടേണ്ടതുണ്ട്. ഇവിടെ അവർക്ക് വോട്ട് ചെയ്യരുത്. ബംഗാളിൽ സഖ്യമില്ലെന്ന് ഞാൻ നേരത്തേ വ്യക്തമാക്കിയതാണ്. എന്നാൽ ഡൽഹിയിൽ ഞങ്ങൾ സഖ്യത്തിലാണ്. അത് അങ്ങനെ തന്നെ തുടരും. ഞാനാണ് ഇന്ത്യ സഖ്യം സ്ഥാപിച്ചത്. അതിനാൽ തന്നെ സഖ്യത്തെ പിന്തുണയ്ക്കും.' -മമത ബാനർജി പറഞ്ഞു.
ഇന്ത്യ മുന്നണിയെ പുറത്തുനിന്ന് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിച്ചാൽ അവർ ബിജെപിക്കൊപ്പം പോകാനാണ് സാധ്യതയെന്ന് ചൗധരി പരിഹസിച്ചു.
മമതയെ വിശ്വാസമില്ല. പശ്ചിമ ബംഗാളിലെ കോൺഗ്രസുമായുള്ള സഖ്യം തകർത്തത് അവരാണെന്നും ചൗധരി പറഞ്ഞു."എനിക്ക് അവരെ വിശ്വാസമില്ല. സഖ്യം ഉപേക്ഷിച്ച് അവർ ഓടിപ്പോയി. ബിജെപിക്ക് അനുകൂലമായി ഫലം വന്നാൽ അവർ അവരുടെ കൂടെ പോകാൻ സാധ്യതയുണ്ട്."-ചൗധരി പറഞ്ഞു.
പുറത്തുനിന്ന് പിന്തുണക്കുന്നു എന്നാൽ, ഇന്ത്യ സഖ്യം വിജയിച്ച് സർക്കാർ രൂപീകരിക്കുന്ന സാഹചര്യം വന്നാൽ ആ സർക്കാരിൽ ചേരാതെ, സഖ്യകക്ഷികളായി തുടരുമെന്നാണ് മമത വിശദീകരിച്ചത്. ബില്ലുകൾ വരുമ്പോൾ ഇന്ത്യ സഖ്യത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
ഇന്ത്യ സഖ്യം രൂപീകരിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത് താനാണ്. സഖ്യത്തിന് പേര് നൽകിയതും താനാണ്. പക്ഷേ, പശ്ചിമബംഗാളിൽ സിപിഎമ്മും കോൺഗ്രസും ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മമത ബാനർജി കുറ്റപ്പെടുത്തി. എണ്ണാൻ പോലും ആളില്ലാത്ത രീതിയിലേക്ക് ബംഗാളിൽ സിപിഎമ്മും കോൺഗ്രസും എത്തി. ഇവിടെ അവർ ഞങ്ങൾക്കൊപ്പമല്ല. ബിജെപിക്കൊപ്പം നിന്നാണ് ഇരു പാർട്ടികളും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മമത ബാനർജി പറഞ്ഞു.
ബിജെപി 400 സീറ്റിൽ വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, അത് ഒരിക്കലും നടക്കാൻ പോവുന്നില്ല. രാജ്യത്തിന് മുഴുവൻ അറിയാം ബിജെപിയിൽ നിറയെ കള്ളന്മാരാണെന്ന്. ഇന്ത്യ സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ പുറത്ത് നിന്ന് പിന്തുണക്കും. ഞങ്ങളുടെ സഹോദരിമാർക്കും അമ്മമാർക്കും ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ വേണ്ടിയാണ് അത്. തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്നവർക്കും പ്രശ്നങ്ങളുണ്ടാവരുത്. ബിജെപി അധികാരത്തിൽ നിന്ന് പോയാൽ സി.എ.എ പിൻവലിക്കുമെന്നും മമത പറഞ്ഞു. എൻ.ആർ.സി രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കും. ഏകസിവിൽകോഡും നടപ്പിലാക്കില്ലെന്ന് മമത ബാനർജി കൂട്ടിച്ചേർത്തു.