- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജയിച്ചാൽ ജനങ്ങളുടെ സമ്പത്ത് കോൺഗ്രസ്- എസ്‌പി സഖ്യം വോട്ട് ജിഹാദ് ആളുകൾക്ക് നൽകും'
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വീണ്ടും വിവാദ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ്-എസ് പി (സമാജ്‌വാദി ) സഖ്യം ജയിച്ചാൽ ജനങ്ങളുടെ സമ്പത്ത് വോട്ട് ജിഹാദിന്റെ ആളുകൾക്ക് നൽകുമെന്നാണ് പ്രസംഗിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം രാജസ്ഥാനിൽ നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് സമാനമായ പരാമർശം.
യുപിയിലെ ബാരാബങ്കിയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ പുതിയ വിവാദ പ്രസംഗം. കോൺഗ്രസ്-എസ് പി സഖ്യം ജയിച്ചാൽ രാമക്ഷേത്രം ബുൾഡോസർ വച്ച് തകർക്കുമെന്നും മോദി പ്രസംഗിച്ചു. എവിടെയാണ് ബുൾഡോസർ കയറ്റേണ്ടതെന്ന് യോഗിയിൽ നിന്ന് പഠിക്കാനും മോദിയുടെ നിർദ്ദേശം. ജനങ്ങളുടെ സമ്പത്ത് കോൺഗ്രസ്- എസ്‌പി സഖ്യം വോട്ട് ജിഹാദ് ആളുകൾക്ക് നൽകുമെന്ന പരാമർശം യുപിയിലെ ഹാമിർപൂരിലെ പ്രസംഗത്തിലും മോദി ആവർത്തിച്ചു.
കോൺഗ്രസ് ജയിച്ചുവന്നാൽ രാജ്യത്തിന്റെ സമ്പത്ത് മുസ്ലീങ്ങൾക്ക് നൽകുമെന്നായിരുന്നു രാജസ്ഥാനിലെ മോദിയുടെ പ്രസംഗം. കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും അതുകൊടുക്കേണ്ടതുണ്ടോ എന്നും ചോദിച്ചിരുന്നു. വലിയ രീതിയിലുള്ള വിമർശനങ്ങളും ചോദ്യങ്ങളുമാണ് ഈ പ്രസംഗത്തിന് പിന്നാലെ മോദി നേരിടേണ്ടിവന്നത്.
'കോൺഗ്രസും സമാജ് വാദി പാർട്ടിയും അവരുടെ സഖ്യകക്ഷികളുമടങ്ങുന്ന ഇന്ത്യാസഖ്യം അധികാരത്തിലെത്തുന്നപക്ഷം അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതോടെ നമ്മുടെ രാം ലല്ലയ്ക്ക് ടെന്റിലേക്ക് മടങ്ങേണ്ടിവരും. എവിടെയൊക്കെ ബുൾഡോസർ ഓടിക്കണമെന്നും എവിടെയൊക്കെ ഓടിക്കരുതെന്നും അവർ യോഗി ജി (യോഗി ആദിത്യനാഥ്)യിൽനിന്ന് പഠിക്കേണ്ടിയിരിക്കുന്നു", മോദി പറഞ്ഞു.
പാർട്ടിവിരുദ്ധ പരാമർശങ്ങൾ നടത്തിയതിനേത്തുടർന്ന് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുപിന്നാലെ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട ആചാര്യ പ്രമോദ് കൃഷ്ണവും രാമക്ഷേത്രത്തിനെതിരേ കോൺഗ്രസും രാഹുലും പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നതായി ആരോപിച്ചിരുന്നു. ഇതിന് സമാനമായാണ് മോദി ഇന്ത്യാ സഖ്യത്തിനെതിരേ ആരോപണമുന്നയിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ കോൺഗ്രസ്- സമാജ്വാദി പാർട്ടി സഖ്യത്തേയും മോദി കടന്നാക്രമിച്ചു. പ്രീണനരാഷ്ട്രീയത്തിന്റെ അടിമകളായി മാറിയിരിക്കുകയാണ് കോൺഗ്രസും സമാജ്വാദി പാർട്ടിയും എന്ന് മോദി പറഞ്ഞു. ജനങ്ങളുടെ മുമ്പാകെ താൻ സത്യം തുറന്നുകാട്ടുമ്പോൾ ഹിന്ദുക്കളേയും മുസ്ലിങ്ങളേയും ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണന്നാണ് തനിക്കെതിരേ അവർ ആരോപിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
ജൂൺ നാല് എന്ന ദിവസം അത്ര അകലെയല്ലെന്നും തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. ഹാട്രിക് വിജയം നേടുകയും മൂന്നാമതും അധികാരത്തിലെത്തുകയും ചെയ്യുന്നതോടെ എല്ലാ സംശയവും ദൂരീകരിക്കപ്പെടുകയും ചെയ്യുമെന്നും മോദി പറഞ്ഞു. മുത്തലാഖ് നിർത്തലാക്കിയതോടെ രാജ്യത്തിന്റെ പകുതിയോളം ജനത ബിജെപിയോടൊപ്പമാണെന്നും മോദി കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ആത്മാർഥതയോടെ പ്രവർത്തിക്കുന്ന പ്രതിനിധികളേയാണ് ആവശ്യമെന്നും താമരയ്ക്ക് വോട്ട് ചെയ്താൽ മാത്രമേ അത് സാധ്യമാകൂവെന്നും മോദി പറഞ്ഞു. 100 സിസി എൻജിൻ കൊണ്ട് 1000 സിസി ബൈക്കിന്റെ വേഗത സാധ്യമാകുമോയെന്നും മോദി ഇന്ത്യസഖ്യത്തെ പരിഹസിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ വിദേശത്തേക്ക് പോകുന്നതിനായി കോൺഗ്രസ്, സമാജ്വാദി നേതാക്കളായ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും ടിക്കറ്റ് ബുക്ക് ചെയ്തതായി താനറിഞ്ഞതായി ഫത്തേപുരിൽ നടന്ന പ്രചാരണപരിപാടിയിൽ മോദി പറഞ്ഞു. "അവരുടെ സ്വപ്നങ്ങൾ തകർന്നുകഴിഞ്ഞു, ഇന്ത്യസഖ്യത്തിന്റെ പരാജയത്തിന് രാഹുലിനേയും യാദവിനേയുമായിരിക്കും കുറ്റപ്പെടുത്തുന്നത്. അതുകൊണ്ടാണ് അവർ വിദേശത്തേക്ക് കടക്കുന്നത്", മോദി പറഞ്ഞു.
അഴിമതി കാണിക്കാനാണ് രാഹുലും യാദവും രാഷ്ട്രീയത്തിൽ തുടരുന്നതെന്നും തങ്ങളുടെ വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ കുറ്റവാളികളേയും മാഫിയകളേയും പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസും സമാജ്വാദി പാർട്ടിയും ഭീകരവാദികളോട് ആഭിമുഖ്യം പുലർത്തുന്നവരാണെന്നും മോദി ആരോപിച്ചു.