ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള സഖ്യനീക്കത്തിൽ കോൺഗ്രസ് സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യ സഖ്യത്തിൽ മമതയെ ഉൾപ്പെടുത്തണോ എന്നത് തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്, കോൺഗ്രസ് ബംഗാൾ അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയല്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഹൈക്കമാൻഡാണ് പാർട്ടിയെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത്. അത് അനുസരിക്കണമെന്നും ഖാർഗെ ഓർമിപ്പിച്ചു.

ബംഗാളിൽ തൃണമൂലും കോൺഗ്രസും സഖ്യത്തിലല്ല മത്സരിക്കുന്നത്. സംസ്ഥാനത്ത് ഇരുപാർട്ടി നേതാക്കളും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നുവരുന്നതിനിടെയാണ് ഖാർഗെയുടെ പ്രതികരണം.
ഇന്ത്യ സഖ്യം അധികാരത്തിൽ വരികയാണെങ്കിൽ മമതയുടെ പിന്തുണ സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനാണ് ഖാർഗെ ഈ രീതിയിൽ പ്രതികരിച്ചത്. ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ അനുസരിക്കാത്തവർ പുറത്തുപോകുമെന്നും ഖർഗെ പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബിജെപിയിലേക്ക് പോയേക്കുമെന്ന അധീർ രഞ്ജൻ ചൗധരിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഖർഗെ.

മമത ബാനർജി ഇന്ത്യ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരുണ്ടാക്കാനായാൽ അതിൽ പങ്കാളിയാകുമെന്നും അവർ പറഞ്ഞിട്ടുണ്ട്. അവർ ഇന്ത്യാ സഖ്യത്തിനൊപ്പമാണ് എന്നതുതന്നെയാണ് അതിനർഥം. ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കാൻ അധീർ രഞ്ജൻ ചൗധരി ആരുമല്ലെന്നും ഖർഗെ വ്യക്തമാക്കി. മുംബൈയിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു ഖാർഗെ.'മമത മുന്നണിയുടെ ഭാഗമാണ്. അധീർ രഞജൻ ചൗധരി സഖ്യം സംബന്ധിച്ച് തീരുമാനിക്കാൻ ആളല്ല. കോൺഗ്രസ് പാർട്ടിയും അതിന്റെ നേതൃത്വവുമാണ് സഖ്യം തീരുമാനിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി ആരെങ്കിലും നിന്നാൽ അവർ പുറത്തുപോകും'ഖാർഗെ പറഞ്ഞു.

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ തൃണമൂൽ സർക്കാരിലുണ്ടാകുമെന്നും ഖാർഗെ വ്യക്തമാക്കി. ഒന്നാം യുപിഎ സർക്കാരിൽ ഇടത് പാർട്ടികൾ കോൺഗ്രസിനെ പുറത്ത് നിന്ന് പിന്തുണച്ചിരുന്നതായും ഖാർഗെ ചൂണ്ടിക്കാട്ടി. നേരത്തെ അധീർ മമതയ്ക്കും തൃണമൂലിനുമെതിരെ നടത്തിയ പ്രസംഗം വിവാദമായിരുന്നു. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധീറിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇതിന്റെ വീഡിയോ തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്തുവിട്ടതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരുന്നു.

ഇതിനിടെ മമതയ്ക്കെതിരായ തന്റെ വിമർശനങ്ങൾ വ്യക്തിപരമല്ലെന്ന് അധീർ ചൗധരി പ്രതികരിച്ചു. 'എന്റെ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന ഒരാളുമായി ചേരാൻ എനിക്ക് കഴിയില്ല. മമതയ്‌ക്കെതിരായ എന്റെ പോരാട്ടം ധാർമികമാണ്, വ്യക്തിപരമല്ല. ബംഗാളിലെ എന്റെ പാർട്ടിയെ സംരക്ഷിക്കാനാണ് എന്റെ വിമർശനം. ഞാൻ കോൺഗ്രസിന്റെ പാദസേവകനാണ്, എന്റെ പോരാട്ടം തടയാൻ കഴിയില്ല' അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു.