- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരണത്തിനായി എത്തേണ്ടതുള്ളതിനാലാണ് സ്ഥാനാർത്ഥിയാകാതിരുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
രാഹുലും താനും മത്സരിച്ചിരുന്നെങ്കിൽ അത് ബിജെപിക്കാകും ഗുണം ചെയ്യുകയെന്നും പ്രിയങ്ക പറഞ്ഞു. 'കഴിഞ്ഞ 15 ദിവസത്തോളമായി ഞാൻ റായ്ബറേലിയിൽ പ്രചാരണത്തിലാണ്. റായ്ബറേലിയുമായി ഞങ്ങളുടെ കുടുംബത്തിന്റെ ദീർഘകാല ബന്ധമാണുള്ളത്. ഞങ്ങൾ ഇവിടം സന്ദർശിച്ച് അവരുമായി സംവദിക്കണമെന്നാണ് റായ്ബറേലിക്കാർ ആഗ്രഹിക്കുന്നത്. റിമോർട്ട് കൺട്രോൾ കൊണ്ട് തിരഞ്ഞെടുപ്പിൽ ജയിക്കാനാകില്ല' പ്രിയങ്ക കൂട്ടിച്ചേർത്തു.
'ഞാനും രാഹുലും മത്സരിച്ചിരുന്നെങ്കിൽ രണ്ടുപേർക്കും തങ്ങളുടെ മണ്ഡലങ്ങളിൽ ഏറ്റവും ചുരുങ്ങിയത് 15 ദിവസമെങ്കിലും ചെലവഴിക്കേണ്ടിവരും. അതുകൊണ്ട് തന്നെ രാജ്യത്തുടനീളം ഒരാൾ പ്രചാരണം നടത്തണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ രണ്ടുപേരും മത്സരിച്ചാൽ അത് ബിജെപ്പിക്കാകും ഗുണം ചെയ്യുക. പാർട്ടിയുടെ പ്രചാരണം ഏറ്റെടുക്കാൻ ആളില്ലാതെവരും' പ്രിയങ്ക പറഞ്ഞു.
ഭാവിയിൽ മത്സരിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് പ്രിയങ്ക ഇങ്ങനെ മറുപടി നൽകി. 'ഞാൻ ഒരിക്കലും ഒരു പാർലമെന്റേറിയനാകുമെന്നോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. അവർ തരുന്ന ഏത് റോളിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആളുകൾ അത്തരത്തിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാൻ മത്സരിക്കും'.
അമേഠിയിൽ നിന്ന് രാഹുൽ ഒളിച്ചോടിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം ആരോപണത്തെയും പ്രിയങ്ക പ്രതിരോധിച്ചു. അമേഠിയും റായ്ബറേലിയും കോൺഗ്രസിന് പ്രിയപ്പെട്ടതാണ്. വൈകാരിക ബന്ധങ്ങളിൽ ഇരുമണ്ഡലങ്ങളും വ്യത്യസ്തമാണ്. 2014-ൽ ഗുജറാത്തിലെ വഡോദരയിൽ മത്സരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് അവിടെനിന്ന് ജനവിധി തേടാതിരുന്നത് ഭയന്നിട്ടാണോയെന്നും പ്രിയങ്ക ചോദിച്ചു.